ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്റ്റാഫ് ലേഖകൻ
കാഞ്ഞങ്ങാട്: പത്തു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് മുങ്ങിയ കേസ്സിലെ പ്രതി കുടകിലെ വീട്ടിലുമെത്തിയില്ല. പ്രതിയെ തേടി കുടകിലെത്തിയ പോലീസ് സംഘം മൂന്നുനാൾ കൂടി കുടകിൽ തങ്ങും. ഭാര്യ നൽകിയ 500 രൂപ നോട്ടുമായി ഞാണിക്കടവിലെ വീട്ടിൽ നിന്ന് മെയ് 15 ന് രാവിലെ മുങ്ങിയ പ്രതിക്ക് വേണ്ടി പോലീസ് കർണ്ണാടകയിലും കേരളത്തിലും വ്യാപകമായ അന്വേഷണത്തിലാണ്. മുപ്പത്തിയഞ്ചുകാരനായ പ്രതി കാര്യമറിയാതെ ഞാണിക്കടവിലുള്ള വീട്ടിലേക്കെത്താനുള്ള സാധ്യതയും കേസ്സന്വേഷണ സംഘം തള്ളിക്കളയുന്നില്ല.
ഭാര്യ നൽകിയ 500 രൂപ കൊണ്ട് പ്രതിക്ക് അത്രയൊന്നും ദൂരെ ബസ്സിലോ ട്രെയിനിലോ സഞ്ചരിക്കാൻ കഴിയില്ലെങ്കിലും, പീഡനമേറ്റ പെൺകുട്ടിയുടെ കാതുകളിൽ നിന്ന് പ്രതി അഴിച്ചുവാങ്ങിയ രണ്ട് സ്വർണ്ണക്കമ്മലുകൾ പ്രതി ഏതെങ്കിലും സ്വർണ്ണാഭരണശാലകളിൽ വിൽക്കാനിടയുണ്ട്. പ്രതി ചെന്നെത്താനിടയുള്ള ദക്ഷിണ കർണ്ണാടകയിലെ ചില ബന്ധുവീടുകളിലും പോലീസ് നിരീക്ഷണത്തിലാണ്.
അതിനിടയിൽ പോലീസ് രഹസ്യമാക്കി വെച്ച പ്രതിയുടെ ചിത്രവും പേരും ചാനലുകൾ പുറത്തുവിട്ടു. കാഞ്ഞങ്ങാട്ടെയും നീലേശ്വരത്തെയും രണ്ട് ഓൺലൈൻ ചാനലുകൾ പ്രതിയുടെ പഴയതും പുതിയതുമായ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടത് പോലീസ് അന്വേഷണത്തിന് കനത്ത തിരിച്ചടിയായി. പ്രതിയെ അറസ്റ്റ് ചെയ്തു കഴിഞ്ഞാൽ പെൺകുട്ടിയെക്കൊണ്ട് പ്രതിയെ പരേഡിലൂടെ തിരിച്ചറിയേണ്ടത് പീഡനത്തിന് ദൃക്സാക്ഷികൾ ആരുമില്ലാത്ത ഈ കേസ്സിൽ അനിവാര്യമാണ്.
പ്രതിയുടെ ചിത്രം പുറത്തുവന്നു കഴിഞ്ഞതിനാൽ ഇനി തിരിച്ചറിയൽ പരേഡ് കൊണ്ട് കേസ്സിന് ഗുണം ചെയ്യില്ല. തിരിച്ചറിയൽ പരേഡ് നടത്തിയാൽത്തന്നെ ഈ പോക്സോ കേസ് കോടതിയിൽ വിചാരണയ്ക്കെത്തുമ്പോൾ പ്രതിഭാഗം പ്രതിയുടെ ചിത്രം നേരത്തെ പുറത്തുവന്ന കാര്യം ഉന്നയിക്കാതിരിക്കില്ല.
തൽസമയം ഞാണിക്കടവിൽ നിന്ന് മുങ്ങിയ മുപ്പത്തിയഞ്ചുകാരൻ കുടക് സ്വദേശി തന്നെയാണ് ഈ ലൈംഗിക പീഡനക്കേസ്സിൽ യഥാർത്ഥ പ്രതിയെന്ന് അന്വേഷണ സംഘം ഇനിയും ഉറപ്പിക്കും മുമ്പാണ് സാഹചര്യത്തെളിവുകളുടെ പശ്ചാത്തലത്തിൽ ഓൺലൈൻ ചാനലുകൾ പ്രതിയുടെ ചിത്രവും മലയാളത്തിലെ മറ്റൊരു മുഖ്യധാരാ ചാനൽ പ്രതിയുടെ പേരും ഇന്ന് വെളിപ്പെടുത്തിയത്.
ഈ കേസ്സിൽ മുങ്ങിയ യുവാവായിരിക്കണം പ്രതിയെന്ന് 90 ശതമാനം മാത്രമേ അന്വേഷണ സംഘം പ്രതീക്ഷിക്കുന്നുള്ളൂവെന്നതും ശ്രദ്ധേയമാണ്. സംശയിക്കുന്ന കുടക് സ്വദേശി പിടിയിലാകാതെ പ്രതിയുടെ കാര്യത്തിൽ നൂറ് ശതമാനം ഉറപ്പില്ലാത്ത സാഹചര്യവുണ്ട്.
മുങ്ങിയ യുവാവ് ഞാണിക്കടവിൽ വിവാഹം കഴിച്ച ശേഷം കുറച്ചുനാൾ പ്രദേശത്ത് കല്ലുകെട്ടുന്ന പണി ചെയ്തിരുന്നു. മൂന്ന് കുട്ടികൾ പിറന്ന ശേഷം ഇയാൾ ഗൾഫിലേക്ക് പോവുകയും മൂന്ന് വർഷം മുമ്പ് നാട്ടിൽ തിരിച്ചെത്തുകയും ചെയ്തു. ഈ ദമ്പതികളുടെ ഇളയ നാലാമത്തെ കുട്ടിക്ക് ഇപ്പോൾ പ്രായം രണ്ടര വയസ്സാണ്. പീഡനക്കേസ്സിൽ ഇനിയും അറസ്റ്റ് ചെയ്യാത്ത പ്രതിയുടെ ചിത്രം ഓൺലൈനുകൾ പ്രചരിപ്പിച്ചത് പോലീസ്സിനെ നിർവ്വീര്യമാക്കിയിട്ടുണ്ട്.