ചുവക്കാൻ മടിക്കുന്ന മടിക്കൈ, തല്ലിച്ചുവപ്പിക്കാൻ നേതാക്കൾ

കാഞ്ഞങ്ങാട് : കഴിഞ്ഞ എഴുപതു വർഷത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി പാർട്ടി നേതാക്കൾ കൂട്ടത്തോടെ വീടുകളിലെത്തി വോട്ടു ചോദിക്കുന്ന അനർഘ നിമിഷം മടിക്കൈയിൽ അപൂർവ്വ കാഴ്ചയായി.  പ്രാദേശിക നേതൃത്വത്തിന്റെ അഴിമതിക്കും സ്വജന പക്ഷപാതത്തിനുമെതിരെ മടിക്കൈയുടെ വീട്ടു മുറ്റത്ത് വന്നു വീഴുന്ന ലഘുലേഖകളും, ഈ ചുവന്ന മണ്ണിൽ പുതു കാഴ്ചയാണ്. പ്രളയവും കൊറോണയും കണ്ടു കുലുങ്ങാത്ത മടിക്കൈ നാട് ചരിത്രത്തിൽ തന്നെ ആദ്യത്തെ അമ്പരപ്പിലാണ്.

ചുവന്ന ചരിത്രമുള്ള മടിക്കൈയിൽ അടുത്ത കാലത്ത് കാവി കലരുന്നതും, ജാതി രാഷ്ട്രീയം പിടിമുറുക്കിയതും ജില്ലയാകെ ചർച്ചയായതോടെ, നേതാക്കൾ മുമ്പെങ്ങുമില്ലാത്ത വിധം പരവേശത്തിലാണ്.  2015-ൽ മടിക്കൈ ഡിവിഷനിൽ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ച ചായ്യോം സ്വദേശിയും, തെയ്യം കലാകാരനുമായ എം. കേളുപ്പണിക്കർ നേടിയ 12873 എന്ന ഭൂരിപക്ഷം ഇത്തവണ കുത്തനെ കുറഞ്ഞാൽ കടുത്ത വിമർശനമുയരുമെന്ന് മനസ്സിലാക്കിയാണ് പാർട്ടി സ്ഥാനാർത്ഥി പി. ബേബിയും ആൾക്കാരും വീടു വീടാന്തരം കയറിയിറങ്ങി വോട്ട് ചോദിക്കുന്നത്. ബേബിക്ക് പാർട്ടിയിലുള്ള മറ്റു പത്തോളം പദവികൾ, ലോക ബാങ്ക് ബന്ധം, എന്നിവ മടിക്കൈയിലും, അജാനൂരിലും ജനങ്ങളിൽ വലിയ ചർച്ചയാണ്.

ശക്തമായ അടിയൊഴുക്ക് പ്രതീക്ഷിക്കുന്നതിനാൽ, ഏതു പ്രശ്നവും പരിഹരിക്കുമെന്ന വാഗ്ദാനവും മടിക്കൈ ഡിവിഷനിൽ ഉരുത്തിരിഞ്ഞുകഴിഞ്ഞു. പാർട്ടിഗ്രാമമായ മടിക്കൈക്ക് ഇതുവരെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവി ലഭിക്കാത്ത പ്രശ്നം വേറെയും കിടക്കുന്നുണ്ട്. പ്രാദേശിക വികാരം ഇളക്കി വിടാനുള്ള പുത്തൻ തന്ത്രമാണ് ഇപ്പോൾ വീടുകൾ കയറിയുള്ള അടവുനയം. മടിക്കൈ ഗ്രാമ പഞ്ചായത്തിലെ മൂന്നു വാർഡുകളിൽ ബി ജെ പി സ്ഥാനാർകളെ ഭീഷണിപ്പെടുത്തി പിൻമാറ്റി നടത്തിയ കൈയ്യൂക്കിന്റെ വ്യക്തമായ സൂചനയും ഒരു വിഭാഗം വോട്ടർമാർ ഉയർത്തി കാട്ടുന്നുണ്ട്.  പ്രാദേശിക നേതാക്കളുടെ അഴിമതിയും ബിനാമി ഇടപാടുകളും, മറനീക്കി പുറത്തുവന്നതോടെ ചുവക്കാൻ മടിച്ചുനിൽക്കുന്ന മടിക്കൈയെ ഇപ്പോൾ തല്ലിച്ചുവപ്പിക്കാനുറപ്പിച്ചിരിക്കുകയാണ് പാർട്ടിയിലെ ഒരു പ്രബല വിഭാഗം.

LatestDaily

Read Previous

അടിയൊഴുക്കുകളിൽ പ്രതീക്ഷയർപ്പിച്ച് മുന്നണികൾ

Read Next

പോലീസ് മേധാവി ഇടപെട്ടു ചീമേനി പോലീസിൽ ശുദ്ധികലശമുണ്ടാകും