ഓൺലൈൻ തട്ടിപ്പ് പ്രതി സ്ത്രീകളുടെ സ്വർണ്ണവും തട്ടിയെടുത്തു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിൽ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്ത കല്ലൂരാവിയിലെ സി.എച്ച്. അബ്ദുൾ ഖാദർ ഹാജിയുടെ മകൻ അഹമ്മദ് കബീർ നിരവധി സ്ത്രീകളിൽ നിന്നായി കോടിക്കണക്കിന് രൂപ വിലവരുന്ന  സ്വർണ്ണവും തട്ടിയെടുത്തു.

അഹമ്മദ് കബീർ തട്ടിയെടുത്ത സ്വർണ്ണം തിരികെ ലഭിക്കാൻ കല്ലൂരാവി, പഴയ കടപ്പുറം സ്വദേശിനികളായ സ്ത്രീകൾ അഹമ്മദ് കബീറിന്റെ കല്ലൂരാവിയിെല വീടിന് മുന്നിൽ തടിച്ചുകൂടി. കൊളവയൽ സ്വദേശിയായ പ്രവാസിയിൽ നിന്നും കൺസ്ട്രക്ഷൻ കമ്പനിയുടെ പേര് പറഞ്ഞ് അഹമ്മദ് കബീർ 2 കോടി രൂപ വേറെയും തട്ടിയെടുത്തിട്ടുണ്ട്.

ഓൺലൈൻ വഴി തൊഴിൽ വാഗ്ദാനം നൽകി ഹൈദരാബാദ് സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ ഹൈദരാബാദ് സിറ്റി പോലീസ് റജിസ്റ്റർ ചെയ്ത 109/2024 നമ്പർ കേസ്സിലാണ് സി.എച്ച്. അഹമ്മദ് കബീറിനെയും കൂട്ടാളിയെയും ഹൈദരാബാദ് പോലീസ് കാഞ്ഞങ്ങാട്ടെത്തി അറസ്റ്റ് ചെയതത്. പ്രതികളിൽ നിന്നും 8 മൊബൈൽ ഫോണുകൾ, 15 ചെക്ക് ബുക്കുകൾ, 8 ഡെബിറ്റ് കാർഡുകൾ, 2 വ്യാജ റബ്ബർ സീലുകൾ എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

2024 ജനുവരിയിലാണ്   സി.എച്ച്. അഹമ്മദ് കബീർ, സി.എച്ച്. നൗഷാദ് എന്നിവർക്കെതിരെ ഹൈദരാബാദ് സിറ്റി പോലീസ്സിൽ പരാതി ലഭിച്ചത്. പാർട്ട് ടൈം  ജോലി വാഗ്ദാനം ചെയ്ത് രണ്ടംഗ തട്ടിപ്പ് സംഘം ഹൈദരാബാദ് സ്വദേശിയിൽ നിന്നും 9,44,492 രൂപയാണ് തട്ടിയെടുത്തത്. ഹൈദരാബാദ് സിറ്റി പോലീസ് നടത്തിയ അന്വേഷണത്തിൽ 18 അക്കൗണ്ടുകൾ വഴി 26 കോടി രൂപ തട്ടിയെടുത്തുവെന്നാണ് കണ്ടെത്തിയത്.

അഹമ്മദ് കബീറിന്റെ തട്ടിപ്പിനിരയായി ലക്ഷങ്ങൾ മുതൽ കോടികൾ നഷ്ടപ്പെട്ടവർ  കാഞ്ഞങ്ങാട്ടും പരിസര പ്രദേശങ്ങളിലുമുണ്ടെന്ന് ലേറ്റസ്റ്റ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. തട്ടിപ്പിനിരയായവരിൽ പലരും വിവരങ്ങൾ കൈമാറുന്നതിൽ മടി കാണിക്കുകയാണ്. ബല്ലാക്കടപ്പുറം സ്വദേശി കെ.എസ്. മൻസൂറിൽ നിന്നും 1.70 കോടി രൂപ തട്ടിെയടുത്ത സംഭവത്തിൽ ഹൊസ്ദുർഗ് പോലീസ്സിൽ നിലവിലുള്ള കേസ് മാത്രമാണ് അഹമ്മദ് കബീറിനെതിരെ കാഞ്ഞങ്ങാട്ടുള്ളത്.

LatestDaily

Read Previous

യുവതിയെ വീട്ടിൽക്കയറി മർദ്ദിച്ചു

Read Next

പൂട്ടിയിട്ട വീട്ടില്‍ 15 പവന്‍  കവര്‍ന്നു രണ്ടുവീടുകളിലും കവര്‍ച്ച നടന്നതായി സൂചന