ഡയാലിസിസ് രോഗിയെ കണ്ണൂർ ആശുപത്രി വട്ടംകറക്കി – ഇരുപത്തിനാല് മണിക്കൂർ ചികിത്സയ്ക്ക് തട്ടിയെടുത്തത് 51000 രൂപ

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: മാറ്റിവെച്ച വൃക്ക ആറുവർഷത്തിന് ശേഷം പ്രവർത്തനരഹിതമായതിനെത്തുടർന്ന് കഴിഞ്ഞ ഒന്നര വർഷമായി ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ് നടത്തിവരുന്ന  കാഞ്ഞങ്ങാട് സ്വദേശിയെ കണ്ണൂരിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി  വട്ടംകറക്കി. ഈ രോഗിയിൽ നിന്ന് ആശുപത്രികൾ തട്ടിയെടുത്തത് 50,000 രൂപ. ഡയാലിസിസ് ഒരു ദിവസം വൈകിപ്പോയതിനെ തുടർന്ന് മെയ് 27ന് ഞായറാഴ്ച രാത്രി ശ്വാസതടസ്സമനുഭവപ്പെട്ട കാഞ്ഞങ്ങാട്ടെ ലക്ഷ്മിനഗർ സ്വദേശിയെയാണ് വട്ടം കറക്കി 51,000 രൂപ കണ്ണൂർ ആശുപത്രി തട്ടിയെടുത്തത്.

ഞായർ രാത്രി 10 മണിക്കാണ് യുവാവ്  കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലെത്തിയത്. ഒപ്പം ഭാര്യയുമുണ്ടായിരുന്നു. ശ്വാസതടസ്സമാണെന്നും ഡയാലിസിസ് ചെയ്യുന്ന ആളാണെന്നും വൃക്ക മാറ്റിവെച്ചിട്ടുണ്ടെന്നും ഡ്യൂട്ടി ഡോക്ടറായ സ്ത്രീയോട് തുറന്നു  പറഞ്ഞുവെങ്കിലും, ഡയാലിസിസ് ഒരു ദിവസം മുടങ്ങിയ കാര്യം അറിയിച്ചിട്ടും,   ജില്ലാ ആശുപത്രിയിൽ  രാത്രിയിൽ ഡയാലിസിസ്  ഇല്ലെന്നറിയിച്ച് ജില്ലാ ആശുപത്രിയുടെ ആംബുലൻസിൽ  പ്രാണവായു ഘടിപ്പിച്ച് കണ്ണൂരിലെ സ്വകാര്യാശുപത്രിയിലേക്ക് പറഞ്ഞുവിടുകയായിരുന്നു.

ഇതിനകം കാഞ്ഞങ്ങാട്ടെ മറ്റ് അഞ്ചോളം ഡയാലിസിസ് കേന്ദ്രങ്ങളിൽ ഡയാലിസിസിന് വേണ്ടി  രോഗി ബന്ധപ്പെട്ടുവെങ്കിലും, രാത്രി ഡയാലിസിസ് ഇല്ലെന്ന്  കാസർകോട് വരെയുള്ള സ്വകാര്യാശുപത്രികളും  രോഗിയെ അറിയിച്ചിരുന്നു.

പുലർച്ചെ ഒരു മണിയോടെ കണ്ണൂരിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിയ രോഗിയെ ഈ ആശുപത്രിയിൽ എക്സ്റേയും, ഇസിജിയും എടുത്ത ശേഷം അവരുടെ തന്നെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശമുണ്ടായി. പ്രാണവായു നൽകി ഈ ആശുപത്രിയുടെ ആംബുലൻസിൽ രണ്ട് നഴ്സുമാരോടൊപ്പം രോഗിയെ കോഴിക്കോട്ടേക്കയച്ചു. പുലർച്ചെ 4.40 മണിക്കാണ് കോഴിക്കോട്ടെ ആശുപത്രിയിലെത്തിയത്. എത്തിയ ഉടൻ രോഗിയെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. 

കണ്ണൂരിലെ ആശുപത്രിയിൽ 3 മണിക്കൂർ മുമ്പെടുത്ത എക്സ്റേ, ഇ.സി.ജി രക്തപരിശോധന തുടങ്ങിയ പരിശോധനകൾ കോഴിക്കോട്ടെ ആശുപത്രിയിലും പുലർകാലം ആവർത്തിച്ചു. കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ ആംബുലൻസിന് 5180 രൂപയാണ് വാടക ഈടാക്കിയത്. 28ന് തിങ്കളാഴ്ച കോഴിക്കോട്ടെ ആശുപത്രിയിൽ രോഗിയെ ഡയാലിസിസിന് വിധേയനാക്കിയതോടെ രോഗിയുടെ ശ്വാസതടസ്സം പൂർണ്ണമായി മാറിക്കിട്ടി. കോഴിക്കോട്ടെ ആശുപത്രിയിൽ ഈ യുവാവിന്റെ വൃക്ക മാറ്റൽ ചികിത്സ നേരത്തെ നടത്തിയ ഡോക്ടറെ കണ്ടപ്പോൾ, ഡയാലിസിസ് സൗകര്യം കണ്ണൂരിലെ ആശുപത്രിയിൽ തന്നെയുണ്ടായിട്ടും, എന്തിനാണ് കോഴിക്കോട്ടേക്ക് വന്നതെന്ന് ഡോക്ടർ രോഗിയോട് ചോദിച്ചിരുന്നു.

കോഴിക്കോട്ട് ഡയാലിസിസിന് ശേഷം രണ്ടു ദിവസം വീണ്ടും ഇതേ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ സൂക്ഷ്മ നിരീക്ഷണത്തിൽ കഴിയണമെന്ന് കോഴിക്കോട്ടെ ആശുപത്രി അധികൃതർ നിർദ്ദേശിച്ചുവെങ്കിലും, രോഗിക്ക് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയ മുതിർന്ന വിദഗ്ധ ഡോക്ടർ രോഗിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും, ഉടൻ ഡിസ്ചാർജ് ചെയ്യണമെന്നും ആശുപത്രി   അധികൃതർക്ക് നിർദ്ദേശം നൽകിയെങ്കിലും, കോഴിക്കോട്ട് നിന്ന് കാഞ്ഞങ്ങാട്ടേക്കുള്ള യാത്ര ഈ ആശുപത്രിയുടെ സ്വന്തം ആംബുലൻസിൽ തന്നെയായിരിക്കണമെന്ന് ആശുപത്രി അധികൃതർ നിർബ്ബന്ധം പിടിച്ചുവെങ്കിലും, രോഗിയും ഭാര്യയും ആശുപത്രി ബിൽതുക 33914 രൂപ അടച്ചശേഷം ഓട്ടോയിൽ കോഴിക്കോട് റെയിൽവെ സ്റ്റേഷനിലെത്തി ആദ്യം കിട്ടിയ ട്രെയിനിൽ കാഞ്ഞങ്ങാട്ടേക്ക് യാത്രയാവുകയായിരുന്നു.

കണ്ണൂരിൽ ആശുപത്രിയിൽ രോഗിയുടെ നെഞ്ചിന്റെ ഒരു പോർട്ടബിൾ എക്സ്റേ ഫിലിം എടുത്തതിന് 600 രൂപയാണ് ഫീസ്. കണ്ണൂരിൽ നിന്ന് ആംബുലൻസിൽ ഐവി (ഗ്ലൂക്കോസ്) നൽകിയതിന് ആംബുലൻസ് വാടക 5,180 രൂപയ്ക്ക് പുറമെ കണ്ണൂർ ആശുപത്രി ഈടാക്കിയത് 6,609 രൂപയാണ്. രജിസ്ട്രേഷൻ ഫീസ് 50 രൂപയ്ക്ക് പുറമെ ഡോക്ടറുടെ പരിശോധനാ ഫീസ് 250 രൂപ വേറെയും ഇസിജിക്ക് 150 രൂപയും, ഇഡി ഒബ്സർവേഷൻ എന്ന പേരിൽ 250 രൂപ വേറെയും തട്ടിയെടുത്തിട്ടുണ്ട്.

പതിവായി ആഴ്ചയിൽ മൂന്ന് നാൾ ഡയാലിസിസ് ചെയ്ത് സ്വന്തം ജോലികളിൽ  രണ്ടുവർഷമായി സദാ വ്യാപൃതനായി വരുന്ന കാഞ്ഞങ്ങാട്ടെ അമ്പതുകാരനെയാണ് കണ്ണൂരിലെയും ഇവരുടെ തന്നെ കോഴിക്കോട്ടെയും  സൂപ്പർ സ്പെഷ്യാലിറ്റി സ്വകാര്യ ആതുരാലയങ്ങൾ കൊള്ളയടിച്ചത്. ഈ കണ്ണൂർ ആശുപത്രിയിൽ കാസർകോട് ജില്ലയിൽ നിന്നെത്തുന്ന നിരവധി അത്യാസന്ന രോഗികളെ ഈ വിധം മുമ്പും കൊള്ളയടിച്ചിട്ടുണ്ട്.

രോഗി കാഞ്ഞങ്ങാട്ട് കലാ സാംസ്ക്കാരിക മേഖലയിൽ സജീവമാണെങ്കിലും, പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ആഴ്ചയിൽ മൂന്ന് ദിവസം ചെയ്യേണ്ടിയിരുന്ന ഡയാലിസിസ് ഒരു ദിവസം മുടങ്ങിപ്പോയതിനാലാണ് രോഗിക്ക് കണ്ണൂർ – കോഴിക്കോട് ആശുപത്രികളുടെ പകൽക്കൊള്ളയ്ക്കിരയാകേണ്ടി വന്നതെന്നത് ശ്രദ്ധേയമാണ്.

LatestDaily

Read Previous

നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് കുടുംബനാഥന് ദാരുണാന്ത്യം

Read Next

മോഷ്ടാക്കൾക്ക് സ്വാഗതമേകി നീലേശ്വരം നഗരസഭ- തെരുവ് വിളക്കുകൾ കണ്ണടച്ചിട്ട് ദിവസങ്ങൾ