ശബ്ന കുടുംബം നിയമവഴിയിൽ

കാഞ്ഞങ്ങാട്: പ്രസവ ശസ്ത്രക്രിയയിൽ ഡോക്ടർമാരുടെ കൈപ്പിഴ ഉറപ്പായതോടെ, ഇരയായ യുവഭർതൃമതി അജാനൂർ പള്ളോട്ടെ ശബ്നയും, കുടുംബവും ഡോക്ടർമാർക്ക് എതിരെ കേസ്സുമായി മുന്നോട്ട് പോകാൻ ശ്രമം. പോലീസ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ്സ് തെളിവുകളുടെ ബലത്തിൽ മുന്നോട്ട് പോകുമ്പോൾ, നല്ലൊരു തുക ഡോക്ടർമാരിൽ നിന്ന് നഷ്ടപരിഹാരമായി കിട്ടാൻ സിവിൽ കേസ്സ് കൊടുക്കാനുള്ള നീക്കത്തിലാണ് ശബ്നയുടെ കുടുംബം.

ഏറ്റവും ചുരുങ്ങിയത് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടാനുള്ള ആലോചനകൾ നടന്നുവരുന്നു. സിവിൽ കോടതിയിൽ അല്ലെങ്കിൽ, ഉപഭോക്തൃതർക്കപരിഹാരക്കോടതിയിൽ അന്യായം ഫയൽ ചെയ്യാനാണ് ശബ്നയുടെ രക്ഷിതാക്കളും ഭർത്താവും ആലോചിച്ചുവരുന്നത്. ഒരു കോടി രൂപ നഷ്ടപരിഹാരം ലഭിച്ചാൽ പോലും തീരാത്ത അതികഠിനമായ വേദനയും, മാനസ്സിക വ്യഥയുമാണ് ശബ്ന നേരിട്ടതെന്ന് യുവതിയുടെ അഭിഭാഷകൻ വെളിപ്പെടുത്തി. മിക്കവാറും ഉപഭോക്തൃ തർക്ക പരിഹാരക്കോടതിയിലായിരിക്കും നഷ്ടപരിഹാരക്കേസ്സ് ഫയൽ ചെയ്യുക. കാരണം, ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ കേസ്സ് കാലതാമസമില്ലാതെ തീർപ്പാകുമെന്ന് കണ്ടതിനാലാണ്, ഈ ഫോറത്തിൽ അന്യായം ബോധിപ്പിക്കാനുള്ള മുന്നൊരുക്കങ്ങൾ നടന്നു വരുന്നത്.

2020 ജൂൺ 20-നാണ് ശബ്നയെ കുശവൻ കുന്നിലുള്ള സൺറൈസ് ആശുപത്രിയിൽ സിസേറിയൻ നടത്തി ആൺകുഞ്ഞിനെ പുറത്തെടുത്തത്.
ഗർഭാശയരോഗ വിദഗ്ധൻ രാഘവേന്ദ്ര പ്രസാദാണ് സിസേറിയൻ നടത്തിയത്.
സിസേറിയൻ നടത്താൻ ഉദരം കീറിയപ്പോൾ, ചെറുകുടലും വൻകുടലും ചേരുന്നിടത്ത് അബദ്ധത്തിൽ കത്തികൊണ്ട് മുറിഞ്ഞ് സുഷിരം വീഴുകയും, ഈ സുഷിരത്തിലൂടെ മലം പുറത്തേക്ക് വരികയും ഉദരത്തിൽ കലരുകയും, ഇത് ഗുരുതര നിലയിലെത്തുകയും ചെയ്തുവെന്നാണ് സർക്കാർ ഡോക്ടർമാരുടെ പാനൽ റിപ്പോർട്ട്.

യുവതിക്ക് അതികഠിനമായ ഉദര വേദനയും, വയർ വീർത്തുവരികയും ചെയ്തതിനെ തുടർന്ന് തൊട്ടുത്ത ദിവസം സർജൻ ഡോ. ഗിരിധർ റാവു വീണ്ടും ശബ്നയുടെ ഉദരം കീറി രണ്ടാമതൊരു ശസ്ത്രക്രിയ നടത്തിയെങ്കിലും, ഈ ശസ്ത്രക്രിയയും കനത്ത പരാജയമായതിനാലാണ് ശബ്നയെ കണ്ണൂരിലുള്ള സ്വകാര്യാശുപത്രിയിലേക്ക് മാറ്റിയത്.  കണ്ണൂർ ആശുപത്രിയിൽ പിന്നീട് രണ്ട് ശസ്ത്രക്രിയകൾ നടത്തി സുഷിരം തുന്നിക്കെട്ടിയ ശേഷമാണ് യുവതി തലനാരിഴയ്ക്ക് മരണത്തിൽ നിന്ന് രക്ഷപ്പെട്ടത്. ശബ്നയുടെ രക്തത്തിൽ മാലിന്യം കടന്നതായി ഉറപ്പാക്കിയതിനാൽ കുഞ്ഞിന് മലയൂട്ടുന്നത് അപകടം ചെയ്യുമെന്ന് കണ്ടെത്തിയതിനാൽ പ്രസവാനന്തരം 6 മാസം കഴിഞ്ഞിട്ടും സ്വന്തം ആൺകുട്ടിക്ക് മുലയൂട്ടാൻ ഈ അമ്മയ്ക്ക് കഴിഞ്ഞിട്ടില്ല.

LatestDaily

Read Previous

തദ്ദേശ തിരഞ്ഞെടുപ്പ്: പോലീസ് വാഹന പരിശോധന കർശനമാക്കി

Read Next

ബേക്കൽ പോലീസ് ഗണേഷ്കുമാർ എംഎൽഏയുടെ വീട് റെയ്ഡ് ചെയ്തതിനെ ചൊല്ലി പൊട്ടിത്തെറി