ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാസർകോട്: മേൽപ്പറമ്പ് സ്വദേശിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസ്സിൽ മുഖ്യപ്രതി കാസർകോട്ടെ പഴവർഗ്ഗ കച്ചവടക്കാരനിൽ നിന്നും ഭൂമി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു. എറണാകുളം സ്വദേശിയും മൊഗ്രാൽ പുത്തൂരിൽ താമസക്കാരനുമായ കാസർകോട് കെഎസ്ആർടിസി ബസ് സ്റ്റാന്റ് പരിസരത്തെ പഴക്കച്ചവടക്കാരൻ എം.ഏ. അബ്ദുൾ ജലാലിനെയാണ് 52, ഹണിട്രാപ്പ് കേസ്സിലെ പ്രതി മീത്തൽ മാങ്ങാട്ടെ പാറയിൽ ദിൽഷാദ് തട്ടിപ്പിനിരയാക്കിയത്.
വാടകയ്ക്ക് താമസിക്കുന്ന അബ്ദുൾ ജലാലിന് വീട് വെക്കാൻ മേൽപ്പറമ്പ് ദേളിയിൽ സ്ഥലം കാണിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ദിൽഷാദ് രണ്ടരലക്ഷം രൂപ വാങ്ങിയത്. 2023 ഏപ്രിൽ 12––നാണ് ജലാൽ പണം കൈമാറിയത്. ഹണിട്രാപ്പ് കേസ്സിൽ പ്രതിയായ ദിൽഷാദിന്റെ ചിത്രങ്ങൾ പത്രത്തിൽ കണ്ടതിനെത്തുടർന്നാണ് താൻ തട്ടിപ്പിനിരയായതായി ജലാൽ തിരിച്ചറിഞ്ഞത്.
വാഗ്ദാനം ചെയ്ത വസ്തുവിന്റെ റജിസ്ട്രേഷൻ നടക്കാത്തതിനെത്തുടർന്ന് പണം തിരികെ ചോദിച്ച അബ്ദുൾ ജലാലിനെ പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് മംഗളൂരുവിലേക്ക് വിളിച്ചുവരുത്തി അപായപ്പെടുത്താൻ ശ്രമിച്ചതായും ജലാൽ പറഞ്ഞു. മക്കളുടെ പേരിലുള്ള ഇൻഷൂറൻസ് തുകയ്ക്ക് പുറമെ പലരിൽ നിന്നും കടം വാങ്ങിയാണ് ഇദ്ദേഹം ദിൽഷാദിന് പണം നൽകിയത്. തട്ടിപ്പിനിരയായി സമ്പാദ്യം നഷ്ടമായതോടെ ഇദ്ദേഹത്തിന്റെ പഴക്കച്ചവടവും പൂട്ടി.
ദിൽഷാദിനെതിരെ പരാതിയുമായി അബ്ദുൾ ജലാൽ പലതവണ കാസർകോട് പോലീസിനെ സമീപിച്ചുവെങ്കിലും, പോലീസ് പരാതി സ്വീകരിക്കാൻ തയ്യാറായില്ല. ഇതേത്തുടർന്ന് ഇദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിർദ്ദേശ പ്രകാരം കാസർകോട് പോലീസ് ദിൽഷാദിനെതിരെ കേസ്സെടുത്തു.