ഉപ്പള കവര്‍ച്ചയ്ക്ക് പിന്നില്‍ ക്വട്ടേഷന്‍ സംഘം

കാസര്‍കോട്: ഉപ്പളയില്‍ എടിഎമ്മില്‍ പണം നിറക്കാനെത്തിയ വാഹനത്തില്‍ നിന്നും അരക്കോടി രൂപ പട്ടാപ്പകല്‍ കൊള്ളയടിച്ച സംഭവത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘം.  പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇതു സംബന്ധിച്ച സൂചന ലഭിച്ചത്. ഇതേ തുടര്‍ന്ന് കാസര്‍കോട് ഡി.വൈ.എസ്.പി, ഹരിനാരായണന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഉടന്‍ തമിഴ്നാട്, തൃശിനാപ്പള്ളിയിലേക്ക് പോകും. 

മാര്‍ച്ച് 27ന് ഉച്ചയ്ക്കാണ് ഉപ്പള ടൗണിലെ എടിഎമ്മില്‍ പണം നിറക്കാനെത്തിയ സ്വകാര്യ ഏജന്‍സിയുടെ വാഹനത്തില്‍ നിന്ന് പണം കൊള്ളയടിച്ചത്. വാഹനത്തിന്റെ ചില്ലു തകര്‍ത്ത് അകത്തേക്ക് കയ്യിട്ട് പണമടങ്ങിയ ബാഗുമായി ഒരാള്‍ കടന്നുകളയുകയായിരുന്നു. 

ഇയാളുടെ ദൃശ്യം സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. പിന്നീട് പണം മറ്റൊരാള്‍ക്ക് കൈമാറുകയും ചെയ്യുന്നതിന്റെയും തുടര്‍ന്ന് ഒരു കാറില്‍ കയറുന്നതിന്റെ  ദൃശ്യങ്ങളും ലഭിച്ചിരുന്നു. പ്രസ്തുത കാര്‍ കണ്ടെത്തിയെങ്കിലും കൊള്ളക്കാര്‍ പോലീസിനെ സമര്‍ത്ഥമായി കബളിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. 

ഉപ്പള ടൗണില്‍ ഏതോ ആവശ്യത്തിനെത്തിയ ഒരാളുടേതാണ് കാര്‍. നിര്‍ത്തിയിട്ട ഈ കാറിന്റെ ഒരു ഭാഗത്ത് കൂടി കയറിയ മോഷ്ടാവ് മറുഭാഗത്തു കൂടി പുറത്തിറങ്ങിപ്പോവുകയായിരുന്നു. ഇറങ്ങിപ്പോയ ഭാഗത്തെ സിസിടിവി ക്യാമറയിലെ ചിത്രം പരിശോധിച്ചപ്പോഴാണ് പ്രൊഫഷണല്‍ സംഘത്തിന്റെ അതിബുദ്ധി പോലീസിന് വ്യക്തമായത്.

ആള്‍ക്കാരുടെ ശ്രദ്ധ തിരിച്ചുവിട്ട് സംഘം എങ്ങനെയാണ് രക്ഷപ്പെട്ടതെന്നു വ്യക്തമല്ല. സംഘം മംഗളൂരുവിലേക്ക് പോയിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍.പട്ടാപ്പകല്‍ നടന്ന കൊള്ളയ്ക്കു പിന്നില്‍ ഒരാളുടെ ബുദ്ധിയാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. പ്രസ്തുത ആള്‍ തമിഴ്നാട്ടിലെ കവര്‍ച്ചക്കാരുടെ കുപ്രസിദ്ധ കേന്ദ്രമായ ‘തിരുട്ടുഗ്രാമത്തിലെ’ പ്രൊഫഷണല്‍ ആള്‍ക്കാരെ ഉപയോഗപ്പെടുത്തിയിരിക്കാമെന്നും അന്വേഷണ സംഘം കണക്കുകൂട്ടുന്നു

LatestDaily

Read Previous

മടിക്കൈയിൽ കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് ബി ജെ പിയിൽ

Read Next

ആ കളി സ്ഥലത്ത് അമ്പലക്കമ്മിറ്റി കുഴികുത്തി