ആ കളി സ്ഥലത്ത് അമ്പലക്കമ്മിറ്റി കുഴികുത്തി

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന കവ്വായി ക്ഷേത്രത്തിന് മുന്നിലുള്ള  കളിസ്ഥലത്ത് അമ്പലക്കമ്മിറ്റി നിറയെ കുഴികുത്തി കുട്ടികളോട് പക വീട്ടി. വർഷങ്ങളായി കുട്ടികൾ കളിച്ചുവരുന്ന ഈ കളിസ്ഥാലത്ത് ക്ഷേത്രക്കമ്മിറ്റി ഉപരോധമേർപ്പെടുത്തിയത് കഴിഞ്ഞയാഴ്ചയാണ്.

ക്ഷേത്ര പരിസരത്ത് താമസിച്ചുവരുന്ന കുട്ടികൾ വൈകുന്നേരങ്ങളിൽ ഈ മൈതാനത്ത് കളിക്കുമ്പോൾ പന്ത്  ക്ഷേത്രത്തിന്റെ ചുമരിൽ തട്ടി വൃത്തികേടാവുന്നുവെന്ന പരാതി അമ്പലക്കമ്മിറ്റി പോലീസിന് കൊടുത്തിരുന്നു. കുട്ടികൾ പിന്നെവിടെ കളിക്കുമെന്ന് ചോദിച്ച് അമ്പലക്കമ്മിറ്റിക്കാരെയും കമ്മിറ്റിക്കാരൊടൊപ്പം പോലീസിലെത്തിയ അഭിഭാഷകനെയും പോലീസ് തിരിച്ചയച്ചിരുന്നു.

ഇതിൽ പിന്നീടാണ് കുട്ടികളുടെ കളിസ്ഥലത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഒരാൾ ആഴത്തിലുള്ള കുഴികുത്തിയത്. ഈ കുഴികളിൽ തെങ്ങിൻ തൈ നടുമെന്ന് ക്ഷേത്രകമ്മിറ്റി വൃത്തങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

സർക്കാരും, നാട്ടിലെ കലാ- കായിക സംഘടനകളും കളിച്ചുവളരുന്ന കുട്ടികൾക്ക് കളിക്കളം ഒരുക്കിക്കൊടുത്ത്  തലമുറയെ പ്രോത്സാഹിപ്പിക്കുമ്പാഴാണ്, കാഞ്ഞങ്ങാട് നഗരസഭാ പ്രദേശമായ കവ്വായിയിൽ കുട്ടികളുടെ കളിസ്ഥലത്ത് ക്ഷേത്ര കമ്മിറ്റിക്കാർ ആന വീഴുന്ന കുഴികുത്തി വെച്ച് വളരുന്ന തലമുറയോട് കടുംകൈ കാണിച്ചത്. 

സംഭവം അമ്പലക്കമ്മിറ്റിക്കെതിരെ നാട്ടിൽ കടുത്ത പ്രതിഷേധത്തിന് വഴി തുറന്നു. പന്ത് അമ്പലച്ചുമരിൽ തട്ടുന്നതിന് ആ ഭാഗത്ത് നെറ്റ് കെട്ടാമെന്ന് യുവാക്കൾ നിർദ്ദേശിച്ചിട്ടും, അമ്പലക്കമ്മിറ്റി കേട്ടിരുന്നില്ല.

LatestDaily

Read Previous

ഉപ്പള കവര്‍ച്ചയ്ക്ക് പിന്നില്‍ ക്വട്ടേഷന്‍ സംഘം

Read Next

ഭാര്യയെ ഭർത്താവ് കുത്തി മുറിവേൽപ്പിച്ചു, വധശ്രമത്തിന് കേസ്