ആത്മീയ ചൂഷണത്തിനിരയായ മഡിയനിലെ കുടുംബം വ്യാജ സിദ്ധന്റെ മായാവലയത്തിൽ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ആത്മീയ മാർഗ്ഗത്തിലൂടെ പ്രശ്ന പരിഹാരം തേടിപ്പോയ കുടുംബനാഥനെയും ഭാര്യയെയും യുവതികളായ മക്കളെയും വ്യാജ സിദ്ധൻ വലയിലാക്കി. അജാനൂർ മഡിയനിലെ അറിയപ്പെടുന്ന കുടുംബാംഗവും ആദ്യകാല പ്രവാസിയും ഭൂവുടമയുമായ കുടുംബനാഥനെയും കുടുംബത്തെയുമാണ് ഇക്കഴിഞ്ഞ ചെറിയ പെരുന്നാളിന് ഒരാഴ്ച മുമ്പ് മാണിക്കോത്തെ വീട്ടിൽ നിന്നും കാണാതായത്.

തുടർന്നുള്ള അന്വേഷണത്തിലാണ് വീടുവിട്ടിറങ്ങിയ കുടുംബം കണ്ണൂർ ജില്ലയിലെ കക്കാട് എന്ന പ്രദേശം കേന്ദ്രീകരിച്ച് ആത്മീയ ചികിത്സ നടത്തിവരുന്ന ഒരു വ്യാജ സിദ്ധന്റെ വലയത്തിലകപ്പെട്ടതായുള്ള വിവരം  ബന്ധുക്കൾക്ക് ലഭിക്കുന്നത്. സിദ്ധന്റെ വലയത്തിലകപ്പെട്ട കുടുംബനാഥന്റെ മാണിക്കോത്തുള്ള ബന്ധുക്കളുടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. സുരക്ഷിതമായ സാമ്പത്തിക ഭദ്രതയും ആധുനിക രീതിയിലുള്ള പാർപ്പിട സൗകര്യങ്ങളും മതബോധവുമുള്ള മുൻ പ്രവാസിയുടെ കുടുംബത്തിന്റെ അപ്രതീക്ഷിതമായ തിരോധാനം അയൽവാസികളിലും നാട്ടുകാരിലും ഉദ്വേഗം സൃഷ്ടിച്ചിരിക്കുകയാണ്.

അതിനിടെ കുടുംബത്തിലെ മൂത്ത മകളുടെ വിവാഹ മോചനവുമായി ബന്ധപ്പെട്ട പ്രശ്നം മറയാക്കി അദ്ദേഹത്തെയും കുടുംബത്തെയും സിദ്ധൻ ചൂഷണം ചെയ്തുവരികയാണെന്നാണ് ബന്ധുക്കളുടെ ആരോപണം. സിദ്ധന്റെ ഇംഗിതത്തിന് വിധേയനായി ദുർബ്ബല നിമിഷത്തിൽ കുടുംബത്തിൽ തകർച്ച സംഭവിക്കുന്നതിന് മുമ്പേ സിദ്ധന്റെ വലയിൽ നിന്നും കുടുംബത്തെ രക്ഷപ്പെടുത്താൻ ഇടപെടണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ മാണിക്കോത്ത് മുസ്ലിം ജമാ അത്ത് കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം മാണിക്കോത്ത് ജമാ അത്ത് കമ്മിറ്റി ഭാരവാഹികളുൾപ്പെടെ ഒരു സംഘം സിദ്ധന്റെ കക്കാട്ടുള്ള ആത്മീയ കേന്ദ്രത്തിലേക്ക് പുറപ്പെട്ടെങ്കിലും, സംഘം അവിടെയെത്തുമ്പോഴേക്കും മഡിയനിലെ കുടുംബത്തെയും കൂട്ടി സിദ്ധൻ മറ്റൊരു താവളത്തിലേക്ക് രക്ഷപ്പെടുകയായിരുന്നു. പിന്നീട് നാട്ടുകാരായ ചിലരോട് സിദ്ധനെക്കുറിച്ചന്വേഷിച്ചപ്പോഴാണ് വസ്തു ഇടനിലക്കാരനായിരുന്ന സിദ്ധന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.

LatestDaily

Read Previous

മംഗളൂരു പീഡനം: പുല്ലൂരിലെ ജിം പരിശീലകൻ റിമാന്റിൽ

Read Next

പടന്ന സിപിഎം ലോക്കൽ സ്റ്റേഷൻ മാർച്ച് ജില്ലാ നേതൃത്വം അറിയാതെ