പ്രശ്നക്കാർ അനധികൃത ഓട്ടോ ഡ്രൈവർമാരെന്ന് സംയുക്ത കോഡിനേഷൻ കമ്മിറ്റി, അനധികൃത ഓട്ടം തടയും

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: നോർത്ത്  കോട്ടച്ചേരി മലനാട് ബാറിന് മുന്നിലെ പാർക്കിംഗ് സംബന്ധിച്ച് തൊഴിലാളികൾ തമ്മിൽ സംഘർഷമെന്ന പ്രചാരണത്തിൽ വാസ്തവമില്ലെന്ന് ഓട്ടോ സംയുക്ത കോഡിനേഷൻ കമ്മിറ്റി നേതാക്കൾ വ്യക്തമാക്കി. നഗരസഭയുടെ പാർക്കിംഗ് നമ്പറില്ലാത്ത ഓട്ടോകൾ സ്ഥലത്ത് നിർത്തിയിടുന്നത് തടഞ്ഞതിനെ ചിലർ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന് സംയുക്ത കോ ഓഡിനേഷൻ കമ്മിറ്റിയുടെ നിലപാട്.

പാർക്കിംഗ് തർക്കത്തിനിടെ ബിഎംഎസ് പ്രവർത്തകനെ സിഐടിയു പ്രവർത്തകർ മർദ്ദിച്ചുവെന്ന ആരോപണവും കോഡിനേഷൻ കമ്മിറ്റി നിഷേധിച്ചു. മലനാട് ബാറിന് മുന്നിൽ ഓട്ടോ നിർത്തിയിടുന്ന  കല്ലൂരാവിയിലെ കെ. ജഗദീശനെ സിഐടിയു പ്രവർത്തകനായ ദിലീപ് മർദ്ദിച്ചുവെന്നായിരുന്നു ഓട്ടോ തൊഴിലാളികൾ ഇന്നലെ ലേറ്റസ്റ്റിൽ നേരിട്ടെത്തി അറിയിച്ചത്.

അതേസമയം ദിലീപിനെ മർദ്ദിച്ചത് ജഗദീശനാണെന്നും ഇദ്ദേഹം ബിഎംഎസ് അനുഭാവിയല്ലെന്നുമാണ് ബിഎംഎസ് നേതാവ് ഓട്ടോറിക്ഷ സംയുക്ത കോഡിനേഷൻ കമ്മിറ്റി പ്രസിഡണ്ടുമായ കുഞ്ഞിരാമൻ കാട്ടുകുളങ്ങരയുടെ നിലപാട്. ദിലീപിനെ കൈയ്യേറ്റം ചെയ്ത ജഗദീശൻ പോലീസ്സിൽ കൊടുത്ത  പരാതി വ്യാജമായിരുന്നുവെന്നും സംഭവ സമയത്തെ നിരീക്ഷണ ക്യാമറാദൃശ്യങ്ങൾ ആർക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും കുഞ്ഞിരാമൻ കാട്ടുകുളങ്ങരയും കോഡിനേഷൻ കമ്മിറ്റി കൺവീനറും സിഐടിയു നേതാവുമായ സി.എച്ച് കുഞ്ഞമ്പുവും ലേറ്റസ്റ്റിൽ അറിയിച്ചു.

നഗരസഭ നമ്പർ അനുവദിക്കാത്ത നിരവധി ഓട്ടോകൾ കാഞ്ഞങ്ങാട് ടൗണിലുണ്ടെന്നും, ഇവർ തോന്നുന്നിടത്തെല്ലാം ഓട്ടോ നിർത്തിയിടുന്നതാണ് പ്രശ്നത്തിന് കാരണമെന്നുമാണ് സംയുക്ത ഓട്ടോ കോഡിനേഷൻ കമ്മിറ്റിയുടെ നിലപാട്. മലനാട് ബാറിന് മുന്നിൽ നിർത്തിയിടുന്ന പാർക്കിംഗ് നമ്പറില്ലാത്ത ഓട്ടോകൾ ഓടിക്കുന്നവർക്ക് തൊഴിലാളി സംഘടനകളുമായി ബന്ധമൊന്നുമില്ലെന്ന് സംയുക്ത ഓട്ടോ കോഡിനേഷൻ കമ്മിറ്റി അറിയിച്ചു.

LatestDaily

Read Previous

കൊവ്വൽപ്പള്ളിയിൽ രണ്ടേക്കർ വയൽ മണ്ണിട്ട് നികത്തി, ഡി.വൈ. എഫ്.ഐ കൊടികുത്തി

Read Next

പ്രചാരണത്തിന് ദിവസം ലഭിച്ചത് വിനയാകുമെന്ന ആശങ്കയിൽ  മുന്നണികൾ