നഗരസഭ 36,37– വാർഡുകളിൽ ഇടതു–വലതു ഇടനിലക്കാർ വഴി വോട്ട് കച്ചവടം

36–ൽ ഇടതു സ്വതന്ത്രൻ മുറിയനാവിയും 37–ൽ ലീഗ് വിമതൻ എം. ഇബ്രാഹിമും ജനവിധി തേടുന്നു

കാഞ്ഞങ്ങാട് : നഗരസഭയിലെ തീരമേഖലയിൽ ശ്രദ്ധേയമായ മൽസരം നടക്കുന്ന 36,37 വാർഡുകളിൽ ഇടതു വലതു മുന്നണി സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പിക്കാൻ വോട്ട് കച്ചവടം. കഴിഞ്ഞ തവണ ലീഗ് വിമതനായി മൽസരിച്ച് ലീഗ് ശക്തി കേന്ദ്രത്തിൽ വിജയം നേടിയ മഹമൂദ് മുറിയനാവി ഇത്തവണ സിപിഎം സ്വതന്ത്രനായി മൽസരിക്കുമ്പോൾ, 37–ാം വാർഡിൽ ലീഗ് സ്ഥാനാർത്ഥിയായി കഴിഞ്ഞ തവണ മഹമൂദിനൊപ്പം പ്രവർത്തിച്ച അഷ്റഫാണ് മൽസരിക്കുന്നത്. 37– ൽ മുസ്്ലീം ലീഗ് ജില്ലാ പ്രവർത്തക സമിതിയംഗവും കാഞ്ഞങ്ങാട് മണ്ഡലം മുസ്്ലീം ലീഗിന്റെ മുൻ ജനറൽ സിക്രട്ടറിയുമായിരുന്ന എം. ഇബ്രാഹിമാണ് ലീഗ് വിമതൻ. ഇവിടെ സിപിഎമ്മിലെ, എം. ചന്ദ്രനും, ഇടതു മുന്നണി സ്ഥാനാർത്ഥിയായി മൽസരിക്കുന്നുണ്ട്.

ബാവനഗർ മുസ്്ലീം ജമാഅത്ത് പ്രസിഡന്റായും, ജനറൽ സിക്രട്ടറിയായും പ്രവർത്തിച്ചിരുന്ന എം. ഇബ്രാഹിം മുസ്്ലീം ലീഗിന്റെ സംഘടനാ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. മുസ്്ലീം യൂത്ത് ലീഗിന്റെ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റായിരുന്ന ഇദ്ദേഹം പിന്നീട് ലീഗിന്റെ മണ്ഡലം ജനറൽ സിക്രട്ടറി മുൻസിപ്പൽ ലീഗ് ജനറൽ സിക്രട്ടറി തുടങ്ങിയ വിവിധ നിലകളിൽ പ്രവർത്തിച്ച് കഴിവ് തെളിയിച്ചാണ് മുസ്്ലീം ലീഗ് ജില്ലാ പ്രവർത്തക സമിതിയംഗമായത്. പൊതുവെ ലീഗിൽ സ്വീകാര്യനായ ഇബ്രാഹിമിന് ഇത്തവണ നഗരസഭയിൽ സ്ഥാനാർത്ഥിത്വം നൽകണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായിരുന്നുവെങ്കിലും, കഴിഞ്ഞ തവണ ലീഗ് വിമതനായ മഹമൂദ് മുറിയനാവിക്കൊപ്പം ആദ്യാവസാനം പ്രവർത്തന രംഗത്തുണ്ടായിരുന്ന സി. കെ. അഷ്റഫിനെയാണ് ലീഗ് സ്ഥാനാർത്ഥിയാക്കിയത്. ഇതിൽ പ്രതിഷേധമുള്ള മുതിർന്ന ലീഗ് പ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ പിന്തുണയിലാണ് എം. ഇബ്രാഹിം നഗരസഭയിലേക്ക് മൽസരിക്കുന്നത്.

സിപിഎം സഹകരണ വാഗ്ദാനവുമായി എം. ഇബ്രാഹിമിനെ സമീപിച്ചുവെങ്കിലും തികച്ചും സർവ്വതന്ത്ര സ്വതന്ത്രനായാണ് താൻ മൽസരിക്കുന്നതെന്നായിരുന്നു ഇബ്രാഹിമിന്റെ വിശദീകരണം. 37– ൽ സിപിഎം സ്ഥാനാർത്ഥിക്ക് ലഭിക്കാവുന്ന വോട്ടുകളിൽ ഒരു ഭാഗം ലീഗ് സ്ഥാനാർത്ഥി അഷ്റഫിന് നൽകി അഷ്റഫിന്റെ വിജയം ഉറപ്പാക്കാനാണ് കഴിഞ്ഞ തവണ മഹമൂദ് മുറിയനാവിക്കു വേണ്ടി പ്രവർത്തിച്ചവരുൾപ്പടെയുള്ള ഇടനിലക്കാരുടെ ശ്രമം. ഇതിന് ബദലായി മുസ്്ലീം ലീഗിലെ ഒരു വിഭാഗം 36–ാം വാർഡിൽ സിപിഎം സ്വതന്ത്രൻ മഹമൂദ് മുറിയനാവിക്ക് വോട്ട് മറിച്ച് നൽകും. ലീഗിലെ സെവൻ സ്റ്റാർ അബ്ദു റഹ്മാനാണ് മഹമൂദിനെതിരെ 36–ൽ മൽസരിക്കേണ്ടത്. വോട്ട് കച്ചവടം വഴി 36–ാം വാർഡിൽ ഇടതു സ്ഥാനാർത്ഥി മഹമൂദ് മുറിയനാവിയുടെയും 37– ാം വാർഡിൽ ലീഗ് സ്ഥാനാർത്ഥി സി. കെ. അഷ്റഫിന്റെയും വിജയം ഉറപ്പിക്കാനാവും.

കഴിഞ്ഞ നഗരസഭയിൽ സ്വതന്ത്രനായി മൽസരിച്ച് ലീഗിന് സ്വാധീനമുള്ള വാർഡിൽ ലീഗ് വിമതനായി ജയിച്ച മഹമൂദ് മുറിയനാവി പിന്നീട് നഗരസഭയിൽ സ്ഥിരം സമിതി അധ്യക്ഷനാവുകയും, ചെയർമാൻ വി. വി. രമേശന്റെ വിശ്വസ്തനായി മാറുകയും ചെയ്തു. ഇത്തവണ മഹമൂദിനെ വിജയിപ്പിക്കേണ്ടത് വി. വി രമേശന് ഒഴിച്ചു കൂടാനാവാത്ത സംഗതിയാണ് . ഇപ്രകാരം ഇത്തവണ ലീഗ് വിമതനായി രംഗത്തുള്ള എം. ഇബ്രാഹിമിനെ പരാജയപ്പെടുത്തേണ്ടത് മുസ്്ലീം ലീഗിൽ ഒരു വിഭാഗത്തിന്റെയും ആവശ്യമാണ്. ഇരു ആവശ്യങ്ങളും യാഥാർത്ഥ്യമാക്കാനുള്ള വോട്ട് കച്ചവടമാണ് പണച്ചാക്കുകളായ പ്രമാണിമാരുടെ സഹകരണത്തോടെ 36,37 വാർഡുകളിൽ നടക്കുന്നത്.

LatestDaily

Read Previous

ജനുവരി ഒന്നുമുതൽ പഴയ ഡീസൽ ഓട്ടോയ്ക്ക് നിരത്തിലിറങ്ങാനാവില്ല

Read Next

തദ്ദേശ തിരഞ്ഞെടുപ്പ്: പോലീസ് വാഹന പരിശോധന കർശനമാക്കി