ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
തൃക്കരിപ്പൂർ: ജിം പരിശീലകയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കുകയും നിർബ്ബന്ധിത ഗർഭഛിദ്രത്തിന് വിധേയയാക്കുകയും ചെയ്ത കേസ്സിൽ ചാനൽ താരത്തിനെതിരെ കോടതിയിൽ കുറ്റപത്രമെത്തി. ടെലിവിഷൻ താരവും മോഡലുമായ പെരുമ്പാവൂരിലെ ഷിയാസ് കരീമിനെതിരെ 34, ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ജിം പരിശീലക നൽകിയ പരാതിയിൽ ചന്തേര പോലീസ് റജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസ്സിലാണ് കുറ്റപത്രം.
ഷിയാസ് കരീമിന്റെ എറണാകുളത്തെ ജിംനേഷ്യത്തിൽ പരിശീലകയായ 34കാരിയെ എറണാകുളം മൂന്നാർ എന്നിവിടങ്ങളിലെ ഹോട്ടലുകളിലെത്തിച്ച് ബലാത്സംഗത്തിനിരയാക്കി ഗർഭിണിയാക്കുകയും തുടർന്ന് നിർബ്ബന്ധിത ഗർഭഛിദ്രത്തിന് വിധേയയാക്കി ഉപേക്ഷിക്കുകയുമായിരുന്നു. 2021 ഏപ്രിൽ മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിലാണ് പീഡനം.
ജിം പരിശീലകയെ വിവാഹം ചെയ്യുമെന്ന് മോഹിപ്പിച്ചാണ് ഷിയാസ് ലൈംഗികാവശ്യങ്ങൾക്കുപയോഗിച്ചത്. ചാനൽ താരം മറ്റൊരു വിവാഹത്തിന് ശ്രമിച്ചതോടെയാണ് ജിം പരിശീലക ചന്തേര പോലീസിൽ പരാതി കൊടുത്തത്. ചന്തേര പോലീസ് ഇൻസ്പെക്ടർ ജി.പി. മനുരാജിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ഷിയാസിനെതിരെ ശക്തമായ തെളിവുകൾ ലഭിച്ചിരുന്നു.
ജിംനേഷ്യത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് ചാനൽ താരം യുവതിയിൽ നിന്നും 11 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും പരാതിയിലുണ്ട്. ചെറുവത്തൂരിലെ ബാർ ഹോട്ടലിൽ മുറിയെടുത്ത ഷിയാസ് കരീം യുവതിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ചിരുന്നുവെന്ന പരാതിയിൽ അന്വേഷണം നടത്തിയ ചന്തേര പോലീസ്സിന് ഇദ്ദേഹം ചെറുവത്തൂരിലെ ഹോട്ടലിലെത്തിയതിന്റെ നിരീക്ഷണ ക്യാമറാദൃശ്യങ്ങളും ലഭിച്ചിരുന്നു. വിദേശത്തായിരുന്ന ഷിയാസ് കരീമിനെതിരെ പോലീസ് ലുക്കൗട്ട് പുറപ്പെടുവിച്ചിരുന്നതിനാൽ വിദേശത്തു നിന്നും തിരിച്ചുവന്നയുടൻ ചെന്നൈ വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗം പിടികൂടി ചന്തേര പോലീസിന് കൈമാറുകയായിരുന്നു.
മോഹൻലാൽ അവതാരകനായ ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ഷിയാസ് കരീം സുപരിചിതനായത്. റിയാലിറ്റി ഷോയ്ക്ക് ശേഷം ടെലിവിഷൻ ചാനൽ പരിപാടിയിലും പങ്കെടുത്തു വരികയായിരുന്നു. ഷിയാസ് കരീമിനെതിരെയുള്ള കേസ്സിൽ ഹൊസ്ദുർഗ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്വേഷണോദ്യോഗസ്ഥനായ ചന്തേര പോലീസ് ഇൻസ്പെക്ടർ ജി.പി. മനുരാജാണ്.