സ്റ്റാഫ് ലേഖകൻ
ബേക്കൽ: അമ്പലത്തറ ഗുരുപുരത്ത് പ്രവാസിയുടെ വാടക വീട്ടിൽ പിടികൂടിയ 6.96 കോടി രൂപയുടെ കള്ളനോട്ട് സൂക്ഷിച്ചിരുന്ന വീട്ടിൽ നിന്ന് പുറത്തേക്ക് കടത്താൻ ബേക്കൽ പൂഴി സംഘത്തിന് ക്വട്ടേഷൻ കിട്ടി.
കള്ളനോട്ടുകൾ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യം പതുക്കെ പുറത്തായതിനെ തുടർന്നാണ് കള്ളനോട്ട് ഇടപാടിന്റെ സൂത്രധാരൻ സുള്ള്യ സുലൈമാൻ നോട്ടുകെട്ടുകൾ മൊത്തം പള്ളിക്കരയിലെ മറ്റൊരു രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റാൻ പൂഴി സംഘത്തിന് ക്വട്ടേഷൻ നൽകിയത്.
6.96 കോടിയുടെ നോട്ടുകൾ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റാൻ 25 ലക്ഷം രൂപയാണ് സുലൈമാൻ പൂഴി സംഘത്തിന് ഉറപ്പു നൽകിയത്. നോട്ടുകൾ സൂക്ഷിച്ച വീടും മറ്റും പൂഴി സംഘം സ്ഥലത്തെത്തി നിരീക്ഷിച്ചു പോയിരുന്നു. ഇതോടെ പൂഴി സംഘത്തിൽ നിന്നാണ് കള്ളനോട്ടുകളെക്കുറിച്ചുള്ള വിവരം ചോർന്ന് പോലീസിലെത്തിയത്.