ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സിപിഎം നേതാവായ പ്രതിയെ പാർട്ടി പുറത്താക്കി
കാസര്‍കോട്: അംഗങ്ങള്‍ അറിയാതെ അവരുടെ പേരില്‍ 4.76 കോടി രൂപയുടെ സ്വര്‍ണ്ണ പണയ വായ്പയെടുത്ത് മുങ്ങിയ സഹകരണ സ്ഥാപന സെക്രട്ടറി ബംഗ്ളൂരുവില്‍ പൊങ്ങി. പ്രതിയെ തേടി ആദൂര്‍ പൊലീസ് ഉടന്‍ അങ്ങോട്ടേക്ക് പോകും. കാറഡുക്ക അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് ബെള്ളൂര്‍, കിന്നിംഗാറിലെ കെ. സൂപ്പി നല്‍കിയ പരാതിയില്‍ കര്‍മ്മന്തൊടി സ്വദേശിയും സിപിഎം മുള്ളേരിയ ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ. രതീശനെതിരെ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇദ്ദേഹം ബംഗളൂരുവിലുണ്ടെന്ന് സൈബർസെൽ കണ്ടെത്തിയത്. വകുപ്പുതല പരിശോധനയിലാണ് കോടികളുടെ വെട്ടിപ്പ് കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ 4,75,99,907 രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയിട്ടുള്ളത്.
ജനുവരി മാസം മുതല്‍ പല തവണകളായി പണയ സ്വര്‍ണം ഇല്ലാതെയാണ് ഏഴു ലക്ഷം രൂപ വരെ ഓരോ അംഗത്തിന്റെയും പേരില്‍ വായ്പയെടുത്തത്. ഇക്കാര്യം ഭരണസമിതിയെ അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കകം പണം തിരിച്ചടയ്ക്കാമെന്ന് രതീഷ് ചിലര്‍ക്ക് വാക്കു കൊടുത്തിരുന്നു. എന്നാല്‍ പ്രസിഡണ്ട് പരാതി നല്‍കിയതിന് പിന്നാലെയാണ് സെക്രട്ടറിയായ രതീഷ് നാട്ടില്‍ നിന്ന് മുങ്ങിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് രതീഷ് ബംഗ്ളൂരുവില്‍ ഉള്ളതായി സൂചന ലഭിച്ചത്. കേസ് ഉടനെ ക്രൈംബ്രാഞ്ചിന് കൈമാറുമെന്നാണ് സൂചന. രതീഷിനെ സി പി എം പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി.