ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ലീഗ് വിയർക്കുന്നു. മുസ്്ലീം ലീഗിന്റെ മഞ്ചേശ്വരം എംഎൽഏ, എം.സി.ഖമറുദ്ദീൻ നിക്ഷേപത്തട്ടിപ്പിൽ ജയിലിലാകുകയും , ജില്ലാ നേതാവായ ടി.കെ. പൂക്കോയ തട്ടിപ്പ് കേസിൽ ഒളിവിലാകുകയും, ചെയ്തതോടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ലീഗ് പ്രതിരോധത്തിലായത്.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് മഞ്ചേശ്വരം മണ്ഡലത്തിൽ സജീവമായി ഉണ്ടാകേണ്ട എംഎൽഏയാണ് വഞ്ചനാക്കേസുകളിലകപ്പെട്ട് ഒരു മാസമായി കണ്ണൂർ ജയിലിൽ റിമാന്റിൽ കഴിയുന്നത്. ബിസിനസ് തകർച്ച മൂലമാണ് ജ്വല്ലറി പൂട്ടിയതെന്ന് സംസ്ഥാന ലീഗ് നേതാക്കൾ പറയുന്നുണ്ടെങ്കിലും ജില്ലയിൽ ഈ ന്യായം വിലപ്പോകില്ലെന്ന് ജില്ലാ ലീഗ് നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്ന ലീഗ് നേതാക്കൾക്കും പ്രവർത്തകർക്കും തട്ടിപ്പ് കേസിൽ പ്രതിയായ എം.സി.ഖമറുദ്ദീനെ ന്യായീകരിക്കേണ്ട ഗതികേടുമുണ്ട്. ജില്ലയിൽ മുസ്്ലീം ലീഗിന് ഏറ്റവും കൂടുതൽ റിബൽ സ്ഥാനാർത്ഥികളുള്ള തെരഞ്ഞെടുപ്പ് കൂടിയാണ് ഇത്തവണ. ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ എംഎൽഏ അറസ്റ്റിലായിട്ട് ഇന്നേക്ക് ഒരു മാസം പൂർത്തിയായി. നവംബർ 7-നാണ് എം.സി. ഖമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം ജ്വല്ലറി നിക്ഷേപത്തട്ടിപ്പിൽ അറസ്റ്റ് ചെയ്തത്. ഖമറുദ്ദീന്റെ അറസ്റ്റ് വിവരമറിഞ്ഞ് മുങ്ങിയ ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസ് പ്രതി ടി.കെ. പൂക്കോയയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് ഒരു മാസമായിട്ടും കഴിഞ്ഞിട്ടില്ല.
ടി.കെ. പൂക്കോയയുടെ മകൻ എൻ.പി. ഇഷാം, ഫാഷൻ ഗോൾഡ് ജനറൽ മാനേജർ സൈനുൽആബിദ് എന്നിവരും ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിൽ ഒളിവിലാണ്. ഖമറുദ്ദീൻ അറസ്റ്റിലാകുന്നതിന് മുമ്പ് തന്നെ പൂക്കോയയുടെ മകൻ ഇഷാം ഗൾഫിലേക്ക് കടന്നിരുന്നു. ഖമറുദ്ദീൻ അറസ്റ്റിലാതിന് പിന്നാലെ ടി.കെ. പൂക്കോയക്ക് വേണ്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കിയതിനാൽ ഇദ്ദേഹം വിദേശത്തേയ്ക്ക് കടക്കാൻ സാധ്യതയില്ല.
നിക്ഷേപത്തട്ടിപ്പിൽ 116 കേസുകളിലായി എംഎൽഏയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് കാണിച്ചു കഴിഞ്ഞു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ദിനംപ്രതിയെന്നോണം പുതിയ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നുമുണ്ട്. ഒരു മാസത്തോളമായി റിമാന്റിലുള്ള എം.സി.ഖമറുദ്ദീൻ ഇപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിലാണ് റിമാന്റിലുള്ളത്. ജില്ലയിൽ ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും മുസ്്ലീം ലീഗ് പ്രവർത്തകരോ അനുഭാവികളോ ആണ്.
നേതാക്കളെ വിശ്വസിച്ചാണ് പലരും ഫാഷൻ ഗോൾഡ് സ്ഥാപനങ്ങളിൽ പണം നിക്ഷേപിച്ചത്. മുസ്്ലീം ലീഗ് ഭാരവാഹികളായിരുന്ന എം.സി.ഖമറുദ്ദീനും, ടി.കെ. പൂക്കോയയും പാർട്ടിയുടെ പേര് പറഞ്ഞാണ് അനുഭാവികളിൽ നിന്നും നിക്ഷേപങ്ങൾ സ്വീകരിച്ചത്. ഇപ്രകാരം കോടിക്കണക്കിന് രൂപയാണ് ഇരുവരും ചേർന്ന് നിക്ഷേപമായി പിരിച്ചെടുത്തത്. ഫാഷൻ ഗോൾഡിൽ പണം നിക്ഷേപിച്ച ലീഗ് അനുഭാവികളെ ലീഗ് ജില്ലാ, സംസ്ഥാന നേതൃത്വങ്ങൾ കയ്യൊഴിഞ്ഞതോടെ നിക്ഷേപത്തുക തിരിച്ചു കിട്ടാൻ വഴിയില്ലാതായ നിക്ഷേപകരുടെ മുന്നിൽ ലീഗ് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിക്കേണ്ട ഗതികേടിലാണ് ജില്ലയിലെ ലീഗ് നേതൃത്വവും അണികളും.