സ്വന്തം ലേഖകൻ
നീലേശ്വരം: ഭർത്താവിനെതിരെ പോലീസ്സിൽ പരാതി നൽകിയ വൈരാഗ്യത്തിൽ ഭർത്താവ് സ്വന്തം ഭാര്യയെ കത്തി കൊണ്ട് കുത്തി മുറിവേൽപ്പിച്ചു. കാഞ്ഞങ്ങാട് ഐങ്ങോത്തിന് പടിഞ്ഞാറ് മൂവാരിക്കുണ്ടിൽ താമസിക്കുന്ന പി. ശ്രീജിത്താണ് ഭാര്യ നീലേശ്വരം എരിക്കുളം സ്വദേശിനി സുനിതയെ എരിക്കുളത്തെ ഭാര്യാ ഗൃഹത്തിൽ കഠാര കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചത്. ഇന്നലെ വൈകുന്നേരം 6 മണിക്കാണ് സംഭവം. സുനിതയുടെ പിറകുവശം ശരീരത്തിൽ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി വീട്ടിനകത്തെ ഹാളിൽ സുനിതയെ പിടികൂടി നിലത്തിട്ട ശേഷം കഴുത്തിന് കുത്താൻ തുനിഞ്ഞപ്പോൾ യുവതി ഭർത്താവിന്റെ കൈയ്യിലുള്ള കഠാര തട്ടിമാറ്റിയതിനാൽ, കഴുത്തിന് കുത്തേറ്റില്ല. ഇന്ത്യൻ ശിക്ഷാ നിയമം 341, 323, 324, 308 എന്നീ വകുപ്പുകളിൽ പി. ശ്രീജിത്തിന്റെ പേരിൽ നീലേശ്വരം പോലീസ് കേസ്സെടുത്തു.