വൈശാഖിന്റെ മരണം കാഞ്ഞങ്ങാട് ഡിവൈഎസ്പി അന്വേഷിക്കും

നടപടി ആക്ഷൻ കമ്മിറ്റി നിവേദനത്തെത്തുടർന്ന്

സ്വന്തം ലേഖകൻ

കാസർകോട്: വെൽഡിംഗ് തൊഴിലാളിയും ചന്തേര മുന്തിക്കോട്ടെ കൃഷ്ണൻ വെളിച്ചപ്പാടിന്റെ മകനുമായ  കെ. വി. വൈശാഖിന്റെ 26,  ദുരൂഹ മരണം സംബന്ധിച്ച വിശദമായ അന്വേഷണത്തിന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയെ പ്രത്യേകമായി ചുമതല ഏൽപ്പിക്കുമെന്ന്  കാസർകോട് ജില്ലാ പോലീസ് മേധാവി പി. ബിജോയ് പറഞ്ഞു.

വൈശാഖിന്റെ മരണത്തിൽ അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് രൂപീകരിച്ച സർവ്വകക്ഷി ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ നേരിട്ടെത്തി നിവേദനം നൽകിയപ്പോഴാണ് അദ്ദേഹം ഈ ഉറപ്പ് നൽകിയത്.  വൈശാഖിന്റെ ഭാര്യ നൽകിയ മൊഴികൾ ലോക്കൽ പോലീസ് റിക്കാർഡ് ചെയ്തില്ലെന്ന വീട്ടുകാരുടെ പരാതിയെ ക്കുറിച്ച് ആക്ഷൻ കമ്മിറ്റി ധരിപ്പിച്ച ആക്ഷേപവും പരിശോധിക്കുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. ആക്ഷൻ കമ്മിറ്റി ചെയർമാൻ രവീന്ദ്രൻ മാണിയാട്ട്, ഭാരവാഹികളായ കരീം ചന്തേര, കെ. മോഹനൻ, ഉദിനൂർ സുകുമാരൻ, പി വി വത്സരാജ് എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.

വെൽഡിംഗ് തൊഴിലാളിയായ വൈശാഖിനെ ഏപ്രിൽ 14-ന് വിഷുദിവസം രാവിലെയാണ് തൃക്കരിപ്പൂർ ബീരിച്ചേരി റെയിൽവേ ഗേറ്റിന് സമീപം കൂലേരിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. പിതാവ് കൃഷ്ണൻ വെളിച്ചപ്പാടിനെ അവസാനമായി ഫോണിൽ വിളിച്ച വൈശാഖ് തന്നെ ചതിച്ച ചങ്കിനെക്കുറിച്ച് പിതാവിനോട് വെളിപ്പെടുത്തിയതിന് ശേഷമാണ് ട്രെയിനിന് മുന്നിൽച്ചാടി ജീവനൊടുക്കിയത്.

LatestDaily

Read Previous

മരത്തിൽ നിന്നും വീണ് പരിക്കേറ്റ രോഗിക്ക് ജില്ലാ ആശുപത്രിയിൽ ക്രൂരമായ അവഗണന

Read Next

കാൽനടയാത്രക്കാരൻ കാറിടിച്ചു മരിച്ചു