വ്യാപാരി നേതൃസ്ഥാനം ഒഴിയുന്നതിന് പിന്നിൽ സമ്മർദ്ദമില്ല: സി. യൂസഫ് ഹാജി

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്:  കാഞ്ഞങ്ങാട് മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് പദവിയിൽ നിന്നും പൂർണ്ണ സംതൃപ്തനായാണ് പടിയിറങ്ങുന്നതെന്ന് മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സി. യൂസഫ് ഹാജി. തന്റെ സ്ഥാനമൊഴിയലിന് പിന്നിൽ യാതൊരു സമ്മർദ്ദവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാഞ്ഞങ്ങാട് മർച്ചന്റ് അസോസിയേഷൻ നേതൃത്വം ഭാവി തലമുറയ്ക്ക് കൈമാറുകയെന്ന സദുദ്ദേശ്യം മാത്രമാണ് സ്ഥാനമൊഴിയലിന് കാരണമെന്ന് നിലവിലെ പ്രസിഡണ്ടായ  സി. യൂസഫ് ഹാജി പറഞ്ഞു. കഴിഞ്ഞ തവണ സ്ഥാനമൊഴിയാൻ താല്പര്യം പ്രകടിപ്പിച്ചപ്പോൾ അസോസിയേഷൻ അംഗങ്ങൾ ഒരു വർഷം കൂടി തുടരാനാവശ്യപ്പെട്ടിരുന്നു.

20 വർഷത്തോളം കാഞ്ഞങ്ങാട് മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് പദവി വഹിച്ചിരുന്ന സി. യൂസഫ് ഹാജി മാതൃകാപരമായ പദ്ധതികൾ നടപ്പാക്കിയാണ് സ്ഥാനമൊഴിയുന്നത്. സംസ്ഥാനത്ത് ആദ്യമായി മരണപ്പെടുന്ന വ്യാപാരികൾക്ക് ധനസഹായമേർപ്പെടുത്തിയ തീരുമാനം നടപ്പാക്കിയത് സി. യൂസഫ് ഹാജി നേതൃത്വം നൽകിയ കാഞ്ഞങ്ങാട് മർച്ചന്റ് അസോസിയേഷനാണ്.

വ്യാപാരികൾക്കായി കാഞ്ഞങ്ങാട് മർച്ചന്റ് അസോസിയേഷൻ രൂപീകരിച്ച സോഷ്യൽ സെക്യൂരിറ്റി സ്കീം പ്രകാരം മരണമടഞ്ഞ വ്യാപാരികളുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപയുടെ ധനസഹായം ലഭിക്കും. ഇതിന്റെ ചുവട് പിടിച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതി കാസർകോട് ജില്ലാ കമ്മിറ്റിയും പിന്നാലെ 10 ഓളം ജില്ലാ കമ്മിറ്റികളും മരണമടയുന്ന വ്യാപാരികളുടെ കുടുംബങ്ങൾക്കുള്ള ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചത്.

 കാഞ്ഞങ്ങാട് മർച്ചന്റ് അസോസിയേഷൻ രൂപീകരിച്ച സോഷ്യൽ സെക്യൂരിറ്റി സ്കീം  പ്രകാരം ആറു വർഷത്തിനിടെ മരണമടഞ്ഞ 25 വ്യാപാരികളുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം കൈമാറിയിട്ടുണ്ട്. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി കാഞ്ഞങ്ങാട് മർച്ചന്റ് അസോസിയേഷൻ സാന്ത്വന പരിചരണ മേഖലയിലും മാതൃകാപരമായ ഇടപെടൽ നടത്തിയതായി സി. യൂസഫ് ഹാജി അവകാശപ്പെട്ടു.

LatestDaily

Read Previous

കാഞ്ഞങ്ങാട് സൗത്ത് സ്ക്കൂളിന് സമീപം വയൽ നികത്താൻ ശ്രമം

Read Next

പാചകവാതക ടാങ്കറുകൾ ഭീതി വളർത്തുന്നു