പുതിയ കോട്ടയിൽ തട്ടുകട കേന്ദ്രീകരിച്ച് സമാന്തര ബാർ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: പുതിയ കോട്ടയിൽ  തട്ടുകട കേന്ദ്രീകരിച്ച് നടക്കുന്ന സമാന്തര മദ്യവിൽപ്പനശാലയ്ക്കെതിരെ ഇനിയും നടപടിയായില്ല. കെ.എസ്.ടി.പി. സംസ്ഥാന പാതയിൽ പുതിയ കോട്ടയിലാണ് പോലീസ് സ്റ്റേഷന്റെ വിളിപ്പാടകലെ സമാന്തര മദ്യവിൽപ്പന പൊടിപൊടിക്കുന്നത്.

ദിനംപ്രതി ലിറ്റർ കണക്കിന് മദ്യവിൽപ്പന നടക്കുന്ന തട്ടുകട എക്സൈസ് വകുപ്പും കണ്ടില്ലെന്ന് നടിക്കുകയാണ്. കാഞ്ഞങ്ങാട് കോടതിക്ക് സമീപത്തെ ബിവറേജ് ഔട്ട്ലെറ്റിൽ നിന്നാണ് തട്ടുകടയിലേക്ക് മദ്യം കൊണ്ടുവരുന്നത്. തട്ടുകട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സമാന്തര ബാറിൽ പോലീസുദ്യോഗസ്ഥർ വരെ സന്ദർശകരായുണ്ടെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പുതിയകോട്ട ബിവറേജ് ഔട്ട്ലറ്റിന്റെ മാനേജരുമായി അടുത്ത ചങ്ങാത്തം പുലർത്തുന്ന തട്ടുകടയുടമ ഇവരെ സ്വന്തം വാഹനത്തിൽ ലക്ഷസ്ഥാനത്തെത്തിക്കാറുണ്ടെന്നും ദൃക്സാക്ഷികൾ പറഞ്ഞു.

സർക്കാരിന് ലക്ഷങ്ങൾ ലൈസൻസ് ഫീസടച്ച് കാഞ്ഞങ്ങാട് ടൗണിൽ 4 ബാറുകൾ പ്രവർത്തിക്കുമ്പോഴാണ് പുതിയകോട്ടയിലെ തട്ടുകടയിലെ സമാന്തര ബാർ യാതൊരു തടസ്സവുമില്ലാതെ പ്രവർത്തിക്കുന്നത്. ഇതിന് പിന്നിൽ പോലീസിലെ ചിലരുടെ ഒത്താശയുണ്ടെന്നാണ് പരിസരവാസികൾ ആരോപിക്കുന്നത്. ദിനംപ്രതി ആയിരങ്ങളുടെ മദ്യവിൽപ്പനയാണ് തട്ടുകടയുടെ മറവിൽ നടക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.

LatestDaily

Read Previous

തൃശ്ശൂർ എടുത്ത് സുരേഷ് ഗോപി

Read Next

സി.കെ. ആസിഫിന് അട്ടിമറി വിജയം- കെ.എം.എ. പ്രസിഡന്റായി ചുമതലയേറ്റു