ആത്മഹത്യ ചെയ്ത നദീറിന്റെ ആധാരം ബ്ലേഡുടമ പിടിച്ചുവെച്ചു

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: പള്ളിക്കര പൂച്ചക്കാട്ടെ വാടകവീട്ടിൽ കെട്ടിത്തൂങ്ങി മരിച്ച മത്സ്യ വ്യാപാരി, അമ്പലത്തറ പാറപ്പള്ളിയിലെ കുതിരുമ്മൽ നദീറിന്റെ 32, ആകെയുള്ള അഞ്ച് സെന്റ് ഭൂമിയുടെ ആധാരം നദീറിന് ബ്ലേഡ് പലിശയ്ക്ക് പണം കടം നൽകിയ കാഞ്ഞങ്ങാട്ടെ എമിറേറ്റ്സ് ധനകാര്യ സ്ഥാപനമുടമ വെള്ളിക്കോത്ത് രമേശൻ പിടിച്ചുവെച്ചതായി നദീറിന്റെ മാതുലൻ മുസ്തഫ അറിയിച്ചു.

2024 മാർച്ച് 9- നാണ് കാഞ്ഞങ്ങാട്ടെ കോട്ടച്ചേരി മത്സ്യ മാർക്കറ്റിൽ നിന്ന് മത്സ്യമെടുത്ത് പള്ളിക്കര പൂച്ചക്കാട്ട് വിൽപ്പന നടത്തി വരാറുള്ള നദീർ രമേശന്റെ കടുത്ത ഭീഷണിയെത്തുടർന്ന് ജീവിതമവസാനിപ്പിച്ചത്. രമേശനും പാറപ്പള്ളിയിൽ പരക്കെ പണം പലിശയ്ക്ക് നൽകുന്ന രമേശന്റെ അനുയായി യുവാവും നദീറിനെ നിരന്തരം ബ്ലേഡിന്  നൽകിയ പണത്തിന് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് നദീറിന്റെ ബന്ധുക്കൾ ആരോപിച്ചു.

ജില്ലാശുപത്രിയിൽ ശനിയാഴ്ച പോസ്റ്റുമോർട്ടം ചെയ്ത നദീറിന്റെ മൃതദേഹം അമ്പലത്തറ ജുമാമസ്ജിദിൻ ശനിയാഴ്ച  ഉച്ചയ്ക്ക് ശേഷം കബറടക്കി. മത്സ്യവ്യാപാരം നടത്താൻ രമേശന്റെ ബ്ലേഡ് കമ്പനിയിൽ നിന്ന് മൂന്ന് ലക്ഷം രൂപ നദീർ മൂന്നു വർഷം മുമ്പ് കടം വാങ്ങിയിരുന്നു. പ്രതിമാസം 3000 രൂപ വീതം കഴിഞ്ഞ  3 വർഷക്കാലമായി നദീർ രമേശന്റെ ധനകാര്യ സ്ഥാപനത്തിൽ തിരിച്ചടച്ചുവെങ്കിലും, ഇപ്പോഴും മുതൽ കിട്ടിയിട്ടില്ലെന്നാരോപിച്ച് രമേശൻ നദീറിനെ നേരിട്ടും, പൂച്ചക്കാട്ടെ വാടക വീട്ടിലെത്തിയും ഫോണിലും നിരന്തരം ഭീഷണിപ്പെടുത്തിയതായി നദീറിന്റെ മാതുലൻ മുസ്തഫ പാറപ്പള്ളി പറഞ്ഞു.

നദീറിന്റെ സെൽഫോൺ ബേക്കൽ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.നദീറിന്റെ പേരിൽ ആകെയുണ്ടായിരുന്ന അഞ്ച് സെന്റ് ഭൂമിയുടെ ആധാരം പണയപ്പെടുത്തിയാണ് മീൻ വ്യാപാരത്തിന് നദീർ രമേശനിൽ നിന്ന് 3 ലക്ഷം രൂപ പലിശയ്ക്ക് വാങ്ങിയത്. കഴിഞ്ഞ മൂന്ന് വർഷമായി പ്രതിമാസം മൂവായിരം രൂപ വീതം നദീർ രമേശന്റെ അമ്പലത്തറ പാറപ്പള്ളിയിലുള്ള ഇടത്തട്ടുകാരൻ വഴി ധനകാര്യ സ്ഥാപനത്തിന് തിരിച്ചടച്ചുവരുന്നുണ്ടെങ്കിലും, പലിശ മാത്രമേ തന്നിട്ടുള്ളൂവെന്നും, മുതൽ 3 ലക്ഷം ഇനിയും തരാനുണ്ടെന്ന് പറഞ്ഞ് രമേശൻ ഭീഷണിപ്പെടുത്തിയതിനാലാണ് ഗത്യന്തരമില്ലാതെ നദീർ ജീവിതമവസാനിപ്പിച്ചത്.

പൂച്ചക്കാട്ടെ വ്യവസായ പ്രമുഖൻ സോളാർ കുഞ്ഞാമത് ഹാജിയുടെ പഴയ വീട്ടിലാണ് നദീറും ഭാര്യയും 5 മാസം മാത്രം പ്രായമുള്ള കുട്ടിയും ഭാര്യാമാതാവും താമസം. ഭാര്യാമാതാവ് സോളാർ കുഞ്ഞാമദ് ഹാജിയുടെ വീട്ടു ജോലിക്കാരിയായതിനാലാണ് സോളാർ കുഞ്ഞാമദ് ഹാജി മുമ്പ്് താമസിച്ചിരുന്ന പഴയവീട് ഈ കുടുംബത്തിന് താമസിക്കാൻ നൽകിയത്.

നദീർ ആത്മഹത്യ ചെയ്ത മാർച്ച് 9– ന് തലേന്നും നദീറിന്റെ സെൽഫോണിൽ രമേശൻ വിളിച്ച് സ്വന്തം പേര് പറഞ്ഞുകൊണ്ട് നദീറിനെ ഭീഷണിപ്പെടുത്തിയതിനുള്ള തെളിവ് പോലീസിന്റെ കൈയ്യിലുണ്ട്. നദീറിന്റെ ആത്മഹത്യാക്കേസ്സിൽ പ്രേരണാക്കുറ്റത്തിന് രമേശനെ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് നദീറിന്റെ   മാതുലൻ മുസ്തഫ ബേക്കൽ ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. 

LatestDaily

Read Previous

ബ്ലേഡുടമയുടെ ഭീഷണിക്ക് ഡിജിറ്റൽ തെളിവ്

Read Next

ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിലെ പ്രാർത്ഥനാ സാമഗ്രികൾ നീക്കാൻ സൂപ്രണ്ടിന്റെ ഇടപെടൽ