കള്ളനോട്ട് പ്രതികളെ ചതിച്ചത് നവവധു

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: ആറരക്കോടി രൂപയുടെ  കള്ളനോട്ടുകേസ്സിലകപ്പെട്ട് മുങ്ങിയ പ്രതികളുടെ അറസ്റ്റ് സുഗമമാക്കിയത് ഈ കേസ്സിൽ രണ്ടാംപ്രതിയായ പാണത്തൂർ അബ്ദുൾ റസാക്കിന്റെ 56, നവവധുവായ മകൾ. കള്ളനോട്ട് പോലീസ് പിടികൂടിയ ദിവസം തന്നെ നാട്ടിൽ നിന്ന് മുങ്ങിയ പ്രതി സുള്ള്യ സുലൈമാനും 65, അബ്ദുൾ റസാക്കും കുടുംബവും എത്തിയത് വയനാട്ടിലെ സുൽത്താൻ ബത്തേരിയിലുള്ള റിസോർട്ടിലാണ്.

ഒരു ദിവസം റിസോർട്ടിൽ ആരുമറിയാതെ തങ്ങിയശേഷം പിറ്റേന്ന് സുൽത്താൻബത്തേരിയിൽ നിന്ന്30 കി.മീ. അടുത്തുള്ള മൈസൂർ പട്ടണത്തിലേക്ക് കടക്കാനായിരുന്നു സംഘത്തിന്റെ ഗുഢ പദ്ധതി. പാണത്തൂർ അബ്ദുൾ റസാക്കിന്റെ തിരുവനന്തപുരം  രണ്ടാംഭാര്യ ഷക്കീലയിലുള്ള മൂത്തമകളുടെ നിക്കാഹ് കഴിഞ്ഞത് ഒന്നരമാസം മുമ്പാണ്. റസാക്ക് നാടുവിടുമ്പോൾ ഒപ്പം ഭാര്യയേയും, അമ്പലത്തറ ഗവ. ഹൈസ്ക്കൂൾ ഒമ്പതാംതരത്തിൽ പഠിക്കുന്ന മകനെയും, നിക്കാഹ് കഴിഞ്ഞ പതിനെട്ടുകാരിയായ മകളെയും ഒപ്പം കൊണ്ടുപോയിരുന്നു.

തൽസമയം കള്ളനോട്ടിന്റെ കേന്ദ്രബുദ്ധിയായ സുള്ള്യ സുലൈമാൻ തനിച്ചാണ് ഈ സംഘത്തിനൊപ്പം ചേർന്നത്. റിസോർട്ടിലെ താമസത്തിനിടയിൽ അബ്ദുൾ റസാക്കിന്റെ നവവധുവായ മകൾ സ്വന്തം നവവരനെ സെൽഫോണിൽ വിളിച്ചതാണ് പ്രതികൾ കുടുങ്ങാനുണ്ടായ ഏക കാരണം.

റസാക്കിന്റെയും സുലൈമാന്റെയും സെൽഫോണുകൾ അമ്പലത്തറയിൽ കള്ളനോട്ട് സൂക്ഷിച്ച ഗുരുപുരം വീട് പോലീസ് വളഞ്ഞ വിവരം ലഭിച്ചയുടൻ പൂർണ്ണമായും സ്വിച്ച്ഓഫ്ചെയ്തിരുന്നു. കേസ്സന്വേഷണ സംഘം ഒരുമുളം  മുമ്പേ വലയെറിഞ്ഞതിനാൽ നവവധുവായ പെൺകുട്ടിയുടെ സെൽഫോൺ നമ്പർ കൂടി സൈബർസെല്ലിന് നൽകിയിരുന്നു.

വയനാട്ടിലേക്കുള്ള ഒളിച്ചോട്ടത്തിനിടയിൽ സഞ്ചരിച്ച വണ്ടിയിലൊന്നും നവവധു സ്വന്തം സെൽഫോൺ തുറന്നിരുന്നില്ല. എന്നാൽ റിസോർട്ടിൽ മുറിയെടുത്ത ശേഷം സുലൈമാനും അബ്ദുൾ റസാക്കുംകാണാതെ നവവധു സ്വന്തം ഫോണിൽ നിന്ന് നവവരനെ വിളിച്ചതാണ് പ്രതികൾക്ക് വിനയായി മാറിയത്. നവവധുവിന്റെ സെൽനമ്പർ പോലീസ് സൈബർസെല്ലിന് നൽകുമെന്ന് പ്രതികൾ തീരെ നിനച്ചിരുന്നില്ല.

LatestDaily

Read Previous

ചെറുവത്തൂർ മദ്യശാലാ വിഷയത്തിൽ സിപിഎം നേതൃത്വത്തിനെതിരെ ഉയർന്ന ബാനർ അഴിച്ചുമാറ്റി

Read Next

രാധയെ ഊരുവിലക്കിയിട്ടില്ലെന്ന് സിപിഎം