കള്ളനോട്ട് ഒളിപ്പിച്ചത് പ്രവാസിയുടെ വാടക വീട്ടിൽ

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: പോലീസ് പിടികൂടിയ 8.6 കോടിയുടെ രണ്ടായിരം രൂപ കള്ളനോട്ടുകൾ മൊത്തമായി സൂക്ഷിക്കാൻ കള്ളനോട്ട് വ്യാപാരത്തിന്റെ സൂത്രധാരൻമാരായ സുള്ള്യ സുലൈമാനും 65, പാണത്തൂർ അബ്ദുൾ റസാഖും വാടകയ്ക്ക് വാങ്ങിയത് പ്രവാസി ഗുരുപുരത്തെ  ബാബുരാജിന്റെ ഒറ്റനില കോൺക്രീറ്റ് വീട്. കാഞ്ഞങ്ങാട്- പാണത്തൂർ സംസ്ഥാന പാതയിൽ ഗുരുപുരം പെട്രോൾ ബങ്കിന് തൊട്ട് മുകളിൽ പണിതീർത്ത വാടക വീട്ടിൽ 9 മാസമായി അബ്ദുൾ റസാഖും രണ്ട് ഭാര്യമാരും രണ്ട് കുട്ടികളും ഒരുമിച്ചാണ് താമസം.

അബ്ദുൾ റസാക്കിന്റെ ആദ്യഭാര്യ പെരിയ കല്ല്യോട്ട് സ്വദേശിനി സുബൈദയാണ്. രണ്ടാം ഭാര്യ തിരുവനന്തപുരം സ്വദേശി ഷർമ്മിളയാണ്. ഷർമ്മിളയിലും റസാഖിന് കുട്ടികളുണ്ട്. സുബൈദയിലുള്ള മൂത്ത മകൾ പതിനെട്ടു പൂർത്തിയായ പെൺകുട്ടിയാണ്. ഈ പെൺകുട്ടി വരനെ കണ്ടെത്തിയിട്ടുണ്ട്.

ഷർമ്മിളയുടെയും സുബൈദയുടെയും അബ്ദുൾ റസാഖിന്റെയും സെൽഫോണുകൾ സ്വിച്ചോഫിലാണ്. കള്ളനോട്ട് സൂത്രധാരൻ സുള്ള്യ സുലൈമാന്റെ സെൽഫോണും ഓഫിൽ തന്നെയാണ്. സുബൈദയുടെ രണ്ടാമത്തെ മകൾ അമ്പലത്തറ ഹൈസ്കൂളിൽ  ഒമ്പതാംതരത്തിൽ പഠിക്കുന്നു. കഴിഞ്ഞ 3 ദിവസമായി ഈ വിദ്യാർത്ഥി നി സ്കൂളിലെത്തിയിട്ടില്ലാത്തതിനാൽ റസാഖും കുടുംബവും ഗുരുപുരത്ത് നിന്ന് മുങ്ങിയത് മൂന്നുനാൾ മുമ്പാണെന്ന് ഉറപ്പാണ്.

പാണത്തൂരിലെ മുഹമ്മദ്കുഞ്ഞിയുടെ മകനാണ് അമ്പത്തിരണ്ടുകാരനായ അബ്ദുൾ റസാഖ്. പ്രതികളെ തേടിയുള്ള പോലീസ് അന്വേഷണം കർണ്ണാടകയിലേക്ക് വ്യാപിപ്പിച്ചു. സുലൈമാൻ മിക്കവാറും കർണ്ണാടകയിൽ ഒളിച്ചു പാർക്കാനാണ് സാധ്യത. പാണത്തൂർ സ്വദേശിയായതിനാൽ അബ്ദുൾ റസാഖും കർണ്ണാടകയിലേക്ക് രക്ഷപ്പെട്ടതായി കരുതുന്നു. അബ്ദുൾ റസാഖ്  മുൻ പ്രവാസിയാണ്.

LatestDaily

Read Previous

കള്ളനോട്ട് എൻഐഏ ഏറ്റെടുക്കും

Read Next

ഗുരുപുരത്ത് പിടിച്ചെടുത്തത് 6.90 കോടിയുടെ വ്യാജനോട്ടുകൾ