അനധികൃത കൈയ്യേറ്റം ഒഴപ്പിക്കാൻ പഞ്ചായത്തിന് മടി

സ്വന്തം ലേഖകൻ:

അജാനൂർ: അജാനൂർ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള സംസ്ഥാന പാതയോരത്തെ അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് പഞ്ചായത്ത് മടിച്ച് നിൽക്കുന്നു. കാഞ്ഞങ്ങാട്— കാസർകോട് സംസ്ഥാന പാതയിൽ പത്മ ക്ലിനിക്ക് തൊട്ട് ചിത്താരി പാലം വരെ റോഡിന്റെ ഇരുഭാഗത്തും അനവധി കൈയ്യേറ്റങ്ങളാണുള്ളത്. സർക്കാർ സ്ഥലത്ത് യാതൊരുവിധ അനുമതിയുമില്ലാതെ അനധികൃത നിർമ്മാണങ്ങളും ഷേഡുകളും നിർമ്മിച്ചിട്ടുള്ള വ്യാപാരങ്ങൾ വ്യാപകമായിട്ടുണ്ട്.

ഇത്തരം കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് 2023 മാർച്ച് മാസത്തിൽ അജാനൂർ പഞ്ചായത്ത് അധികൃതർ രംഗത്തിറങ്ങിയിരുന്നുവെങ്കിലും, തുടർ നടപടികൾ സ്വീകരിച്ചിരുന്നില്ല. അതിനിടെ മാണിക്കോത്ത് തിരക്കേറിയ റോഡിനരികിൽ വാഹന അപകടങ്ങൾക്ക് വഴിവെക്കുന്ന വിധത്തിൽ അനധികൃത മത്സ്യമാർക്കറ്റും പ്രവർത്തിച്ച് തുടങ്ങി.

ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനാവശ്യമായ നടപടികൾ പഞ്ചായത്ത് തല ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചിരുന്നു. പക്ഷേ മാസം രണ്ട് കഴിഞ്ഞിട്ടും നി യമം ലംഘിച്ചുള്ള കൈയ്യേറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ പഞ്ചായത്ത് മുമ്പോട്ട് വന്നില്ല.

ഏതാനും ദിവസം മുമ്പ് നീലേശ്വരത്ത് റോഡരികിൽ അനധികൃതമായി കൈയ്യേറി നടത്തുന്ന വ്യാപാര സ്ഥാപനങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ പൊളിച്ച് മാറ്റിയിരുന്നു. അനുമതിയില്ലാതെ നടത്തുന്ന ഇത്തരം വ്യാപാരങ്ങൾ അംഗീകൃത വ്യാപാരികളെ ബാധിക്കുന്നതായി വ്യാപാരി സംഘടനയുടെ പരാതിയുമുണ്ടായിരുന്നു.

LatestDaily

Read Previous

ഭക്ഷ്യ വിഷബാധയേറ്റവർ സുഖം പ്രാപിക്കുന്നു

Read Next

മകളെ കൊന്ന് യുവമാതാവ് തൂങ്ങി മരിച്ചു