പയ്യന്നൂർ: ബാങ്ക് ജീവനക്കാരി പീഢനത്തെ തുടർന്ന് ഭർതൃ ഗൃഹത്തിൽ ജീവനൊടുക്കിയ കേസിൽ ഭർത്താവും മാതാവും അറസ്റ്റിൽ. ഭർത്താവ് പഴയങ്ങാടിഅടുത്തിലയിലെ ഉണ്ണികൃഷ്ണൻ, മാതാവ് പത്മാവതി എന്നിവരെയാണ് പയ്യന്നൂർഡിവൈ.എസ്.പി.എ.ഉമേഷ് അറസ്റ്റ് ചെയ്തത്.
ഗാർഹീക പീഡനം ,ജാതി അധിക്ഷേപം ഇവയെ തുടർന്നാണ് ഇക്കഴിഞ്ഞ ജനുവരി 25ന് എസ്.ബി ഐ. മാടായി കോഴിബസാർ ശാഖയിലെ ജീവനക്കാരിയും അടുത്തില സ്വദേശിനിയുമായ ടി. കെ.ദിവ്യ 37, അടുത്തിലയിലെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ചത്. ഒരു വർഷം മുമ്പാണ് അടുത്തിലയിലെ ഉണ്ണികൃഷ്ണനുമായി യുവതിയുടെ വിവാഹം നടന്നത്. യുവതിയുടെ രണ്ടാം വിവാഹമാണിത്. അടുത്തിലയിലെ എം ശങ്കരൻ -വിജയലക്ഷി ദമ്പതികളുടെ മകളാണ്.
മകൾ: നവതേജ. ഭർതൃഗൃഹത്തിൽ കൊടിയ പീഡനം അനുഭവിച്ചതായി യുവതി വാട്സാപ്പിൽ സുഹൃത്തിന് മെസേജ് അയച്ചിരുന്നു.ഇതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.