ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കേരള കോൺഗ്രസ്സ് -ബി ഇടതു മുന്നണി വിടാനൊരുങ്ങി
കാഞ്ഞങ്ങാട് : ബേക്കൽ പോലീസ് നടൻ ഗണേഷ്കുമാറിന്റെ കൊട്ടാരക്കരയിലെ വീടും എംഎൽഏ ഓഫീസിലും റെയ്ഡ് നടത്തിയതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ്സ് (ബി) ഇടതു മുന്നണി ബന്ധം ഉപേക്ഷിക്കാൻ നീക്കം. ഇടതു സർക്കാറിന്റെ പോലീസ്, ഭരണപക്ഷത്തുള്ള പാർട്ടിയുടെ ഏക എംഎൽഏയുടെ വീട്ടിലും, ഓഫീസിലും നടത്തിയ പരിശോധന പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയതായി ചെയർമാൻ ബാലകൃഷ്ണപിള്ളയടക്കമുള്ള കേരള കോൺഗ്രസ്സ് (ബി) നേതാക്കൾ തുറന്നടിച്ചു.
കൊട്ടാരക്കര പോലീസും, ബേക്കൽ പോലീസും ചേർന്ന് ഗണേഷ്കുമാറിന്റെ വീട്ടിൽ നടത്തിയ റെയ്ഡിനെതിരെ പരസ്യ പ്രതികരണവുമായി ബാലകൃഷ്ണപിള്ള രംഗത്തു വന്നു. ഓഫീസിലെ ഒരു ജീവനക്കാരൻ ചെയ്ത കുറ്റത്തിന് പാർട്ടിയേയും മുന്നണിയേയും അപമാനിക്കുന്ന തരത്തിലുള്ള നടപടിയാണ് ഇടതു സർക്കാർ പോലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായതെന്ന് ഗണേഷ്കുമാർ അഭിപ്രായപ്പെട്ടു. നടി ആക്രമണക്കേസിൽ സാക്ഷിയായ ബേക്കൽ തൃക്കണ്ണാട് മലാംകുന്നിലെ വിപിൻലാലിനെ, നടൻ ദിലീപിന് അനുകൂലമായി സാക്ഷി പറയുന്നതിന് ഭീഷണിപ്പെടുത്തിയ കേസിലാണ് ഗണേഷ്കുമാറിന്റെ ഓഫീസ് സിക്രട്ടറി പ്രദീപ് കോട്ടത്തലയെ ബേക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.
ബേക്കൽ പോലീസും, കൊട്ടാരക്കര പോലീസും സംയുക്തമായി ഗണേഷ്കുനാറിന്റെ വീട്ടിൽ നടത്തിയ റെയിഡിൽ കംപ്യൂട്ടർ ഹാർഡ് ഡിസ്ക്ക് ഉൾപ്പെടെ എംഎൽഏയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അറിവില്ലാതെ എംഎൽഏയുടെ വീട്ടിൽ റെയ്ഡ് നടക്കില്ലെന്നാണ് പാർട്ടി വിശ്വസിക്കുന്നത്. സിപിഎമ്മിന്റെയോ, മുഖ്യമന്ത്രിയുടെയോ അറിവില്ലാതെ ഭരണ മുന്നണിയിലെ എംഎൽഏയുടെ വീട്ടിൽ പോലീസ് കയറാൻ ധൈര്യപ്പെടില്ലെന്ന് കേരള കോൺഗ്രസ്സ് (ബി) നേതാക്കൾ ആരോപിച്ചു.
പാർട്ടി ചെയർമാന്റെ മകനായ എംഎൽഏയുടെ വീട്ടിലെ പോലീസ് പരിശോധനയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ്സ് (ബി) തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം എൽഡിഎഫ് ബന്ധം ഉപേക്ഷിക്കുമെന്നാണ് പുതിയ വിവരം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് അർഹമായ പരിഗണന മുന്നണിക്കകത്ത് നിന്നും ലഭിച്ചില്ലെന്ന പരാതി നേതൃത്വം ഉന്നയിച്ചിരുന്നു. ഇതിനിടയിലാണ് എംഎൽഏയുടെ വീട്ടിൽ പോലീസ് റെയിഡ് നടത്തിയത്.