ഹൈറിച്ച് തട്ടിപ്പ്; ഇഡി നിക്ഷേപകരിലേക്ക് – മൂന്ന് സംസ്ഥാനങ്ങളിൽ വ്യാപക റെയ്ഡ്

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: തൃശ്ശൂർ കേന്ദ്രീകരിച്ച് നടന്ന ഹൈറിച്ച് സാമ്പത്തികത്തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേരളത്തിന് പുറമെ മഹാരാഷ്ട്ര, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലും വ്യാപക റെയ്ഡ് തുടങ്ങിയതോടെ ഹൈറിച്ച് മണിചെയിൻ തട്ടിപ്പിൽ പണം നിക്ഷേപിച്ചവർ അങ്കലാപ്പിൽ. ഹൈറിച്ച് മണിചെയിൻ ശൃംഖലയിൽ ലക്ഷങ്ങളും കോടികളും നിക്ഷേപിച്ചവരുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് ഇ.ഡി. അന്വേഷണം വ്യാപിപ്പിക്കുമെന്ന സൂചനകൾ കൂടി പുറത്തുവന്നതോടെയാണ് നിക്ഷേപകർ പരിഭ്രാന്തിയിലായത്. മികച്ച ലാഭവിഹിതം വാഗ്ദാനം ചെയ്ത് തൃശ്ശൂർ സ്വദേശി കോലാട്ട് ദാസൻ പ്രതാപൻ, ഭാര്യ ശ്രീന പ്രതാപൻ എന്നിവർ നേതൃത്വം നൽകുന്ന ഹൈറിച്ച് കമ്പനി സംസ്ഥാനത്ത് നിന്നും സ്വരൂപിച്ചത് കോടികളാണ്.

കാസർകോട് ജില്ലയിലും നൂറുകണക്കിനാൾക്കാരാണ് ഹൈറിച്ച് മണിചെയിൻ വലയിൽ കുടുങ്ങിയത്. ഉദ്യോഗസ്ഥരും അഭിഭാഷകരും പത്രപ്രവർത്തകരുമടക്കം കണ്ണികളായ മണിചെയിൻ തട്ടിപ്പിലേക്ക് വിദേശത്ത് നിന്നും നിക്ഷേപമെത്തിയെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തട്ടിപ്പിനെക്കുറിച്ച് അന്വേഷണമാരംഭിച്ചത്. കഴിഞ്ഞ ദിവസം കണ്ണൂർ പഴയങ്ങാടി കണ്ണപുരം ചുണ്ടയിൽ ഇ.ഡി. സംഘമെത്തി പരിശോധന നടത്തിയിരുന്നു. ചുണ്ട, കാട്ടിത്തറയിലെ ഫിജീഷ് കുമാറിന്റെ വീട്ടിലാണ് ഇ.ഡി. റെയ്ഡ് നടന്നത്.

ഫിജീഷ് കുമാർ ഹൈറിച്ചിന്റെ ഏജന്റാണ്. ഇത്തരത്തിലുള്ള നിരവധി ഏജന്റുമാർ കണ്ണൂർ, കാസർകോട് ജില്ലകളിലുണ്ട്. ഇ.ഡി. അന്വേഷണം ഏജന്റുമാരിലേക്കും ഇടനിലക്കാരിലേക്കും നീണ്ടതോടെ കാസർകോട് ജില്ലയിലെ ഹൈറിച്ച് ഇടനിലക്കാർ പരിഭ്രാന്തിയിലാണ്. വടകര സ്വദേശിയായ റിട്ടയേർഡ് പോലീസുദ്യോഗസ്ഥന്റെ പരാതിയെത്തുടർന്ന് ഹൈറിച്ച് എംഡി, കോലാട്ട് ദാസൻ പ്രതാപന്റെയും ഭാര്യ ശ്രീന പ്രതാപന്റെയും തൃശ്ശൂരിലെ സ്വത്തുക്കൾ കോടതി കണ്ടുകെട്ടാൻ ഉത്തരവിട്ടിരുന്നു.

ഹൈറിച്ചിൽ വൻതുക നിക്ഷേപിച്ച് വഞ്ചിതരായവരിൽ പലരും തങ്ങൾക്ക് നേരിട്ട ചതിയെക്കുറിച്ച് പുറത്ത് പറയാനാവാത്ത അവസ്ഥയിലാണ്. ഹൈറിച്ചിൽ കോടികളും ലക്ഷങ്ങളും നിക്ഷേപിച്ചവർ തങ്ങളുടെ വരുമാന സ്രോതസ് കൂടി ഇ.ഡിയുടെ മുന്നിൽ വെളിപ്പെടുത്തേണ്ടി വരുമെന്നാണ് സൂചന.

LatestDaily

Read Previous

പ്രസവിക്കാന്‍ പോകും മുമ്പ് ഊരി നല്‍കിയ സ്വർണ്ണാഭരണങ്ങള്‍ ബന്ധു തിരിച്ചു നല്‍കിയില്ല

Read Next

പേരമകളെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ; 16കാരനെ പീഡിപ്പിച്ചയാളെ തെരയുന്നു