ന്യൂനപക്ഷവും സിപിഎമ്മിനെ കൈവിട്ടു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: കാസർകോട്ടെ റിയാസ് മൗലവി വധക്കേസ്സിലെ പ്രതികളെ കോടതി വെറുതെവിട്ടത് സർക്കാർ ബിജെപിയുമായുണ്ടാക്കിയ രഹസ്യധാരണയുടെ ഫലമാണെന്ന പ്രചാരണം കാസർകോട്ട് ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ പ്രതികൂലമായി ബാധിച്ചുവെന്ന് സംശയമുയരുന്നു.      കാസർകോട്ട് ചൂരിയിൽ ഉറങ്ങിക്കിടന്ന മദ്രസ്സാധ്യാപകൻ റിയാസ് മൗലവിയെ മുറിയിൽക്കയറി വെട്ടിക്കൊന്ന ആർഎസ്എസ് – ബിജെപി പ്രതികളെ കോടതി വിട്ടയച്ചത് പ്രോസിക്യൂഷന്റെ പരാജയം മൂലമാണെന്ന് ആക്ഷേപമുയർന്നിരുന്നു. ബിജെപിയുമായുള്ള രഹസ്യധാരണ പ്രകാരം റിയാസ് മൗലവി വധക്കേസ്സിൽ പ്രോസിക്യൂഷൻ തോറ്റുകൊടുക്കുകയായിരുന്നുവെന്നാണ് കോൺഗ്രസ്സും മുസ്ലിം ലീഗും ആരോപിച്ചത്.

റിയാസ് മൗലവി വധക്കേസ് വിധി സിപിഎമ്മിനെതിരെ ആയുധമാക്കി നവമാധ്യമ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായ പ്രചാരണമുണ്ടായിരുന്നു.കാസർകോട് ജില്ലയിൽ ജമാഅത്തെ ഇസ്ലാമി, മുജാഹിദ്, ഇ.കെ. സുന്നി വിഭാഗങ്ങളിൽപ്പെട്ടവർ ഇത്തരത്തിൽ  പ്രചാരണം നടത്തിയിരുന്നതായി രഹസ്യ വിവരമുണ്ട്. സിപിഎമ്മിന് അനുകൂലമായി ലഭിച്ചിരുന്ന മുസ്ലിം ന്യൂനപക്ഷ വോട്ടുകൾ കോൺഗ്രസ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന് ലഭിക്കാൻ ഈ പ്രചാരണം കാരണമായെന്ന് സംശയമുണ്ട്.

പൗരത്വ ഭേദഗതി നിയമമടക്കം പല വിഷയങ്ങളിലും ന്യൂനപക്ഷങ്ങൾക്കനുകൂലമായ നിലപാടാണ് സർക്കാർ സ്വീകരിച്ചിരുന്നതെങ്കിലും, റിയാസ് മൗലവി വധക്കേസ് വിധിയിൽ സിപിഎമ്മിനെതിരെയുണ്ടായ വികാരം സിപിഎം കാണാതെ പോയെന്നും വിലയിരുത്തപ്പെടുന്നു. വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും, മുസ്ലിം സമുദായത്തിനിടയുണ്ടായ അരക്ഷിതബോധം തീവ്ര നിലപാടുള്ള സംഘടനകൾ മുതലെടുക്കുകയായിരുന്നു.

കാസർകോട് പാർലിമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എം.വി. ബാലകൃഷ്ണന്റെ ദയനീയ പരാജയത്തിന്റെ കാരണങ്ങളെക്കുറിച്ച് അണികൾക്കിടയിൽ ഭി ന്നാഭിപ്രായങ്ങളുയരുമ്പോഴും, പരാജയ കാരണങ്ങളെക്കുറിച്ച് ജില്ലാ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. വിജയമുറപ്പിച്ചിരുന്ന കാസർകോട്ടെ അപ്രതീക്ഷിത പരാജയത്തിന്റെ ഞെട്ടലിൽ നിന്നും നേതൃത്വം ഇതുവരെ മുക്തരായിട്ടില്ല.

LatestDaily

Read Previous

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഉദുമ സ്വദേശികൾ റിമാന്റിൽ

Read Next

ഗഫൂർ ഹാജി മരണം; സ്വർണ്ണമെവിടെയെന്ന ചോദ്യത്തിന് ഇനിയും ഉത്തരമായില്ല