ചിത്രം തെളിഞ്ഞു: കാസർകോട്ട് പോരാട്ടം കൊഴുക്കും

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: എം. വി ബാലകൃഷ്ണന് പിന്നാലെ സിറ്റിംഗ് എം.പി. രാജ് മോഹൻ ഉണ്ണിത്താന്റെ സ്ഥാനാർത്ഥിത്വം ഉറപ്പാവുകയും ബി.ജെ.പി സ്ഥാനാർത്ഥിയായി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തംഗം എം.എൽ അശ്വനിയെ കൂടി പ്രഖ്യാപിച്ചതോടെ കാസർകോട് മണ്ഡലത്തിൽ ചിത്രം തെളിഞ്ഞു. എം.വി ബാലകൃഷ്ണനും രാജ്മോഹൻ ഉണ്ണിത്താനും വോട്ടഭ്യർത്ഥിച്ച് ചുമരെഴുത്തുകൾ വ്യാപകമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിൽ ഉണ്ണിത്താന് വേണ്ടിയുള്ള ചുമരെഴുത്തുകളാണ് കൂടുതൽ കാണുന്നത് എന്നാൽ ഹൊസ്ദുർഗ്, ഉദുമ, തൃക്കരിപ്പൂർ മണ്ഡലങ്ങളിലും കണ്ണൂർ ജില്ലയിൽപ്പെടുന്ന കാസർകോടിന്റെ അസംബ്ലി മണ്ഡലങ്ങളിലും എം.വി. ബാലകൃഷ്ണന് വേണ്ടിയുള്ള ചുമരെഴുത്തുകളാണ് കൂടുതലായി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

ചിത്രം തെളിഞ്ഞതോടെ പോരാട്ടം  കൊഴുപ്പിക്കാനുള്ള നീക്കങ്ങൾക്ക് വേഗത കൈവന്ന് കൊണ്ടിരിക്കുന്നു.        ബാലകൃഷ്ണൻ പ്രധാന വ്യക്തികളെയും മത സംഘടനാ നേതാക്കളെയും വിവിധ സംഘടന പ്രതിനിധികളെയും നേരിൽക്കണ്ട് വോട്ടഭ്യർത്ഥിച്ചുതുടങ്ങി മാലിക് ദീനാർ പളളിയിലെത്തി ബാലകൃഷ്ണൻ വോട്ടു ചോദിച്ചു. എം.വി. ബാലകൃഷ്ണൻ സി.പി.എം സംസ്ഥാന സമിതിയംഗവും ജില്ലാ സെക്രട്ടറിയും എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ പ്രഥമ സംസ്ഥാന സെക്രട്ടറിയുമാണ് കേരള ഖാദി ബോർഡ് വൈസ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

ഉണ്ണിത്താൻ എം.പി 2015-—16  ൽ ഒരു വർഷക്കാലം സംസ്ഥാന ചലച്ചിത്ര വികസന  കോർപ്പറേഷൻ ചെയർമാനായിരുന്നു.  2015 ൽ കെ.പി.സി ജനറൽ സെക്രട്ടറിയായും  പ്രവർത്തിച്ചിട്ടുണ്ട്. ബി.ജെ.പി സ്ഥാനാർത്ഥി എം.എൽ അശ്വനി മഹിളാ മോർച്ച ദേശീയ സമിതിയംഗമായും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവർത്തിച്ച് വരുന്നതിനിടയിലാണ് ലോക്സഭ  സ്ഥാനാർത്ഥിയായി അശ്വനിയെ പാർട്ടി നിയമിച്ചത്.

LatestDaily

Read Previous

ബിജെപി സംസ്ഥാന നേതാവിന്റെ വീട്ടിൽക്കയറി ദുരൂഹത സൃഷ്ടിച്ച യുവാവ് കസ്റ്റഡിയിൽ

Read Next

ഗഫൂർഹാജി പ്രതിഷേധ മാർച്ച്: 50 ആൾക്കാരുടെ പേരിൽ കേസ്സ്