നഗരസഭയിൽ ഇരുമുന്നണികളും പ്രതീക്ഷയിൽ

കാഞ്ഞങ്ങാട്: തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞ് ഫലമറിയാൻ മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ ഇരു മുന്നണികൾക്കും വിജയ പ്രതീക്ഷ.  കഴിഞ്ഞ തവണ നഷ്ടമായ നഗരഭരണം തിരിച്ചു പിടിക്കുമെന്ന വാശി യുഡിഎഫിനും, ഭരണത്തുടർച്ചയുണ്ടാകുമെന്ന പ്രതീക്ഷ എൽഡിഎഫിമുണ്ട്. 16 ൽ 13 പുതിയ സ്ഥാനാർത്ഥികളെ കണ്ടെത്തിയാണ് ലീഗ് തെരെഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ ഭരണ സമിതിയിലെ ടി.കെ സുമയ്യ മാത്രമാണ് പഴയ സ്ഥാനാർത്ഥി.

ബാക്കിയുള്ളവരിൽ 13 പേരും പുതിയ സ്ഥാനാർത്ഥികളാണ്. ഇതിൽ മറിയം 2010-ൽ മത്സരിച്ച് വിജയിച്ചിരുന്നു. അത് പോലെ സി.എച്ച് സുബൈദയും 2000- 2005 ഭരണ കാലയളവിൽ മുസ്്ലീം ലീഗിന്റെ കൗൺസിലറായിരുന്നു. 16 കൗൺസിലർമാരിൽ 9 സ്ത്രീകളും 7 പുരുഷൻമാരുമാണ്.  സ്ത്രീകളിൽ മുപ്പതിന് താഴെ വയസ്സുള്ള മൂന്ന് പേരുണ്ട്. 39 ആം വാർഡിൽ മത്സരിക്കുന്ന ആയിശ ബി.എ ഇംഗ്ലീഷ് ബിരുദധാരിയും മോണ്ടിസറി സ്കൂൾ അധ്യാപികയുമാണ്.

എൽ.ഡി.എഫിൽ 13 സി.പി.എം സ്വതന്ത്രമാരും രണ്ട് എല്‍.ഡി.എഫ് സ്വതന്ത്രമാരുമാണ് മത്സര രംഗത്തുണ്ടായിരുന്നത്.  പാര്‍ട്ടി ചിഹനത്തില്‍ 19 പേര്‍ മത്സരിച്ചു. ഐ.എന്‍.എല്‍ 6 സീറ്റിലും സി.പി.ഐ, എല്‍.ജെ.ഡി, കേരള കോണ്‍ഗ്രസ് എം എന്നീ പാര്‍ട്ടികള്‍ ഓരോ സ്ഥാനാര്‍ത്ഥികളെയുമാണ് മത്സരിപ്പിച്ചത്.  2015 -ലെ തദ്ധേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എട്ട് വാർഡുകളിലാണ് 50 വോട്ടിൽ താഴെ ഭൂരിപക്ഷമുള്ളത്. കുശാൽ നഗർ, പട്ടാക്കൽ, മുറിയനാവി, ആറങ്ങാടി, പടന്നക്കാട്, നിലാങ്കര, മധുരങ്കൈ, കാഞ്ഞങ്ങാട് സൗത്ത് തുടങ്ങിയ എട്ടോളം വാർഡുകളിലാണ് 50 വോട്ടിൽ താഴെ ഭൂരിപക്ഷത്തോടെ കഴിഞ്ഞതവണ വിജയിച്ചത്. ഇതിൽ നാല് വാർഡുകളിൽ യു.ഡി.എഫും നാല് വാർഡുകളിൽ എൽ.ഡി.എഫുമാണ് വിജയിച്ചത്.

2015-ൽ സിപിഎമ്മിലെ സന്തോഷ് കുശാൽ നഗർ വിജയിച്ചത് നറുക്കെടുപ്പിലാണ്. പട്ടാക്കൽ വാർഡിൽ നിന്ന് യു.ഡി.എഫിന്റെ ഹസൈനാർ കല്ലൂരാവിയാണ് ഏറ്റവും ചെറിയ വോട്ടിന് ജയിച്ചത്. ഏറ്റവും കൂടുതൽ വോട്ടർമാരുള്ള മണ്ഡലമാണ് പട്ടാക്കൽ. 2300 വോട്ടർമാരാണ് ഇവിടെയുള്ളത്.  പാർട്ടി ശക്തി കേന്ദ്രങ്ങളിലെ റിബലുകൾ ഇരു മുന്നണികൾക്കും തലവേദനയായി. സി.പി.എം ശക്തി കേന്ദ്രമായ അതിയാമ്പൂരിലും ആവിക്കരയിലുമുള്ള വിമതർ പാർട്ടിയെ കുഴക്കി.

ചെയർപേഴ്സൺ സ്ഥാനാർത്ഥിയായ കെ.വി സുജാതക്കെതിരെയാണ് കോൺഗ്രസ് പിന്തുണയോട് കൂടി മുൻ അതിയാമ്പൂർ സിപിഎം കൗൺസിലർ കൂടിയായ പി. ലീല മത്സരിച്ചത്. ലീഗിന്റെ ശക്തി കേന്ദ്രങ്ങളായ ആറങ്ങാടിയിലും ബാവ നഗറിലുമാണ് റിബലുകളുള്ളത്. ആറങ്ങാടിയിൽ ലീഗ് സ്ഥാനാർത്ഥിക്കെതിരെ ലീഗ് നേതാവും ബാങ്ക് ഡയറക്ടുമായ കെ. കെ. ഇസ്മയിലാണ് മത്സരിച്ചത്. ബാവ നഗറിൽ ലീഗ് മണ്ഡലം നേതാവ് ഇബ്രാഹിമാണ് വിമതനായി മത്സരിച്ചത്. വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ ഇരുമുന്നണികളും വിജയ പ്രതീക്ഷ കൈവിടാതെയാണ് ഫലം കാത്തിരിക്കുന്നത്.

LatestDaily

Read Previous

ഇടിച്ചിട്ട വാഹനം കസ്റ്റഡിയിൽ; ഡിവൈഎസ്പിക്ക് ഇന്ന് ശസ്ത്രക്രിയ

Read Next

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ മുഖ്യ ഏജന്റിനെ കക്കൂസിൽ പൂട്ടിയിട്ടു