പാറപ്പള്ളി ബ്ലേഡ് റാക്കറ്റിൽ മൂന്നംഗ സംഘം, നദീറിന്റെ വീട്ടിലെത്തി പോലീസ് തെളിവ് ശേഖരിച്ചു

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: യുവ മത്സ്യ വ്യാപാരി അമ്പലത്തറ പാറപ്പള്ളിയിലെ നദീർ 32, കെട്ടിത്തൂങ്ങി ജീവിതമവസാനിപ്പിച്ച കേസ്സിൽ ബേക്കൽ പോലീസ് അന്വേഷണത്തിന് ചൂടുപിടിച്ചു. പള്ളിക്കര പൂച്ചക്കാട്ടുള്ള ഭാര്യ മുനീറയും 26, കുടക് സ്വദേശിനിയായ മുനീറയുടെ മാതാവും താമസിച്ചുവരുന്ന വീട്ടുമുറിയിലാണ് 2024 മാർച്ച് 8-—ന് രാത്രിയിൽ നദീർ തൂങ്ങിമരിച്ചത്.

അമ്പലത്തറ പാറപ്പള്ളി കാട്ടിപ്പാറയിലെ കുതിരുമ്മൽ ബദറുദ്ദീൻ — മറിയ.കെ.പി ദമ്പതികളുടെ മകനാണ് പ്രവാസിയായ നദീർ. മത്സ്യ വ്യാപാരത്തിന് വേണ്ടി നദീർ അമ്പലത്തറയിലെ ബഡുവൻ കുഞ്ഞിയുടെ മകൻ നിഷാദിൽ നിന്ന് മൂന്ന് ലക്ഷം രൂപ ബ്ലേഡ് പലിശയ്ക്ക് കടം വാങ്ങിയിരുന്നു. ഈ പണം എല്ലാ മാസവും മുറ തെറ്റാതെ 30,000 (മുപ്പതിനായിരം) രൂപ വീതം നദീർ നിഷാദിന് തിരിച്ചടച്ചിരുന്നു.

മൂന്ന് ലക്ഷം രൂപ നദീർ പലിശയ്ക്ക് വാങ്ങുമ്പോൾ നിഷാദിന്റെ ആവശ്യ പ്രകാരം സ്വന്തം പിതാവ് ബദറുദ്ദീന്റെ പേരിലുണ്ടായിരുന്ന 5 സെന്റ് പറമ്പും വീടും ഈടായി നിഷാദ് വാങ്ങിയിരുന്നു. ഈ പറമ്പിന്റെ അസ്സൽ ആധാരം നാലു വർഷം പിന്നിട്ടിട്ടും, നിഷാദ് നദീറിന് തിരിച്ചു കൊടുക്കാതെ പിടിച്ചു വെച്ചിരിക്കുകയാണ്.

പ്രതിമാസം 30,000 രൂപ വീതം 12 മാസത്തേക്ക് 3,60,000 രൂപ നദീർ നിഷാദിന് തിരിച്ചു കൊടുത്തിട്ടും നദീർ ആത്മഹത്യ ചെയ്തതിന്റെ തലേന്നാൾ പോലും മുതൽ 3 ലക്ഷം രൂപ ഇനിയും അടച്ചിട്ടില്ലെന്നാവശ്യപ്പെട്ട് നിഷാദ് നദീറിനെ ഭീഷണിപ്പെടുത്തിയതായി നദീറിന്റെ മാതാവ് കെ.പി. മറിയ ബേക്കൽ  ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നു. കാഞ്ഞങ്ങാട് പുതിയകോട്ടയിൽ വെള്ളിക്കോത്ത് രമേശൻ നടത്തിവരുന്ന എമിറേറ്റ്സ് പണമിടപാട് സ്ഥാപനത്തിന്റെ ഇടത്തട്ടുകാരനാണ് പാറപ്പള്ളി നിഷാദ്.

നിഷാദും, വെള്ളിക്കോത്ത് രമേശനും ഒരുമിച്ച് ചേർന്ന് നദീറിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം മരിച്ച നദീറിന്റെ സെൽഫോണിൽ നിന്ന് പോലീസ് പുറത്തെടുത്തിട്ടുണ്ട്. നിഷാദിന് പുറമെ പാറപ്പള്ളിയിൽ സുന്ദരി എന്നറിയപ്പെടുന്ന യുവാവ് സുജിത്തിൽ നിന്ന് നദീർ വ്യാപാരാവശ്യത്തിനായി ഒരു ലക്ഷം രൂപ പലിശയ്ക്ക് കടം വാങ്ങിയിരുന്നു. ഈ തുകയ്ക്ക് എല്ലാ മാസവും 7000 രൂപ വീതം പലിശ മുടങ്ങാതെ നദീർ സുജിത്തിന് നൽകി വരുന്നുണ്ട്. 

സുജിത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് പലിശപ്പണം നദീർ അയച്ചുകൊടുത്തിട്ടുള്ളതെങ്കിലും, ചില മാസങ്ങളിൽ ഈ പലിശ കൊടുക്കാൻ മുടങ്ങിപ്പോയാൽ സുന്ദരി വീട്ടിലെത്തി നദീറിനെ ഭീഷണിപ്പെടുത്തിയതായും നദീറിന്റെ മാതാവിന്റെ പരാതിയിൽ പറയുന്നു. മകൻ നദീർ ആത്മഹത്യ ചെയ്യാനുള്ള മുഖ്യ കാരണം ബ്ലേഡ് പലിശക്കാരുടെ നേരിട്ടും ഫോണിലൂടെയുമുള്ള ഭീഷണി മാത്രമാ ണെന്നും കെ.പി. മറിയയുടെ പരാതിയിൽ പറയുന്നുണ്ട്.

LatestDaily

Read Previous

കാസർകോട്ടുകാർ മണ്ടന്മാരല്ല: രാജ് മോഹന്‍ ഉണ്ണിത്താന്‍

Read Next

ഉണ്ണിത്താൻ ഉറപ്പു നൽകിയ  മംഗളൂരു രാമേശ്വരം ട്രെയിൻ എവിടെ— ?