സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: പൂച്ചക്കാട് മുക്കൂട് റോഡിൽ കാലിക്കടവ് പാലത്തിന് മുകളിലെ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് ആഴ്ചകളായെങ്കിലും അധികൃതർക്ക് കണ്ട ഭാവമില്ല. കുടിവെള്ള പൈപ്പിലെ ചോർച്ചയെക്കുറിച്ച് ജല അതോറിറ്റി ഓഫീസിൽ പലതവണ വിളിച്ചറിയിച്ചിട്ടും ഫലമുണ്ടായില്ലെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. രൂക്ഷമായ കുടിവെള്ള ക്ഷാമമുള്ള സമയത്താണ് അധികൃതരുടെ അനാസ്ഥ. കുടിവെള്ള പൈപ്പിന് ചോർച്ചയുള്ള ഭാഗംവഴി മാലിന്യങ്ങൾ അകത്തുകടന്ന് ജലജന്യരോഗങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്നതാണ് നാട്ടുകാരുടെ ആരോപണം. ഒരുമാസം മുമ്പ് ഇതേ പൈപ്പ് പൊട്ടി ചോർച്ചയുണ്ടായിരുന്നു.