ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
നീലേശ്വരം: മാനം കറുക്കുകയും പുതുമഴ പെയ്യുകയും ചെയ്തതിന് പിന്നാലെ നീലേശ്വരത്തെ തെരുവ് വിളക്കുകൾ മൊത്തമായി കണ്ണടച്ചു. നഗരസഭ സ്ഥാപിച്ച വിളക്കുകാലുകളിലെ വിളക്കുകളും ടൗണിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളും ഒരേപോലെ കണ്ണടച്ചതിനാൽ രാത്രികാല മോഷ്ടാക്കൾക്കും പണിയെളുപ്പമായി.
നീലേശ്വരം കോൺവെന്റ് ജംഗ്ഷൻ മുതൽ നീലേശ്വരം റെയിൽവെ സ്റ്റേഷൻ റോഡ് വരെയുള്ള തെരുവ് വിളക്കുകൾ കത്താതായിട്ട് ദിവസങ്ങളായി. പേരോലിൽ റെയിൽവെ സ്റ്റേഷനിലേക്ക് പോകുന്ന വഴിയിലുള്ള ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തന രഹിതമായിട്ടും ദിവസങ്ങൾ കഴിഞ്ഞു. റെയിൽവെ സ്റ്റേഷൻ പരിസരത്തെ ഹൈമാസ്റ്റ് വിളക്ക് മിഴിയടച്ചതോടെ പുലർകാലങ്ങളിൽ നീലേശ്വരം റെയിൽവെ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിലെത്തേണ്ടവർ ഇരുട്ടിൽ തപ്പിത്തടയുകയാണ്.
നീലേശ്വരം കോൺവെന്റ് റോഡിൽ നിന്നും പട്ടേന ജംഗ്ഷനിലേക്കുള്ള തെരുവ് വിളക്കുകളും, പട്ടേന ജംഗ്ഷനിൽ നിന്നും ബ്ലോക്ക് ഓഫീസ് റോഡിലേക്കുമുള്ള തെരുവ് വിളക്കുകളും പണിമുടക്കിയ നിലയിലാണ്. പള്ളിക്കര റെയിൽവെ മേൽപ്പാലത്തിലെ വിളക്കുകൾ കത്താതായിട്ടും ദിവസങ്ങളായി.
നീലേശ്വരം ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും തളിയിൽ ക്ഷേത്രത്തിലേക്കുള്ള റോഡിലെ തെരുവ് വിളക്കുകളുടെ കാര്യവും തഥൈവ. മോഷണത്തിന് മഴക്കാലം തെരഞ്ഞെടുക്കുന്ന മോഷ്ടാക്കളെ സ്വാഗതം ചെയ്ത് നീലേശ്വരം ഇരുളിൽക്കുളിച്ച് നിൽക്കുമ്പോൾ നഗരസഭാധികൃതർ കടുത്ത നിസ്സംഗതയിലുമാണ്. പൊട്ടിത്തകർന്ന് താറുമാറായ നടപ്പാതകളും കത്താത്ത തെരുവ് വിളക്കുകളുമുള്ള നീലേശ്വരത്തെ രാത്രികാല യാത്ര നരകത്തിലേക്കുള്ള യാത്രയേക്കാൾ ദുഷ്കരമാണെന്നാണ് നീലേശ്വരം നഗരസഭാ നിവാസികളുടെ പരാതി.