കല്ല്യോട്ട് ഇരട്ട കൊലക്കേസ് സാക്ഷി വിസ്താരം പൂര്‍ത്തിയായി

കാസര്‍കോട്: പ്രമാദമായ കല്ല്യോട്ട് ഇരട്ട കൊലക്കേസിന്റെ സാക്ഷി വിസ്താരം കൊച്ചിയിലെ സിബിഐ കോടതിയില്‍ പൂര്‍ത്തിയായി. പ്രതികളെ ചോദ്യം ചെയ്യുന്ന തീയതി ഇന്ന് കോടതി തീരുമാനിക്കും. 2023 ഫെബ്രുവരി 2 നാണ് പെരിയ ഇരട്ട കൊലക്കേസില്‍ എറണാകുളം സിബിഐ കോടതിയില്‍ വിചാരണ ആരംഭിച്ചത്. 154 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. അവസാന സാക്ഷിയായി തിരുവനന്തപുരം സിബിഐ ഡിവൈ.എസ്.പിയും അന്വേഷണ ഉദ്യോഗസ്ഥനുമായ അനന്തകൃഷ്ണനെയാണ് വിസ്തരിച്ചത്.

ഇദ്ദേഹത്തെ ഒന്‍പത് ദിവസമാണ് കോടതി വിസ്തരിച്ചത്. 2019 ഫെബ്രുവരി 17ന് രാത്രി ഏഴരയോടെയാണ് കല്യാട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവര്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ തടഞ്ഞു നിര്‍ത്തി വെട്ടിക്കൊന്നത്. ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ച് പീതാംബരനടക്കമുള്ള 11 പ്രതികളെ 2019 ഫെബ്രുവരി 22ന് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ കഴിഞ്ഞ 5 വര്‍ഷത്തിലേറെയായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. നേരത്തെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന പ്രതികള്‍ ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.

ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്ത കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായ പതിമൂന്നാം പ്രതി കെ.മണികണ്ഠന്‍, സി പി എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയംഗം എ.ബാലകൃഷ്ണന്‍ ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ നേരത്തെ കോടതിയില്‍ ഹാജരായി ജാമ്യത്തിലിറങ്ങിയിരുന്നു. പിന്നീട് കേസന്വേഷണം ഏറ്റെടുത്ത സിബിഐ കേസില്‍ പത്ത് പേരെ കൂടി പ്രതി ചേര്‍ക്കുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

LatestDaily

Read Previous

ജില്ലയിൽ കവർച്ചാ സംഘങ്ങൾ സജീവം; മോഷണം പെരുകുന്നു

Read Next

ഓൺലൈൻ തട്ടിപ്പിന് ഇരയായ യുവതിക്ക് ലക്ഷങ്ങൾ നഷ്ടമായി