മുഹമ്മദ് സവാദ് മരിച്ചത് കരളിൽ വിഷം കലർന്ന്; ദുരൂഹത അകലുന്നില്ല

രാജപുരം : പാണത്തൂർ തോട്ടം സ്വദേശി സഫിയയുടെ മകൻ മുഹമ്മദ് സവാദ് 13, മരണപ്പെട്ടത് കരളിലേക്ക് അൽപ്പാൽപ്പം വിഷാംശം കലർന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.  പത്തു ദിവസം മുൻപ് അപ്രതീക്ഷിതമായി തല കറങ്ങി വീണ കുട്ടിയുടെ കരളിലേക്ക് എങ്ങിനെ വിഷാംശം കലർന്നെന്ന കാര്യത്തിൽ ദുരൂഹത വർദ്ധിക്കുകയാണ്.

കാഞ്ഞങ്ങാട് കുശാൽ നഗറിൽ മാതാവ് സഫിയയുടെ സഹോദരിയുടെ മകളുടെ വീട്ടിലാണ് മുഹമ്മദ് സവാദും, ഏക സഹോദരൻ, ജേഷ്ഠൻ അബ്ദുൾ റഹ്മാനും താമസിച്ച് വന്നിരുന്നത്. മാതാവ് മാണിക്കോത്തെ ഒരു വീട്ടിൽ താമസിച്ച് വീട്ടു ജോലി ചെയ്തു വരികയാണ്. ദേളി സഅഃദിയ്യയിലെ എട്ടാം തരംവിദ്യാർത്ഥിയായി സവാദും സഹോദരനും കോവിഡിനെ തുടർന്ന് സ്ക്കൂൾ അടച്ചതിനുശേഷം കുശാൽ നഗറിലെ ബന്ധു വീട്ടിലാണ് ആറ് മാസത്തിലേറെയായി താമസം.

രാത്രി പയർ കറിക്കൊപ്പം കഞ്ഞി കഴിച്ചതിനു പിന്നാലെയായിരുന്നു സവാദിന് അസ്വസ്ഥത അനുഭവപ്പെട്ടത്. പിച്ചും പേയും പറഞ്ഞു തുടങ്ങിയ കുട്ടി ഏതാനും ദിവസം മംഗ്ളൂരുവിലെ ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞു. കരളിന് വിഷാംശം ബാധിച്ചതായി സംശയിക്കുന്നതായി മംഗ്ളൂരുവിലെ ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് തോട്ടം പള്ളി ഭാരവാഹികൾ മുൻകൈയെടുത്താണ് സവാദിനെ കോഴിക്കോട് മിംസിലേക്ക് മാറ്റി വിദഗ്ധ ചികിൽസ നൽകിയത്. ഡോക്ടർമാരുടെ അവസാന ശ്രമവും പരാജയപ്പെട്ടതോടെ വെള്ളിയാഴ്ച വൈകീട്ട് കുട്ടി മിംസ് ആശുപത്രിയിൽ മരണപ്പെടുകയായിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ നടന്ന പോസ്റ്റ് മോർട്ടത്തിൽ കുട്ടിയുടെ കരളിലേക്ക് അൽപ്പാൽപ്പം വിഷം കലർന്നാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായി. പ്രത്യക്ഷത്തിൽ കുട്ടിയുടെ കരളിന് വിഷബാധയേൽക്കേണ്ട സാഹചര്യമില്ലെന്നാണ് വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും പറയുന്നത്. കരളിന് തകരാറു സംഭവിച്ചവർ രണ്ട് വർഷവും അതിൽ കൂടുതൽ കാലവും ജീവിക്കുന്നുണ്ട്, മറ്റ് രോഗങ്ങളൊന്നുമില്ലാത്ത പൂർണ്ണ ആരോഗ്യവാനായി തുള്ളിച്ചാടി നടന്ന പതിമൂന്നുകാരനായ കുട്ടി കരളിനുണ്ടായ തകരാർ മൂലം എങ്ങനെ മരണപ്പെട്ടുവെന്നാണ് നാട്ടുകാരുടെ സംശയം.

മുഹമ്മദ് സവാദിന്റെ മരണത്തിൽ സംശയം നിലനിൽക്കുന്നതായി ഹൊസ്ദുർഗ് പോലീസും വെളിപ്പെടുത്തി. അന്തിമ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ സവാദിന്റെ മരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വെളിവാകുമെന്ന് പോലീസ് പറഞ്ഞു. മൃതദേഹം തോട്ടം ജമാഅത്ത് ഖബർ സ്ഥാനിൽ അടക്കം ചെയ്തു.

LatestDaily

Read Previous

മുസ്്ലീം ലീഗ് ജീല്ലാ പ്രവർത്തക സമിതിയംഗം പി.എ.റഹ്മാൻ പാർട്ടി വിട്ടു സിപിഎമ്മുമായി സഹകരിക്കും

Read Next

നീലേശ്വരത്ത് നില മെച്ചപ്പെടുത്തുമെന്ന് എൽഡിഎഫ്