കാഞ്ഞങ്ങാട്ട് ഇരുമുന്നണികൾക്കും വൻ വിജയപ്രതീക്ഷ

കാഞ്ഞങ്ങാട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാന ലാപ്പിൽ എത്തിനിൽക്കെ കാഞ്ഞങ്ങാട് നഗരസഭ തിരിച്ചു പിടിക്കാനും നിലനിർത്താനും ഇടതു- വലത് മുന്നണികൾ തുടരുന്ന കനത്ത പോരാട്ടത്തിൽ ഇരുമുന്നണികൾക്കും വിജയ പ്രതീക്ഷ. ഒപ്പം ബിജെപിയും നില മെച്ചപ്പെടുത്താനും ഒപ്പം കൈവിടാതിരിക്കാനുമുള്ള നെട്ടോട്ടത്തിൽ കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിൽ നേടിയ വാർഡുകളും പിടിച്ചെടുക്കപ്പെട്ട വാർഡുകളും നിലനിർത്താനുള്ള മൽസരമാണ് 9,12,14,18,19,25,28, 29, 33,36 വാർഡുകളിലെ പോരാട്ടം കനപ്പിക്കുന്നത്.

ചെയർമാൻ വി. വി. രമേശൻ മൽസരിക്കുന്ന 17-ാം വാർഡുൾപ്പടെ മൂന്ന് വാർഡുകളിൽ ബിജെപിയുമായി ഇടതുപക്ഷം നീക്ക്പോക്കുകൾ നടത്തുന്നുവെന്ന പ്രചാരണം ശക്തമാണെങ്കിലും സിപിഎം ഇക്കാര്യം നിഷേധിക്കുന്നു. എന്നാൽ ബിജെപി ഈ വിഷയത്തിൽ മൗനം പാലിച്ചത് ശ്രദ്ധേയമാണ്. ഇപ്രകാരം രണ്ട് വാർഡുകളിൽ സിപിഎം – ലീഗ് സ്ഥാനാർത്ഥികളുടെ വിജയത്തിന് ഇടനിലക്കാർ വോട്ട് കച്ചവടം നടത്തുന്നതായ പ്രചാരണവും തീരമേഖലയിൽ വൈറലാണ്.

കഴിഞ്ഞ തവണ ഇടതുമുന്നണി വിജയിച്ച 41-ാം വാർഡിൽ മുസ്ലീം ലീഗിന്റെ വാർഡ് പ്രസിഡണ്ട് പാർട്ടി വിട്ട് ഇടതുമായി സഹകരിക്കാൻ തീരുമാനിച്ചതോടെ മൽസരത്തിന്റെ തീവ്രദ കൂടിയിട്ടുണ്ട്. പതിനേഴ് വാർഡുകളിൽ വിജയം ഉറപ്പാക്കി ഇടതുപക്ഷം മുന്നേറുമ്പോൾ കടുത്ത മൽസരം നടക്കുന്ന വാർഡുകളും അനുകൂലമാക്കി. ഭരണതുടർച്ചയുണ്ടാവുമെന്ന വിശ്വാസം തന്നെയാണ് ഇടതുമുന്നണിക്കുള്ളത്. കഴിഞ്ഞ തവണ കൈവിട്ടു പോയ ചില വാർഡുകൾ നേടിയെടുക്കാനുള്ള നീക്കങ്ങളും ഇടതുമുന്നണി നടത്തുന്നുണ്ട്.

എന്നാൽ വികസനരംഗത്ത് വലിയ കുതിച്ചുചാട്ടം നടത്തിയെന്ന ഇടതു പ്രചാരണം തെറ്റാണെന്നും കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ വകയായുള്ള വികസന കാര്യങ്ങൾ സ്വന്തം അക്കൗണ്ടിൽ വരവ് വെച്ച് ഇടതുമുന്നണി നടത്തുന്ന പൊള്ളയായ പ്രചാരണങ്ങളെ അതിജീവിച്ച് കഴിഞ്ഞ തവണ നഷ്ടപ്പെട്ടു പോയ ഭരണം തിരിച്ചെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് യുഡിഎഫ് മുന്നണിക്കുള്ളത്. പതിവിൽ കവിഞ്ഞ ഐക്യവും യോജിപ്പും ഇത്തവണ കോൺഗ്രസ്സിൽ പ്രകടമാണ്.

എന്നാൽ മുസ്ലീം ലീഗിനകത്ത് ചില വാർഡുകളിൽ വിമത പ്രശ്നങ്ങളുണ്ട്. വിമത പ്രശ്നങ്ങൾ അതിജീവിക്കാനുള്ള തന്ത്രങ്ങൾ ലീഗ് ആവിഷ്ക്കരിക്കുന്നുണ്ടെങ്കിലും അതൊക്കെ എത്ര കണ്ട് ഫലപ്രദമാവുമെന്ന് പറയാനാവില്ല. ഐഎൻഎല്ലിനും ബിജെപിക്കും കഴിഞ്ഞ തവണ വിജയിച്ച വാർഡുകളിൽ ഇത്തവണ വെല്ലുവിളികളുണ്ട്.  വൈസ് ചെയർപേഴ്സണായിരുന്ന എൽ. സുലൈഖയുൾപ്പടെ ഐഎൻഎൽ മൽസരിക്കുന്ന വാർഡുകളിൽ മൽസരം ഇഞ്ചോടിഞ്ചാണ് ഇരുമുന്നണികൾക്കും ശക്തമായ പോരാട്ടമാണ് മൽസരിക്കുന്ന വാർഡുകളിലുള്ളത്. കഴിഞ്ഞ തവണ നേടിയ സീറ്റുകൾ നിലനിർത്തുന്നതിനൊപ്പം ഒന്നോ രണ്ടോ വാർഡുകൾ കൂടി നേടിയെടുക്കാനാവുമെന്ന പ്രതീക്ഷ ഐഎൻഎല്ലിനുണ്ട്.

ബിജെപിക്കും കഴിഞ്ഞ തവണ വിജയിച്ച വാർഡുകൾ നിലനിർത്തേണ്ടതുണ്ട്. സ്വതന്ത്രയെ നിലനിർത്തിയുള്ള പരീക്ഷണവും ഇത്തവണ ബിജെപി നടത്തുന്നുണ്ട്. തീവ്ര മൽസരങ്ങൾ നടക്കുന്ന വാർഡുകളാണ് ഇടതു-വലതു മുന്നണികളുടെ വിജയപരാജയങ്ങൾ നിർണ്ണയിക്കുന്നത്.

LatestDaily

Read Previous

അജാനൂരിൽ 3 വാർഡുകളിൽ 6 ബൂത്തുകൾക്ക് സംരക്ഷണം ക്യാമറകൾ സ്ഥാപിക്കാനും ഹൈക്കോടതി ഉത്തരവ്

Read Next

മലയോര പഞ്ചായത്തുകളിൽ ഇടതു–വലതു മുന്നണികൾ കടുത്ത പോരാട്ടത്തിൽ