ഓപ്പറേഷൻ ആഗ്; കാസർകോട് ജില്ലയില്‍ പിടിയിലായത് നൂറോളം പേര്‍

കാസർകോട്: ഗുണ്ടകള്‍ക്കും ക്രിമിനലുകള്‍ക്കും സാമൂഹ്യവിരുദ്ധ, ലഹരി മാഫിയ പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്നവർക്കുമെതിരെ പോലീസ് നടത്തുന്ന ഓപ്പറേഷൻ ആഗ്, ഡി ഹണ്ട് നടപടികളുടെ ഭാഗമായി കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ജില്ലയില്‍ നൂറോളം പേർ കസ്റ്റഡിയിലായി. ഹോസ്ദുർഗ് സ്റ്റേഷൻ പരിധിയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിന്‍റെ കൂടി പശ്ചാത്തലത്തിലാണ് ജില്ലയില്‍ പോലീസ് പരിശോധനകള്‍ ഊർജിതമാക്കിയത്.

ഓപ്പറേഷൻ ആഗ് നടപടികളുടെ ഭാഗമായി ജില്ലയില്‍ വിവിധ കേസുകളില്‍ പെട്ട് പിടികൊടുക്കാതെ ഒളിവില്‍ കഴിയുകയായിരുന്ന 67 പേരെ പിടികൂടി. 18 പേരെ മുൻകരുതലായി കസ്റ്റഡിയിലെടുത്തു. ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യത്തില്‍ ഏർപ്പെട്ട നാല് പ്രതികളെയും മറ്റു കേസുകളില്‍ ഉള്‍പ്പെട്ട 11 പ്രതികളെയും അറസ്റ്റ് ചെയ്തു.

ലഹരി മാഫിയകള്‍ക്കെതിരായി നടത്തുന്ന ഓപ്പറേഷൻ ഡി ഹണ്ടിന്‍റെ ഭാഗമായി കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ 135 പേരുടെ വീടുകളില്‍ പോലീസ് പരിശോധന നടത്തി. കഞ്ചാവ്, എംഡിഎംഎ എന്നിവ കൈവശം വച്ചതും ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് 12 കേസുകള്‍ രജിസ്റ്റർ ചെയ്തു.  14 പ്രതികളെ അറസ്റ്റ് ചെയ്തു. ഗുണ്ടാ നിയമപ്രകാരം മഞ്ചേശ്വരം, കുമ്പള, കാസർഗോഡ്, ബേക്കല്‍, ഹോസ്ദുർഗ് സ്റ്റേഷൻ പരിധികളില്‍ നിന്നായി അഞ്ചുപേരെ നാടുകടത്തി.  സാമൂഹ്യവിരുദ്ധ, ഗുണ്ടാ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ട 14 പേരെ ഇതിനകം നാടുകടത്തിയിട്ടുണ്ട്. ഉത്തരവ് ലംഘിച്ച്‌ നാട്ടിലെത്തിയ മാവിലാ കടപ്പുറം സ്വദേശി അംജാദിനെ ചന്തേര പോലിസ് അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കി.

ഗുണ്ടാ നിയമപ്രകാരം കൂടുതൽ പേർക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർക്കും റേഞ്ച് ഡിഐജിക്കും റിപ്പോർട്ട് സമർപ്പിക്കും.  രണ്ടില്‍ കൂടുതല്‍ കേസുകളിലേർപ്പെട്ട് പോലീസ് നിരീക്ഷണത്തിലുള്ളവർ വീണ്ടും കേസുകളില്‍ ഉള്‍പ്പെടുന്നപക്ഷം അവർക്കെതിരെ കാപ്പ നിയമ പ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

LatestDaily

Read Previous

വിവാഹമുറപ്പിച്ച യുവതി തൂങ്ങിമരിച്ചു

Read Next

കാറഡുക്ക സ്വർണ്ണപ്പണയത്തട്ടിപ്പ് കേസ്സിൽ കൂടുതൽ പേർ കുടുങ്ങും