ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മടിക്കൈ പഞ്ചായത്തിലും കാഞ്ഞങ്ങാട് നഗരസഭാ പ്രദേശത്തുമായി തലയെടുപ്പോടെ നിൽക്കുന്ന പ്രകൃതിയുടെ സമ്മാനം ഗുരുവനം കുന്ന് സമീപ ഭാവിയിൽ അപ്രത്യക്ഷമാകാൻ പോകുന്നു. ഇരുന്നൂറ് ഏക്കറിൽ ഉയർന്നു നിൽക്കുന്ന ഗുരുവനം കുന്നിൽ 96 ഏക്കർ സംസ്ഥാന വ്യവസായ വകുപ്പിന് കൈമാറിക്കഴിഞ്ഞു. പ്രകൃതി കനിഞ്ഞു നൽകിയ ഗുരുവനം കുന്ന് വ്യവസായ പാർക്കിന് വേണ്ടി തയ്യാറെടുത്തു വരികയാണ്.
ഭൂമി ഉണ്ടായ കാലം മുതൽ പ്രകൃതിയുടെ സന്തുലനാവസ്ഥ നിലനിർത്തിപ്പോകുന്ന ഗുരുവനം കുന്ന് അങ്ങേയറ്റം പ്രകൃതി രമണീയമാണ്. പടിഞ്ഞാറു ഭാഗം കാഞ്ഞങ്ങാട് നഗരസഭയിലെ പുതുക്കൈ വില്ലേജിലും കുന്നിന്റെ വടക്കു കിഴക്കു ഭാഗം മടിക്കൈ വില്ലേജിലും ഉൾപ്പെടുന്നു. ഗുരഗവനം കുന്നിന്റെ പ്രകൃതി രമണീയത കാലേക്കൂട്ടി കണ്ടറിഞ്ഞ സ്വാമി നിത്യാനന്ദൻ ഈകുന്നിൻ പുറത്ത് 150 വർഷങ്ങൾക്ക് മുമ്പ് 500 ഏക്കർ ഭൂമി വാങ്ങുകയും ഇവിടെ ഏകാന്ത വാസത്തിനും തപസ്സിനും ചെറിയൊരു ആശ്രമം പണിയുകയും ചെയ്തിട്ടുണ്ട്.
ഈ അഞ്ഞൂറേക്കർ ഭൂമി കുന്നിൻ പുറം ഇതിനകം ഫലഭൂയിഷ്ടവും, പച്ചമരുന്നുകളുടെ വിളനിലവുമാണ്. ഗുരുവനം കുന്നിലുള്ള നിത്യാനന്ദാശ്രമത്തിന്റെ പ്രത്യേകതകളിലൊന്ന് ശുദ്ധജലമാണ്. കുന്നിൻ ചെരിവിൽ പണിതീർത്ത ആശ്രമത്തിന്റെ ഭജന ഹാളിനോട് ചേർന്നുള്ള പാറക്കെട്ടിലൂടെ ഏതു കാലാവസ്ഥയിലും ഒഴുകി വരുന്ന ശുദ്ധജലം പ്രതൃതിയുടെ അമൂല്യ സമ്പത്താണ്. മൈസൂരിൽ നിന്നും ദക്ഷിണ കർണാടകയിൽ നിന്നും കോവിഡ് കാലത്തു പോലും വാഹനങ്ങളിൽ സന്ദർശകർ എത്തിച്ചേർന്ന ഗുരുവനം ആശ്രമത്തോട് തൊട്ടുരുമ്മി നിൽക്കുന്ന 96 ഏക്കർ കുന്നിൻ പുറത്താണ് വ്യവസായ ശാലകൾ വരാൻ പോകുന്നത്.
വ്യവസായങ്ങൾ ഗ്രാമങ്ങളിലേക്ക് വരുന്നത് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുതകുമെങ്കിലും, കുന്നിൽ ജേസീബിയുടെ ഭീമൻ കൈകൾ കണക്കിലധികം വീഴുമ്പോൾ, പ്രകൃതി ചിലപ്പോൾ കോപിക്കാനിടയുണ്ട്. കുന്ന് വല്ലാതെ കുത്തിക്കീറി നാമാവശേഷമാക്കുമ്പോൾ, കുന്നിന്റെ നാലു ഭാഗത്തും അധിവസിക്കുന്ന സാധാരണ ജനങ്ങൾക്ക് ചിലപ്പോൾ കുടിവെള്ളം പോലും കനിഞ്ഞു നൽകാൻ പ്രകൃതി മടിച്ചുവെന്ന് വരും.
സംസ്ഥാന വ്യവസായ വകുപ്പിന്റെ കൈകളിൽ എത്തിപ്പെട്ട ഗുരുവനം കുന്നിൽ ചുറ്റു മതിൽ ജോലികൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഈ കുന്നിൻപുറത്ത് പണി കഴിപ്പിച്ച നാലു നില കേന്ദ്രീയ വിദ്യാലയം ഒന്നര വർഷക്കാലമായി തുറന്നു കൊടുക്കാത്തതിന് പിന്നിൽ ശുദ്ധ ജലത്തിന്റെ അപര്യാപ്തത ഒന്നുകൊണ്ടു മാത്രമാണ്. നിലവിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റെറായി പ്രവർത്തിക്കുന്ന കേന്ദ്രീയ വിദ്യാലയത്തിലേക്ക് കുടിനീർ ശേഖരിക്കുന്നത് നിത്യാനന്ദാശ്രമം വകയിലുള്ള വലിയ കിണറ്റിൽ നിന്നാണ്. വ്യവസായ ശാലകൾ വരുമ്പോൾ ധാരാളം ശുദ്ധ ജലം അനിവാര്യമാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ടും, മണ്ണിനെ അഥവാ കുന്നിനെ വല്ലാതെ നോവിക്കാതെയുമായിരിക്കണം. ഗുരുവനം കുന്നിൽ വ്യവസായ ഷെഡ്ഡുകൾ പണിയാൻ എന്നു മാത്രം ബന്ധപ്പെട്ടവരെ ഒാർമിപ്പിക്കുന്നു.