സ്ഥലം കാണിച്ച് 5 ലക്ഷം വാങ്ങി വഞ്ചിച്ച കെട്ടിട ഉടമക്കെതിരെ കേസ്സ്

സ്വന്തം ലേഖകൻ

അജാനൂർ: സർക്കാർ സ്ഥലം സ്വന്തം ഭൂമിയാണെന്ന് വിശ്വസിപ്പിച്ച്  5 ലക്ഷം രൂപ മുൻകൂർ വാങ്ങി വഞ്ചിച്ചയാൾക്കെതിരേ കേസ്സ്. അജാനൂർ കോയാപ്പള്ളിക്കടുത്ത മമ്മുവിന്റെ മകൻ എം.എ ഹസൈനാറിന്റെ പരാതി പ്രകാരം  പാലക്കുന്ന് തിരുവക്കോളി സ്വദേശിയും കെട്ടിട ഉടമയുമായ റഹ്മത്തുള്ളക്കെതിരേയാണ് ഹോസ്ദുർഗ്ഗ് ജുഡീഷ്യൽ  ഒന്നാം  ക്ലാസ് മജിസ്സ്ത്രേട്ട് കോടതി നേരിട്ട് കേസ്സെടുത്തത്.

പരാതിക്കാരനായ ഹസൈനാറിന്റെ വീടിന് സമീപം റഹ്മത്തുള്ളയുടെ  ഉടമസ്ഥതയിലുള്ള എപി /5.5/ 397 മുതൽ 409 നമ്പർ വരെയുള്ള കെട്ടിടത്തോട് ചേർന്നുള്ള സർക്കാർ സ്ഥലം സ്വന്തം സ്ഥലമാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹസൈനാറിന്റെ വീട്ടിലേക്കുള്ള റോഡിന്റെ ആവശ്യത്തിന് വേണ്ടി ഒന്നരമീറ്റർ സ്ഥലം ഏഴര ലക്ഷം   രൂപ വില ഉറപ്പിച്ച് കരാർ എഴുതുകയും,  5 ലക്ഷം രൂപ ഹസൈനാർ റഹ്മത്തുള്ളക്ക് കൈമാറുകയും ചെയ്തിരുന്നു.

കരാർ കാലാവധിക്ക് സ്ഥലം രജിസ്റ്റർ ചെയ്ത് തരണമെന്ന്  ഹസൈനാർ റഹ്മത്തുള്ളയോട് ആവശ്യപ്പെട്ടുവെങ്കിലും സാങ്കേതിക കാരണം പറഞ്ഞ് സ്ഥലം രജിസ്റ്റർ ചെയ്ത് നൽകുന്നതിൽ നിന്നും റഹ്മത്തുള്ള ഒഴിഞ്ഞ് മാറുകയായിരുന്നു. പിന്നീട് പല തവണ ഹസൈനാർ റഹ്മത്തുള്ളയോട് സ്ഥലമോ അല്ലെങ്കിൽ മുൻകൂർ നൽകിയ പണമോ തിരിച്ച് നൽകണമെന്നാവശ്യപ്പെട്ടുവെങ്കിലും,  ഫലമുണ്ടായില്ല.

പിന്നീട് നടത്തിയ അന്വേഷണത്തിൽ തനിക്ക് കച്ചവടമുറപ്പിച്ച   സ്ഥലം സർക്കാരിന്റെ അധീനതയിലുള്ള സ്ഥലമാണെന്ന കാര്യം ബോധ്യപ്പെടുത്തുകയായിരുന്നു. ഇതേ തുടർന്ന് ഹസൈനാർ ഹോസ്ദുർഗ് പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി ക്കും,  ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.

ഒടുവിൽ നീതി ലഭിക്കണമെന്നാവശ്യപ്പെട്ടാണ് അഭിഭാഷകൻ അബ്ദുൽ കരീം മുഖേന ഹസൈനാർ ഹോസ്ദുർഗ് കോടതിയെ സമീപിച്ചത്. കെട്ടിട ഉടമയ്ക്ക് 5 ലക്ഷം രൂപ മുൻകൂർ നൽകിയ കരാറിൽ സാക്ഷികളായവരെ കോടതി വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് റഹ്മത്തുള്ളയുടെ പേരിൽ ഇന്ത്യൻ ശിക്ഷാനിയമം 420 പ്രകാരം കോടതി േകസ്സ് രജിസ്റ്റർ ചെയ്തത്.

LatestDaily

Read Previous

പഞ്ചായത്ത് ഉപാധ്യക്ഷനും ഹോട്ടലുടമയും തമ്മിലുള്ള ഏറ്റുമുട്ടൽ  നാട്ടുകാർ തടഞ്ഞു

Read Next

തൊണ്ടി മുതൽ ടിപ്പറും കാണാനില്ല, കവർച്ച ആനന്ദാശ്രമം നിർമ്മിതി വളപ്പിൽ