മുസ് ലീം ലീഗിനേക്കാൾ സീറ്റ് നേടാനാകുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്സ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിൽ മുസ്്ലീം ലീഗിനേക്കാൾ സീറ്റ് നേടി യുഡിഎഫിൽ ഒന്നാമതെത്താനാകുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്സ്.
43 വാർഡുകളുള്ള നഗരസഭയിൽ 26 വാർഡുകളിൽ കോൺഗ്രസ്സ് സ്വന്തം സ്ഥാനാർത്ഥികളെയോ, സ്വതന്ത്ര സ്ഥാനാർത്ഥികളെയോ മത്സരിപ്പിക്കുന്നുണ്ട്.
അതിയാമ്പൂര് വാർഡിൽ സ്ഥാനാർത്ഥിയെ പിൻവലിച്ച് സിപിഎം റിബൽ സ്ഥാനാർത്ഥിയെ കോൺഗ്രസ്സ് പിന്തുണക്കുന്നു. യുഡിഎഫിലെ രണ്ടാം കക്ഷിയായ മുസ്്ലീം ലീഗാവട്ടെ 16 വാർഡുകളിൽ മത്സരിക്കുന്നു.

കാലാകാലങ്ങളിൽ യുഡിഎഫിലുള്ള ആകെ സീറ്റിൽ മൂന്നിൽ രണ്ടുഭാഗം സീറ്റുകളിലും കോൺഗ്രസ്സ് സ്ഥാനാർത്ഥികളാണ് മത്സരിക്കാറുള്ളതെങ്കിലും, യുഡിഎഫ് അധികാരത്തിലെത്തിയ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൾക്കിടയിൽ മുസ്്ലീം ലീഗാണ് ചെയർമാൻ പദം അലങ്കരിച്ചിരുന്നത്. ഇതിന് പ്രധാന കാരണം കൂടുതൽ സീറ്റിൽ മത്സരിച്ചിട്ടും, മുസ്്ലീം ലീഗിനേക്കാൾ കൂടുതൽ കൗൺസിലർമാരെ നഗരസഭയിലെത്തിക്കാൻ കോൺഗ്രസ്സിന് കഴിയാതെപോയതാണ്.

മുസ്്ലീം ലീഗ് 13 സീറ്റുകളിൽ വിജയിച്ചപ്പോൾ, കോൺഗ്രസ്സിന് ഏറ്റവും ദയനീയമായ സ്ഥിതിയായിരുന്നു 2015-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ടത്.
2000 വർഷത്തിൽ കാഞ്ഞങ്ങാട് നഗരസഭയിൽ സിപിഎമ്മിനെക്കാൾ വലിയ പാർട്ടിയും ഒറ്റ കക്ഷിയും കോൺഗ്രസ്സായിരുന്നു. കോൺഗ്രസ്സ് ഒന്നാം കക്ഷിയും മുസ്്ലീം ലീഗ് രണ്ടാം കക്ഷിയുമായിരുന്ന 2000 വർഷവും അതിന് മുമ്പുള്ള കാലവും 2021ലെത്തുമ്പോൾ ആ നല്ലകാലം പൂവണിയുമെന്ന് കോൺഗ്രസ്സ് നേതൃത്വം സ്വപ്നം കാണുന്നു. കാലുവാരലും, തൊഴുത്തിൽ കുത്തും മൂലം കഴിഞ്ഞതവണ മൂന്ന് സീറ്റിൽ ഒതുങ്ങിപ്പോയ കോൺഗ്രസ്സ് ഇത്തവണ ഒരു ഫിനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽക്കുമെന്ന പ്രതീക്ഷ നേതൃത്വത്തിനുണ്ട്.

റിബൽ സ്ഥാനാർത്ഥികളുടെ രംഗപ്രവേശനവും സ്ഥാനാർത്ഥികളെ കണ്ടെത്തുന്നതിലുള്ള തർക്കത്തെ തുടർന്ന് സിപിഎം- ബിജെപി കോൺഗ്രസ്സ് നേതൃത്വങ്ങൾ ഉണർന്നപ്പോൾ, ഇത്തവണ പൂർണ്ണമായും തർക്കമൊഴിവാക്കി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താനായത് ഒന്നാംഘട്ട വിജയമായാണ് കോൺഗ്രസ്സ് കാണുന്നത്. കോൺഗ്രസ്സ് മത്സരിക്കുന്ന പല വാർഡുകളിലും പ്രതിപക്ഷത്തിന്റെ പ്രമുഖ സ്ഥാനാർത്ഥികളെ മലർത്തിയടിച്ച് കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ വിജയിക്കുമെന്നാണ് വിലയിരുത്തൽ. 22 വാർഡുകളിൽ കൂടുതൽ യുഡിഎഫ് നേടുകയും, ഇതിൽ 12 സീറ്റ് കോൺഗ്രസ്സിന് ലഭിക്കുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.

2000-ൽ ഷെരീഫ ഇബ്രാഹിം ചെയർപേഴ്സൺ ആയതിന് ശേഷം ഒരു കോൺഗ്രസ്സ് അംഗത്തിനും ചെയർമാൻ കസേരയിലെത്താനായിട്ടില്ല.  20 വർഷങ്ങൾക്കിപ്പുറം കോൺഗ്രസ്സ് കാഞ്ഞങ്ങാട്ട്് 2000 ആവർത്തിക്കാനൊരുങ്ങുകയാണെന്ന് അണികളും നേതാക്കളും അവകാശപ്പെടുന്നു.

LatestDaily

Read Previous

നീലേശ്വരത്ത് നില മെച്ചപ്പെടുത്തുമെന്ന് എൽഡിഎഫ്

Read Next

മകൻ കൈയ്യേറ്റം ചെയ്തതായി മാതാവ്