നിഷാന്തിനെതിരെ ചരട് വലിച്ചവർ അജാനൂരിലും പിടിമുറുക്കി

ഇഷ്ടമില്ലാത്തവർ ബ്ലോക്കിലും ഗ്രാമ പഞ്ചായത്തിലും വരാതിരിക്കാൻ കരുനീക്കം

കാഞ്ഞങ്ങാട് : തദ്ദേശ തിരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് നഗരസഭയിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി. കെ. നിഷാന്തിനെ മൽസരിപ്പിക്കാതിരിക്കാൻ ചരട് വലിച്ച സിപിഎം ഉപജാപക സംഘം അജാനൂർ ഗ്രാമപഞ്ചായത്തിലെയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെയും സ്ഥാനാർത്ഥിത്വത്തിലും ചരട് വലിച്ചു സിപിഎം ജില്ലാ നേതൃത്വത്തിൽ സ്വാധീനമുള്ള ഒരു വിഭാഗമാണ് ചരടു വലിക്ക് പിന്നിലെന്ന സംശയം ബലപ്പെടുത്തുന്ന രീതിയിലാണ് ബ്ലോക്ക് പഞ്ചായത്തിലെയും ഗ്രാമ പഞ്ചായത്തുകളിലെയും സ്ഥാനാർത്ഥിത്വം നിർണ്ണയിച്ചത്.

കഴിഞ്ഞ തവണ ഉദുമയിലെ പാർട്ടി ഏരിയയിൽ നിന്നുള്ള വർക്കായിരുന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. ഇത്തവണ അത് കാഞ്ഞങ്ങാട് ഏരിയയിൽ നിന്നുള്ളവർക്ക് കിട്ടേണ്ടതായിരുന്നു.  എന്നാൽ, കാഞ്ഞങ്ങാട് ഏരിയക്ക് പ്രസിഡന്റ് സ്ഥാനം വന്നാൽ ഉപജാപക സംഘത്തിന് ഇഷ്ടപ്പെടാത്തവരായിരിക്കും പ്രസിഡന്റ് സ്ഥാനത്തേക്ക് വരിക. കാഞ്ഞങ്ങാട് നഗരസഭ ത്രിതല പഞ്ചായത്തിന് പുറത്തായതിനാൽ മടിക്കൈ, അജാനൂർ, പുല്ലൂർ– പെരിയ ഗ്രാമ പഞ്ചായത്തുകളിലുള്ള സിപിഎം നേതാക്കളെ യായിരിക്കും കാഞ്ഞങ്ങാട് ഏരിയയിൽ നിന്ന് പരിഗണിക്കുക. മടിക്കൈ ഗ്രാമ പഞ്ചായത്തിന്റെ മുൻ പ്രസിഡന്റായിരുന്ന ബേബി ബാലകൃഷ്ണൻ ജില്ലാ പഞ്ചായത്തിലേക്ക് പ്രസിഡന്റ് സ്ഥാനാർത്ഥിയായി മൽസരിക്കുന്നതിനാൽ അജാനൂർ, പുല്ലൂർ– പെരിയ പഞ്ചായത്തുകളിൽ നിന്നുള്ള സിപിഎം നേതാക്കൾക്കായിരിക്കും അവസരം ലഭിക്കുക.

പുല്ലൂർ– പെരിയയിൽ മുതിർന്ന നേതാവ് ടി. വി. കരിയൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മൽസരിക്കുന്നതു കൊണ്ട് അജാനൂർ ഗ്രാമ പഞ്ചായത്തിൽ നിന്നുള്ള ഉന്നത നേതാവിനെയായിരിക്കും ബ്ലോക്ക് പഞ്ചായത്തിലേക്കും അതു വഴി ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തേക്കും പരിഗണിക്കേണ്ടിവരിക. ഇതൊഴിവാക്കാനാണ് രണ്ടാം വട്ടവും പ്രസിഡന്റ് പദവി ഉദുമ ഏരിയയിൽ നിന്നുള്ളവർക്കു വിട്ട് നൽകിയത്.

ഇപ്രകാരം കഴിഞ്ഞ തവണ ഉദുമയിൽ നിന്നുള്ള ഗൗരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ സ്ഥാനത്ത് രണ്ടാം വട്ടവും സിപിഎം ഉദുമ ഏരിയ സിക്രട്ടറി കൂടിയായ കെ. മണികണ്ഠനെ പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കി. കാഞ്ഞങ്ങാട് ഏരിയയിൽ പാർട്ടിയെ നിയന്ത്രിക്കുന്ന സംഘത്തിന്റെ ചരട് വലികൾ ഇതോടെ വിജയം കണ്ടത്തുകയായിരുന്നു. അജാനൂർ ഗ്രാമ പഞ്ചായത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തിലും പ്രസ്തുത സംഘത്തിന്റെ സജീവ ഇടപെടലുകളുണ്ടായി.  അജാനൂരിൽ പ്രസിഡന്റ് സ്ഥാനം ഇത്തവണ വനിതാ സംവരണമായതിനാൽ വൈസ് പ്രസിഡന്റ് പദവി നിർണ്ണായകമാണ്.

മുതിർന്ന സിപിഎം നേതാവും സിഐടിയുവിന്റെ സംസ്ഥാന തലത്തിൽ തന്നെ അറിയപ്പെടുന്ന നേതാവുമായ കാറ്റാടി കുമാരനെ സ്ഥാനാർത്ഥിയാക്കാനായിരുന്നു പാർട്ടി ഏരിയ കമ്മിറ്റിക്ക് താൽപര്യം. എന്നാൽ, ബന്ധപ്പെട്ട വാർഡ് കമ്മിറ്റിയുടെ അംഗീകാരം വേണമെന്ന നിബന്ധനയുള്ളതിനാൽ കാറ്റാടി കുമാരന്റെ പേരു നിർദ്ദേശിക്കപ്പെട്ട രണ്ട് വാർഡുകളും കാറ്റാടി കുമാരനെ തള്ളാനിടയായത് ചിലരുടെ ഇടപെടലിനെ തുടർന്നായിരുന്നു. 19, 20– വാർഡുകളിലാണ് കാറ്റാടി കുമാരന്റെ പേര് നിർദ്ദേശിക്കപ്പെട്ടത്. രണ്ടിടത്തും യുവ നേതാക്കൾക്കാണ് പരിഗണന കിട്ടിയത്.

ഇപ്രകാരം വനിതാ സംവരണമുൾപ്പടെയുള്ള അജാനൂർ ഗ്രാമ പഞ്ചായത്ത് വാർഡുകളിലും ചിലരുടെ താൽപ്പര്യങ്ങൾക്കനുസരിച്ചാണ് സ്ഥാനാർത്ഥി നിർണ്ണയം നടത്തിയത്. സിപിഎമ്മിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി ശോഭ മൽസരിക്കുന്ന വേലാശ്വരത്തെ മൂന്നാം വാർഡിലും, പാർട്ടി സ്ഥാനാർത്ഥി യു. വി. ബഷീർ മൽസരിക്കുന്ന 17–ാം വാർഡായ അജാനൂർ കടപ്പുറത്തും സിപിഎം വിമതർ മൽസര രംഗത്തുണ്ടായിരുന്നത് സ്ഥാനാർത്ഥി നിർണ്ണയത്തിലെ പ്രതിഷേധ സൂചകമായാണ്. എന്നാൽ, 17– ാം വാർഡിലെ വിമത സ്ഥാനാർത്ഥി അവസാന നിമിഷം പത്രിക പിൻവലിച്ചു.

LatestDaily

Read Previous

ഹജജ് 2021: സൗദിയിൽ ഒരുക്കം തുടങ്ങി വാക്സിൻ ലഭ്യമായാൽ കൂടുതൽ പേർക്ക് അനുമതി

Read Next

വാർഡിൽ നിർമ്മാണ ജോലി വൈകിപ്പിച്ചു മുൻ കൗൺസിലറും എഞ്ചിനീയറും ഉടക്കി