ലോറിയിൽ കൊണ്ടുപോയ യന്ത്രസാമഗ്രികൾ വാഹനങ്ങളിലേക്ക് തുളച്ചു കയറി: ‌4 പേർക്ക് പരുക്ക്

കാസർകോട്: റോഡ് നിർമ്മാണ ജോലിക്കായി ലോറിയിൽ കൊണ്ടു പോവുകയായിരുന്ന യന്ത്രസാമഗ്രികൾ വാഹനങ്ങളിലേക്കു തുളച്ചു കയറി 4 പേർക്ക് പരുക്കേറ്റു. അപകടത്തിൽ 2 ട്രെയിലർ ഉൾപ്പെടെ 6 വാഹനങ്ങൾക്കു കേടുപറ്റി.  അപകടത്തെ തുടർന്നു ഒരു മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു.

ഇന്നലെ വൈകിട്ട് അഞ്ചരയോടെ ദേശീയ പാത ചട്ടഞ്ചാൽ–ചെർക്കളയിൽ തെക്കിൽ കോവിഡ് ആശുപത്രിക്കുള്ള റോഡിലെ വളവിലാണ് അപകടമുണ്ടായത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി ചെർക്കള ഭാഗത്തേക്ക് പൈലിങ് ചെയ്യുന്നതിന് ആവശ്യമായ യന്ത്രസാമഗ്രികൾ കൊണ്ടു പോകുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

മറ്റൊരു വാഹനത്തിനായി സൈഡ് കൊടുക്കുന്നതിനിടെ യന്ത്രസാമഗ്രികളുമായി  പോകുന്ന ലോറിയുടെ വേഗം  കുറച്ചതോടെ ലോറിയിൽ നിന്നു പുറത്തേക്ക് തള്ളിയിരുന്ന യന്ത്രസാമഗ്രികൾ തൊട്ടു പിന്നാലെയുണ്ടായിരുന്ന മിനി ലോറിയിലേക്കും അതിനകത്തു കൂടി മറ്റൊരു ട്രെയിലറിലേക്കും തുളച്ചു കയറുകയായിരുന്നു.  മിനി ലോറിയുടെ അകത്ത് കുടുങ്ങിയ ഡ്രൈവറെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

ഇടിയുടെ ആഘാതത്തിൽ രണ്ടാമത്തെ ട്രെയിലറിൽ ഉണ്ടായിരുന്ന അനുബന്ധ യന്ത്രസാമാഗ്രികൾ റോഡിലേക്ക് തെറിച്ചു വീണു.   2 കാറിലും ഒരു ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. മിനിലോറിയിലും ലോറിയിലുമുണ്ടായിരുന്നവർക്കാണ് പരുക്കേറ്റത്. ഇവരെ നാട്ടുകാരും പോലീസും ചേർന്നു ആശുപത്രിയിലെത്തിച്ചു. അപകടത്തെ തുടർന്നു ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചതിനാൽ ഇതുവഴിയുള്ള വാഹനങ്ങൾ ദേളി വഴി തിരിച്ചുവിട്ടു.

LatestDaily

Read Previous

അപൂർവ്വ രോഗം; ചികിത്സയിലായിരുന്ന പാറപ്പള്ളിയുവാവ് മരിച്ചു

Read Next

34 വർഷം മുമ്പുള്ള വിസ തട്ടിപ്പ് കേസിൽ പ്രതി റിമാന്റിൽ