കുഴി മൂടിയില്ല; ഗ്യാസ്പൈപ്പിടുന്ന ജോലി നാട്ടുകാർ തടഞ്ഞു

സ്വന്തം ലേഖകൻ

അജാനൂർ: ഗ്യാസ് പൈപ്പിടുന്നതിന് റോഡരികിൽ കുഴിച്ച കുഴി മൂടുന്നതിൽ അനാസ്ഥ കാണിക്കുന്നതിൽ പ്രതിഷേധിച്ച് ഗ്യാസ് പൈപ്പ് ലൈൻ ഇടുന്ന പ്രവൃത്തി നാട്ടുകാർ തടഞ്ഞു. കാഞ്ഞങ്ങാട്—കാസർകോട് സംസ്ഥാന പാതയിൽ അതിഞ്ഞാൽ ഷാഫിഖാനയ്ക്ക് സമീപം വിവിധ സ്ഥലങ്ങളിൽ ഗ്യാസ് പൈപ്പ് സ്ഥാപിക്കുന്നതിന് കുഴിച്ച കുഴി പൂർവ്വസ്ഥിതിയിലാക്കാതെ മറ്റൊരു ഭാഗത്ത് കുഴിയുണ്ടാക്കുന്ന പ്രവൃത്തിയാണ് അജാനൂർ  പഞ്ചായത്ത് മുൻ അംഗം പിി. അബ്ദുൽ കരീമിന്റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞത്.

നിലവിൽ കുഴിച്ച കുഴി മൂടിയതിന് ശേഷം അടുത്ത ജോലി ആരംഭിച്ചാൽ മതിയെന്നായിരുന്നു നാട്ടുകാരുടെ നിലപാട്. ഗ്യാസ് പൈപ്പിടുന്നതിനുവേണ്ടി കുഴിച്ച കുഴിയിൽഇരുചക്രവാഹനയാത്രക്കാരും കാൽനടയാത്രക്കാരും വീഴുന്നത് പതിവാണ്. ബൈക്കോടിച്ചുവരുന്നതിനിടെ മറ്റൊരു വാഹനത്തിന് അരിക് നൽകുമ്പോൾ മുൻ പഞ്ചായത്തംഗത്തിന് കുഴിയിൽ വീണ് പരിക്കേറ്റിരുന്നു.

കുഴിയിൽ നിന്നെടുക്കുന്ന മണ്ണ് അലക്ഷ്യമായി ഉപേക്ഷിക്കുന്നത് മൂലം സംസ്ഥാനപാതക്കരികിലെ അഴുക്കുചാൽ മണ്ണ് വീണ് നിറഞ്ഞതിനാൽ ഇക്കഴിഞ്ഞ ദിവസം പെയ്ത മഴയിൽ അതിഞ്ഞാലിലെ റോഡിൽ മുഴുവനും വെള്ളക്കെട്ടായിരുന്നു.  ഇതേത്തുടർന്ന് അഴുക്കുചാലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യാൻ അധികൃതരോടാവശ്യപ്പെടുകയുണ്ടായി. പ്രതിഷേധം ശക്തമായതോടെ ജെസിബി ഉപയോഗിച്ച് അഴുക്കുചാൽ ശുചീകരിച്ചതിന് ശേഷമാണ് പൈപ്പിടൽ ജോലി പുന:രാരംഭിച്ചത്.

LatestDaily

Read Previous

മത്സ്യച്ചന്ത ചെളിക്കുളം; ദുരിതത്തിലായി നീലേശ്വരത്തെ മത്സ്യത്തൊഴിലാളികൾ

Read Next

പെൺകുട്ടിയുടെ സ്വർണ്ണക്കമ്മലുകൾ കൂത്തുപറമ്പ് ജ്വല്ലറിയിൽ പിടിച്ചെടുത്തു