മന്ത്രിസ്ഥാനത്തിനായി തോമസ്.കെ.തോമസ് മുഖ്യമന്ത്രിക്ക്കത്ത് നൽകി; എൻ.സി.പി.യിൽ വിഭാഗീയത ശക്തം

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: എൻ.സി.പി. മന്ത്രിയായി തന്നെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് കുട്ടനാട് എം.എൽ.ഏ. തോമസ്.കെ.തോമസ് മുഖ്യമന്ത്രി പിണറായി വിജയന് കത്തുനൽകി. ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജനും തോമസ് കത്ത് നൽകിയിട്ടുണ്ട്. എൻ.സി.പി.യിലുണ്ടായ ധാരണപ്രകാരം ആദ്യത്തെ രണ്ടുവർഷം എ.കെ. ശശീന്ദ്രനും തുടർന്നുള്ള രണ്ടാം വർഷം തോമസ്.കെ.തോമസും മന്ത്രിമാരാണമെന്നാണ് വ്യവസ്ഥയെന്നും ഇപ്രകാരം തന്നെ മന്ത്രിയാക്കണമെന്നുമാണ് കത്തിലെ ഉള്ളടക്കം.

ലോക്സഭാ ഫലപ്രഖ്യാപനം കഴിഞ്ഞാൽ തനിക്കനുകൂലമായ തീരുമാനമുണ്ടാകണമെന്ന് കത്തിൽ ആവശ്യപ്പെടുന്നുണ്ട്.കുട്ടനാട്ടിൽ ഇടത് മുന്നണിക്ക് ലഭിക്കുന്ന ലീഡ് തനിക്കനുകൂലമാകുമെന്നും ഇടത് മുന്നണി കരുത്താർജ്ജിക്കുമെന്നും തോമസ് പ്രതീക്ഷ പുലർത്തുന്നു. രണ്ട് എം.എൽ.ഏ.മാരുള്ളതിനാലാണ് എൻ.സി.പി.ക്ക് അഞ്ച് വർഷം മന്ത്രിപദവി ലഭിക്കുന്നത്. ഒരു എം.എൽ.ഏ.മാത്രമുള്ള പാർട്ടിക്കെല്ലാം രണ്ടര വർഷം വീതമാണ് മന്ത്രി പദവി നൽകിയതും തന്റെ കൂടി പിന്തുണയിലാണ് ശശീന്ദ്രൻ മന്ത്രി പദവിയിൽ തുടരുന്നതെന്നും തോമസ് ചൂണ്ടിക്കാണിക്കുന്നു.

ഘടകകക്ഷികളുടെ മന്ത്രിമാരെ തീരുമാനിക്കാനുള്ള അവകാശം അതാത് പാർട്ടിക്കാണെന്നും ഇക്കാര്യത്തിൽ എൻ.സി.പി. ആവശ്യപ്പെട്ടാൽ മന്ത്രിയെ മാറ്റാമെന്നുമായിരുന്നു സിപിഎം ഇതേവരെ സ്വീകരിച്ച നിലപാട്. എന്നാൽ എൻ.സി.പി. ദേശീയ തലത്തിൽ നേരിടുന്ന പ്രതിസന്ധിയും കേരളഘടകത്തിലുള്ള വിഭാഗീയതയും കാരണം എൻ.സി.പി.യുടെ കേന്ദ്ര ഇടപെടൽ അനിവാര്യമായിരിക്കുന്നുവെന്ന് തോമസ്.കെ.തോമസ് പറയുന്നു.

എൻ.സി.പി. ചിഹ്നത്തിലാണ് തോമസ്.കെ.തോമസും ഏ.കെ. ശശീന്ദ്രനും മത്സരിച്ച് വിജയിച്ചത്. മന്ത്രിസ്ഥാനം രണ്ടരവർഷം വീതം പങ്കുവെക്കുകയെന്നതും ദേശീയ അധ്യക്ഷൻ ശരത്പവാറിന്റെ തീരുമാനമാണെന്നും ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ കേരള നേതാക്കളുമായി ഇക്കാര്യം പങ്കുവെക്കുകയും ധാരണയിലെത്തുകയും ചെയ്തതായി തോമസ്.കെ.തോമസ് അവകാശപ്പെടുന്നുണ്ട്.

പുതിയ പാർട്ടിയായ എൻ.സി.പി.എസിന്റെ നേതാവ് പി.സി.ചാക്കോയ്ക്ക് ഇക്കാര്യത്തിൽ ഫലപ്രദമായി ഇടപഴകാൻ കഴിയാത്തതും തോമസ്.കെ.തോമസ് ചൂണ്ടിക്കാണിക്കുന്നു. മന്ത്രിസ്ഥാനത്തിന് പുറമെ ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങളും   മാറ്റണമെന്ന ആവശ്യവും എൻ.സി.പി.യിൽ ശക്തമാണ്.

LatestDaily

Read Previous

യു.എ.ഇ യിൽ സന്ദർശക വിസക്കാർക്ക് നിബന്ധന കടുപ്പിക്കുന്നു

Read Next

ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് എറണാകുളം സ്വദേശി മരിച്ചു