ചെറുവത്തൂർ മദ്യശാലാ വിഷയത്തിൽ സിപിഎം നേതൃത്വത്തിനെതിരെ ഉയർന്ന ബാനർ അഴിച്ചുമാറ്റി

സ്വന്തം ലേഖകൻ

ചെറുവത്തൂർ: ചെറുവത്തൂരിലെ പൂട്ടിയിട്ട കൺസ്യൂമർഫെഡ് മദ്യശാല ഉടൻതുറക്കണമെന്നാവശ്യപ്പെട്ട് ചെറുവത്തൂർ പോരാളികളുടെ പേരിൽ ചെറുവത്തൂർ ബസ് സ്റ്റാന്റ് പരിസരത്ത് സ്ഥാപിച്ച ഫ്ലക്സ് ഡിവൈഎഫ്ഐ ജില്ലാ നേതാവിന്റെ നേതൃത്വത്തിൽഅഴിച്ചുമാറ്റിയതിന് പിന്നാലെ മദ്യശാലാ വിവാദം ചെറുവത്തൂരിൽ വീണ്ടും കത്തുന്നു.

ഇന്നലെയാണ് പാർട്ടിനേതൃത്വത്തെ വിമർശിച്ച് ചെറുവത്തൂർ പോരാളികൾ ഫ്ലക്സ് ബാനറുയർത്തിയത്.പറ്റിയത് തെറ്റുതന്നെയെന്ന ശീർഷകത്തിൽ ഉയർത്തിയ ബാനറിൽ പാർട്ടിനേതൃത്വത്തിനുള്ള മുന്നറിയിപ്പായിരുന്നു ഉണ്ടായിരുന്നത്. തെറ്റ് തിരുത്താൻ തയ്യാറായില്ലെങ്കിൽ അണികൾ നേതൃത്വത്തിൽ നിന്നും അകലം പാലിക്കുമെന്നാണ് മുന്നറിയിപ്പ്.

ബാർ മുതലാളിക്ക് ഒരു വോട്ടുമാത്രമേയുള്ളൂവെന്നും അണികൾക്ക് ആയിരക്കണക്കിന് വോട്ടുകളുണ്ടെന്നും തെറ്റ് തിരുത്തിക്കാൻ അതുമതിയെന്നും ഓർമ്മപ്പെടുത്തുന്ന ബാനറിലെ പ്രധാന ആവശ്യം പൂട്ടിച്ച മദ്യശാല അതേസ്ഥലത്ത് തന്നെ തുടങ്ങണമെന്നാണ്. മുതലാളിയുടെ കരംപിടിക്കണോ തൊഴിലാളികളുടെ കരംപിടിക്കണോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടി നേതൃത്വമാണെന്നും ബാനർ ഓർമ്മപ്പെടുത്തുന്നു.

ചെറുവത്തൂർ പോരാളികൾ സ്ഥാപിച്ച ബാനർ അഴിച്ചുമാറ്റിയതിന്പിന്നാലെ മറ്റൊരു ബാനർ സ്ഥാപിക്കാൻ ശ്രമമുണ്ടായിരുന്നെങ്കിലും ചന്തേര പോലീസ് വിഷയത്തിലിടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. ബാനറുയർത്തി ക്രമസമാധാന പ്രശ്നമുണ്ടാക്കാൻ അനുവദിക്കില്ലെന്നായിരുന്നു പോലീസിന്റെ നിലപാട്. മദ്യശാലാ വിവാദം വീണ്ടും പുകയുമ്പോൾ സിപിഎം പ്രാദേശിക നേതൃത്വവും പ്രതിരോധത്തിലാണ്.

അതിനിടെ മാസങ്ങളായി വാടക ലഭിക്കാത്തതിനെ തുടർന്ന് പൂട്ടിയിട്ട ചെറുവത്തൂരിലെ കൺസ്യൂമർ ഫെഡ് മദ്യശാലാ കെട്ടിടത്തിന്റെ ഉടമയായ ആനിക്കാടിയിലെ മാധവൻ കെട്ടിടത്തി വേറെ താഴിട്ട് പൂട്ടി. കെട്ടിട ഉടമയും കൺസ്യൂമർ ഫെഡുമായുള്ള വാടകത്തർക്കം കോടതി കയറിയിരിക്കുകയാണ്.

LatestDaily

Read Previous

മാല പൊട്ടിക്കല്‍; കീഴൂര്‍ സ്വദേശിയെ ചോദ്യം ചെയ്യുന്നു

Read Next

കള്ളനോട്ട് പ്രതികളെ ചതിച്ചത് നവവധു