തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ച കാഞ്ഞങ്ങാട് – കാണിയൂർ റെയിൽപാത

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ലോകസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാന ചർച്ചാവിഷയമാവുകയാണ് നിർദ്ദിഷ്‌ട കാഞ്ഞങ്ങാട് – കാണിയൂർ റെയിൽപാത. വർഷങ്ങൾ പിന്നിട്ടിട്ടും റെയിൽപാത യാഥാർഥ്യമാക്കുന്നതിൽ കഴിഞ്ഞ അഞ്ചു വർഷവും യാതൊരുനീക്കവും ഉണ്ടായില്ലെന്ന ആരോപണം ശക്തമായിരിക്കെ ഇതുമായി ബന്ധപ്പെട്ട മുൻ എം. പി പി. കരുണാകരന്റെ തുറന്ന കത്തും പുറത്തുവന്നതോടെ വിഷയത്തിന് ചൂടുപിടിച്ചു.

വികസനവുമായി ബന്ധപ്പെട്ട മുൻ എം.പിയുടെ തുറന്ന കത്ത് എൽ ഡി എഫ് പ്രവർത്തകർ വീടുകൾ തോറും എത്തിച്ചിട്ടുണ്ട്. പര്യടന പരിപാടികളിലും കാണിയൂർ റെയിൽപാത വലിയ വിഷയമായി എൽ ഡി എഫ് ഉന്നയിക്കുകയും ചെയ്യുന്നുണ്ട്.

പദ്ധതിക്ക് വേണ്ടി കർണ്ണാടകയുടെ സമ്മതപത്രം കിട്ടിയാൽ നിർദ്ദിഷ്ട റെയിൽപാത നിർമ്മാണത്തിന്റെ കല്ലിടൽ നടത്താമെന്നിരിക്കെ കർണ്ണാടക സർക്കാർ ഉരുണ്ടുകളിക്കുകയാണ്. നേരത്തെ ബി ജെ പി നേതൃത്വത്തിൽ ഉണ്ടായിരുന്ന കർണ്ണാടക സർക്കാർ കേരളത്തിന് പ്രയോജനം ചെയ്യുന്ന ഒരു പദ്ധതി ഏറ്റെടുക്കാൻ കഴിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.

കർണ്ണാടകത്തിൽ ഭരണമാറ്റം ഉണ്ടാവുകയും കോൺഗ്രസ് സർക്കാർ അധികാരത്തിൽ വരികയും ചെയ്തിട്ടും നിലപാടിൽ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. പദ്ധതിയുമായി മുന്നോട്ടുപോകുന്നതിൽ താല്പര്യ കുറവ് തന്നെയാണ് ഇപ്പോഴും കാണിക്കുന്നത്. കോൺഗ്രസുകാരനായ രാജ്‌മോഹൻ ഉണ്ണിത്താൻ എം പി ആയിട്ടും കോൺഗ്രസ് സർക്കാരിൽ സമ്മർദ്ദം ചെലുത്തി ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന് പി കരുണാകരനും എൽ ഡി എഫും ആരോപിക്കുന്നു.

പി കരുണാകരൻ ഉന്നയിക്കുന്ന കാര്യങ്ങൾക്ക് മറുപടി പറയലല്ല തന്റെ ജോലിയെന്നാണ് രാജ്‌മോഹൻ ഉണ്ണിത്താൻ ഇതിനോട് പ്രതികരിച്ചത്. 2016 ൽ 1395 കോടി നിർമ്മാണ ചിലവ് കണക്കാക്കിയ പദ്ധതിയുടെ സർവ്വെ മുഴുവൻ പൂർത്തിയായതാണ്. ഇനിയിപ്പോൾ പദ്ധതി ചിലവ് 20 ശതമാനമെങ്കിലും വർദ്ധിക്കും. പദ്ധതിയുടെ ഗുണഭോക്താക്കൾ മുഴുവൻ കേരളക്കാർ ആണെന്നും അതിർത്തിയിലെ വനത്തിനുള്ളിലൂടെ റെയിൽപാത നിർമ്മാണം പറ്റില്ലെന്നും പറഞ്ഞാണ് കാസർകോടിന്റെ വികസനത്തിന് വലിയ കുതിപ്പേകുന്ന കാണിയൂർ റെയിൽപാതക്ക്  കർണ്ണാടക  ഉടക്കിട്ടത്.

91 കിലോമീറ്റർ ദൈർഘ്യം വരുന്ന പദ്ധതിയുടെ 50 കിലോമീറ്റർ കർണ്ണാടകത്തിലും 41 കിലോമീറ്റർ കേരളത്തിലുമാണ്. കർണ്ണാടക സുബ്രഹ്മണ്യക്കടുത്ത് കാണിയൂരിൽ അവസാനിക്കുന്ന വിധത്തിലാണ് പാത രൂപ കൽപ്പന ചെയ്തിട്ടുള്ളത്. 325 കോടി രൂപ കേരള സർക്കാരും 350 കോടി രൂപ കർണ്ണാടക സർക്കാരും 725 കോടി രൂപ കേന്ദ്രസർക്കാരും പദ്ധതിക്കുവേണ്ടി മുടക്കണമെന്നായിരുന്നു 2016 ലെ കണക്ക്. കേന്ദ്രസർക്കാരിൽ നിന്ന് പദ്ധതിക്കാവശ്യമായ പച്ചക്കൊടി കിട്ടുകയും റെയിൽവെയുടെ നിബന്ധനകൾ പ്രകാരം സർവ്വെകൾ പൂർത്തിയാക്കുകയും ചെയ്തു.

കേരളം അമ്പത് ശതമാനം വഹിക്കുമെന്ന കത്ത് അന്നത്തെ എം. പി, പി. കരുണാകരൻ ഇടപെട്ട് 2018 നവംബറിൽ ദക്ഷിണ റെയിൽവെ ജനറൽ മാനേജർക്ക് നൽകിയിരുന്നു. 2012 സെപ്റ്റംബറിൽ എം പിയും മുഖ്യമന്ത്രി പിണറായി വിജയനും കർണ്ണാടക സർക്കാരുമായി ചർച്ച നടത്തിയെങ്കിലും കർണ്ണാടക അനുകൂല നിലപാട് സ്വീകരിച്ചില്ല. കർണ്ണാടക സർക്കാരിന്റെ സമ്മതപത്രം കിട്ടാതെ പദ്ധതി നടപടികൾ മുന്നോട്ടു നീങ്ങില്ല. കർണ്ണാടകത്തിൽ ഭരണമാറ്റം സംഭവിച്ചിട്ടും റെയിൽപാതയുടെ കാര്യത്തിൽ ഇതുവരെയും നടപടി ഉണ്ടായിട്ടില്ല.

കേരളത്തിന്റെ വ്യാപാര, വാണിജ്യ ബന്ധത്തിനും കാർഷികമേഖലയുടെ കുതിച്ചു ചാട്ടത്തിനും ഈ റെയിൽപാത വഴിയൊരുക്കും. യാത്രക്കാർക്ക് മംഗളുരുവിൽ പോയി കുടുങ്ങികിടക്കാതെ വിശാഖപട്ടണം വരെ എത്താനുള്ള എളുപ്പവഴിയാകും കാണിയൂർപാത. കാഞ്ഞങ്ങാട് നിന്നും ബംഗളുരുവിൽ എത്താൻ വെറും ഏഴ് മണിക്കൂർ കൊണ്ട് സാധിക്കും. കാർഷിക വിളകൾ കർണ്ണാടകത്തിൽ എത്തിച്ചു എളുപ്പം വിറ്റുവരാം. കർണ്ണാടകത്തിലെ ഉത്പന്നങ്ങൾ കേരളത്തിലേക്കും എളുപ്പത്തിൽ കൊണ്ടുവരാം.

LatestDaily

Read Previous

എൽ.ഡി.എഫിന്റെ വിവാദ വീഡിയോക്കെതിരെ കാസർകോട്ട് പ്രതിഷേധം ശക്തം

Read Next

സഹന സമരം നിർത്തി നൗഷാദും സാഹിറയും ആശുപത്രി വിട്ടു