വിഷ്ണുവിന്റെ കൂട്ടുകാരെ പോലീസ് ചോദ്യം ചെയ്തു, 2.17 ലക്ഷം  പോയത് ഓൺലൈൻ റമ്മിയിൽ

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: ഇരുപത്തിനാലുകാരൻ കൊവ്വൽപ്പള്ളിയിലെ വിഷ്ണു ബേളാരത്ത് കെട്ടിത്തൂങ്ങി മരിച്ച കേസ്സിൽ പോലീസ് വിഷ്ണുവിന്റെ മൂന്നോളം കൂട്ടുകാരെ സ്റ്റേഷനിൽ വിളിപ്പിച്ച്  ചോദ്യം ചെയ്തു. വിഷ്ണു സ്വന്തം അമ്മ മാലിനിയുടെ മൂന്നരപ്പവൻ സ്വർണ്ണമാല കാഞ്ഞങ്ങാട്ടെ മുത്തൂറ്റ് സ്ഥാപനത്തിൽ പണയപ്പെടുത്തി കൈപ്പറ്റിയ 1.27 ലക്ഷം രൂപയ്ക്ക് പുറമെ വിഷ്ണുവിന്റെ സ്വന്തം അക്കൗണ്ടിൽ ബാങ്കിലുണ്ടായിരുന്ന ഒരു ലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.

വിഷ്ണു ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങിയാണ് ജീവിതം അവസാനിപ്പിച്ചതെന്നതിന് പ്രകടമായ തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും,  പോലീസ് അന്വേഷണത്തിന്റെ കുന്തമുന എത്തിച്ചേരുന്നത് വിഷ്ണു ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങിയെന്ന് തന്നെയാണ്. വിഷ്ണുവിന്റെ സെൽഫോൺ തുറക്കാൻ പോലീസ് ഫോറൻസിക്കിന് കൈമാറിയിട്ടുണ്ടെങ്കിലും,   സൈബർസെൽ ഈ ഫോണിലേക്ക് കഴിഞ്ഞ ഒരു മാസക്കാലം വന്ന നമ്പരുകൾ ആരുടേതെല്ലാമണെന്ന് പരിശോധിച്ചുവരുന്നുണ്ട്.

വിഷ്ണു കല്ലൂരാവി ഓൺലൈൻ തട്ടിപ്പുസംഘത്തിന്റെ വലയിൽ വീണതായ സംശയവും ഇല്ലാതില്ല. അതോ പുതിയ ഏതെങ്കിലും ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങിയതായും സംശയിക്കുന്നുണ്ട്. വിഷ്ണുവിന്റെ സ്വന്തം ബാങ്ക് അക്കൗണ്ടിൽ 90,000 രൂപ ബാലൻസ് ഉണ്ടായിരുന്നു. ഈ തുക മൊത്തമായും ആത്മഹത്യയ്ക്ക് മുമ്പ് വിഷ്ണു പിൻവലിച്ചതായി ബാങ്ക് രേഖകളിൽ  കാണുന്നുണ്ട്.

സ്വർണ്ണമാല പണയം വെച്ചുകിട്ടിയതടക്കം ഓൺലൈൻ തട്ടിപ്പിലാണ് വിഷ്ണുവിന്റെ രണ്ടേകാൽ ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതെന്ന് ഉറപ്പായിട്ടുണ്ട്. കപ്പൽജോലി പ്രതീക്ഷിച്ചു കഴിയുന്ന വിഷ്ണുവിനെ ഓൺലൈൻ തട്ടിപ്പിൽ കുടുക്കിയ തട്ടിപ്പു സംഘത്തെ ഉടൻ കണ്ടെത്താൻ കഴിയുമെന്ന് തന്നെയാണ് അന്വേഷണ സംഘത്തിന്റെ പ്രത്യാശ. വിഷ്ണുവിന്റെ ഒന്നിലധികം കൂട്ടുകാരെക്കൂടി ഇനി ചോദ്യം ചെയ്യാൻ ബാക്കിയുണ്ട്.

LatestDaily

Read Previous

വിദ്യാർത്ഥിനി ഗർഭിണി 20 കാരൻ അറസ്റ്റിൽ

Read Next

യുവതിയെ വീട്ടിൽക്കയറി മർദ്ദിച്ചു