പോലീസ് നോക്കുകുത്തി; അപകടം തുടർക്കഥ

സ്വന്തം ലേഖകൻ

അജാനൂർ: കാഞ്ഞങ്ങാട് കാസർകോട് സംസ്ഥാന പാതയിൽ മാണിക്കോത്ത് ബസ്സ് സ്റ്റോപ്പിനടുത്ത് അനധികൃത മത്സ്യ മാർക്കറ്റ്  കാരണം അപകടം പതിവാകുന്നു . മത്സ്യം വാങ്ങാനെത്തുന്ന ആളുകൾ റോഡിൽ തന്നെ വാഹനങ്ങൾ നിർത്തി വില പേശലും മറ്റും നടത്തുന്നതിനാൽ ഒന്നിന് പിറകേ മറ്റൊന്നായി വാഹനങ്ങൾ നിർത്തിയിടുന്നത്  മൂലം ഗതാഗതകുരുക്കും അപകടങ്ങളും ഇവിടെ പതിവായിട്ടുണ്ട്.

ഇക്കഴിഞ്ഞ ദിവസം റോഡിൽ നിർത്തിയിട്ടിരുന്ന വാഹനത്തിന് പിറകേ മറ്റൊരു വാഹനമിടിച്ച് ഇടിച്ച വാഹനത്തിന്റെ മുൻവശം പാടെ തകർന്നിരുന്നു.  ഏതാനും ദിവസം മുമ്പ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അന്യ സംസ്ഥാന തൊഴിലാളിയെ മത്സ്യമാർക്കറ്റിന് മുന്നിൽ ഒാട്ടോയിടിച്ച് പരിക്കേറ്റതിനെ  തുടർന്ന്  അതിഞ്ഞാലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തുകയുണ്ടായി.

അതിനിടെ മത്സ്യവിൽപ്പന നടത്തുന്നതിനെ തുടർന്നുള്ള മലിന ജലം റോഡരികിൽ ഉപേക്ഷിക്കുന്നതിനാൽ പരിസരമാകെ ദുർഗന്ധം പരക്കുന്നതിന് ഇടയാവുന്നു.   മാണിക്കോത്തും പരിസര പ്രദേശത്തും നടത്തിവരുന്ന അനധികൃത വ്യാപാരങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അജാനൂരിലെ വ്യാപാരി സംഘടന നേതാക്കൾ പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭക്ക് നിവേദനം സമർപ്പിച്ചിരുന്നുവെങ്കിലും നടപടിയുണ്ടാവില്ല.

അതേ സമയം അനധികൃത വ്യാപാരങ്ങളെ സംബന്ധിച്ച് വിവരങ്ങൾ അറിയുന്നതിന് പഞ്ചായത്ത് പ്രസിഡണ്ടിനെ ലേറ്റസ്റ്റിൽ നിന്ന് വിളിച്ചപ്പോൾ മരിച്ച വീട്ടിലാണിപ്പോഴുള്ളതെന്നും, അൽപ്പം കഴിഞ്ഞ് വിളിക്കാൻ ആവശ്യപ്പെടുകയുണ്ടായി.  പിന്നീട് പ്രസിഡണ്ടിന്റെ  സെൽഫോണിൽ വ്യത്യസ്ത സമയങ്ങളിലായി ആറ് തവണ വിളിച്ചെങ്കിലും  പ്രസിഡണ്ട് ഫോൺ കോൾ സ്വീകരിക്കാൻ തയ്യാറായിരുന്നില്ല. മാണിക്കോത്ത് ബസ്സ് സ്റ്റോപ്പിൽ മത്സ്യമാർക്കറ്റ് മൂലം റോഡിൽ അപകടം തുടർക്കഥയാവുമ്പോഴും പോലീസ്സോ പഞ്ചായത്തോ പൊതുമരാമത്ത് വകുപ്പോ ഇടപെടുന്നില്ല.

LatestDaily

Read Previous

ഹണിട്രാപ്പ് പ്രതി ദിൽഷാദ് പഴക്കച്ചവടക്കാരനെയും വഞ്ചിച്ചു

Read Next

വിദ്യാർത്ഥിനി ഗർഭിണി 20 കാരൻ അറസ്റ്റിൽ