പിതാവിനെ അടിച്ചുകൊന്ന മകൻ കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ

ബേക്കൽ: മകന്റെ അടിയേറ്റ് മരിച്ച പിതാവിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്തു. ഇന്നലെ വൈകുന്നേരം 5–45 നാണ് പള്ളിക്കര സെന്റ് മേരീസ് സ്കൂളിന് സമീപത്തെ വീട്ടിൽ മകൻ പിതാവിനെ തലയ്ക്കടിച്ചു വീഴ്ത്തിയത്. ബേക്കൽ പള്ളിക്കര കൊട്ടയാട്ടെ അപ്പുഡുവിന്റെ മകൻ അപ്പക്കുഞ്ഞിയെയാണ് 65, മകൻ പി.ടി. പ്രമോദ് തേങ്ങ പൊതിക്കുന്ന  ഇരുമ്പ് ഉപകരണം, പിക്കാക്ക്സ് എന്നിവ ഉപയോഗിച്ച് തലയ്ക്കടിച്ച് വീഴ്ത്തിയത്. ഗുരുതരമായി പരിക്കേറ്റ അപ്പക്കുഞ്ഞി രാത്രി 7–45 ന് ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരിച്ചത്.

മാർച്ച് 31-ന് ഉച്ചയ്ക്ക് ഒരുമണിക്ക് പ്രമോദ് പിതാവിനെ ഹാമർ, പൈപ്പ്റേയ്ഞ്ച് എന്നിവ ഉപയോഗിച്ച് തലയ്ക്ക് അടിച്ച് വീഴ്ത്തിയിരുന്നു. പ്രസ്തുത സംഭവത്തിൽ അപ്പക്കുഞ്ഞി  ബേക്കൽ പോലീസിൽ നൽകിയ പരാതിയിൽ പ്രമോദിനെതിരെ നരഹത്യാ ശ്രമത്തിന്  കേസ്സെടുത്തിരുന്നു. പിതാവിനെ കൊല്ലുമെന്ന് അന്നുതന്നെ പ്രമോദ് ഭീഷണി മുഴക്കിയിരുന്നു. പ്രമോദ് വീട്ടിൽ ബഹളമുണ്ടാക്കുന്നത് പിതാവ് പോലീസ് സ്റ്റേഷനിലെത്തി പരാതി  പറഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യമാണ് മാർച്ച് 31 ന് നടന്ന വധ ശ്രമവും തുടർന്ന് ഇന്നലെയുണ്ടായ കൊലപാതകവുമെന്നാണ് പ്രാഥമിക നിഗമനം.

പിതാവിനെ തലയ്ക്കടിച്ചു കൊന്ന പ്രമോദിനെതിരെ കൊലക്കുറ്റം  ചുമത്തി മറ്റൊരു കേസ്  ബേക്കൽ പോലീസ് റജിസ്റ്റർ ചെയ്തു. കൊല്ലപ്പെട്ട അപ്പക്കുഞ്ഞിയുടെ മൃതദേഹം ബേക്കൽ പോലീസ് ഇൻസ്പെക്ടർ അരുൺഷായുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. തലയ്ക്കേറ്റ ശക്തമായ അടിയാണ് മരണകാരണം.  ഗൾഫിൽ നിന്നും ആറ് മാസം മുമ്പ് തിരിച്ചെത്തിയ പ്രമോദ് അക്രമണ സ്വഭാവം കാണിക്കാൻ തുടങ്ങിയതോടെയാണ്, പിതാവ് മകനെതിരെ പോലീസിൽ പരാതി പറഞ്ഞത്. മകനെതിരെയുള്ള പരാതി മൂലം മകൻ തന്നെ അപ്പക്കുഞ്ഞിയുടെ അന്തകനുമായി.

സുജാതയാണ് അപ്പക്കുഞ്ഞിയുടെ ഭാര്യ. പ്രമോദിന് പുറമെ റീന, റീത്ത, എന്നിവർ മക്കളാണ്. മരുമക്കൾ: മധു, ജിതിൻ, പ്രവിത കൊലക്കേസിൽ പോലീസ്,  കസ്റ്റഡിയിലെടുത്ത പ്രമോദിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും.

LatestDaily

Read Previous

മടിക്കൈ നാരായണൻ നായർ വധത്തിന് ഇന്ന് മുപ്പതാണ്ട്

Read Next

ചെറുവത്തൂർ  മദ്യശാലയുടെ ലൈസൻസ് പുതുക്കി