ജില്ലാശുപത്രി

ജില്ലാ ആശുപത്രിയുടെ പ്രവർത്തനം പൂർവ്വ സ്ഥിതിയിലാക്കാനുള്ള തീരുമാനം സാധാരണക്കാരും പട്ടിണിപ്പാവങ്ങളുമായ രോഗികൾക്ക് ആശ്വാസം പകരുന്ന നടപടിയാണ്. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലാശുപത്രിയെ മാറ്റിവെച്ച നടപടി രോഗികൾക്കുണ്ടാക്കിയ ബുദ്ധിമുട്ടുകൾ വിവരണാതീതമായതിനാൽ പ്രത്യേകിച്ചും.

പൊതുജനാരോഗ്യ മേഖലയിൽ പാവങ്ങളുടെ അത്താണിയായ ജില്ലാ ആശുപത്രിയിലെ സേവനങ്ങൾ ഇനിയും മെച്ചപ്പെടേണ്ടിയിരിക്കുന്നു. ജില്ലാശുപത്രി നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ശുദ്ധ ജലക്ഷാമം തന്നെയാണ്. വേനൽ ആരംഭിക്കും മുമ്പ് തന്നെ ജലക്ഷാമം രൂക്ഷമാകാറുള്ള ജില്ലാശുപത്രിയിൽ ജല ദൗർലഭ്യത്തെത്തുടർന്ന് ഓപ്പറേഷൻ തീയേറ്ററുകൾ വരെ അടച്ചിടേണ്ടിവന്നിട്ടുണ്ട്.

സംസ്ഥാനത്തുടനീളം ആരോഗ്യമേഖലയിൽ കാതലായ മാറ്റങ്ങളുണ്ടായിട്ടുണ്ടെങ്കിലും അതിന്റെ ഗുണഫലങ്ങൾ തോയമ്മലിലെ ജില്ലാശുപത്രിക്ക് ലഭിച്ചിട്ടില്ല എന്നതിൽ യാതൊരു സംശയവുമില്ല. വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ജില്ലയായതിനാൽ കാസർകോട് ജില്ല പലപ്പോഴും വികസന പദ്ധതികളുടെ പടിക്ക് പുറത്ത് യാചിച്ച് നില്ക്കേണ്ട ഗതികേടിലാണ്.

അത്യാഹിത ഘട്ടങ്ങളിൽ രോഗികളുടെ ജീവൻ രക്ഷിക്കാനുള്ള ട്രോമാകെയർ സംവിധാനങ്ങൾ പോലും ജില്ലാശുപത്രിയിൽ ഇല്ലെന്നത് വളരെ ദയനീയമായ സ്ഥിതി വിശേഷമാണ്. ജില്ലാ ആശുപത്രിയിൽ ട്രോമാകെയർ യൂണിറ്റുണ്ടെങ്കിലും വാഹനാപകടങ്ങളിൽ ഗുരുതര പരിക്കേറ്റവരുടെ ജീവൻ രക്ഷിക്കണമെങ്കിൽ അയൽ സംസ്ഥാനമായ കർണാടകയിലെത്തേണ്ട ഗതികേടിലാണ്.

ജില്ലാ ആശുപത്രിയിൽ നിർമ്മാണം പൂർത്തിയായ കാത്ത് ലാബിന്റെ പ്രവർത്തനവും ഇതുവരെ തുടങ്ങാൻ കഴിഞ്ഞിട്ടില്ല. ഹൃദ്രോഗ ചികിത്സയ്ക്ക് സഹായകമാകുന്ന കാത്ത് ലാബിന്റെ പ്രവർത്തനം അടിയന്തിരമായി ആരംഭിക്കാൻ ആരോഗ്യ വകുപ്പ് തയ്യാറാകണം. ഭൗതിക സൗകര്യങ്ങൾ ധാരാളമുള്ള ജില്ലാ ആശുപത്രിയെ ഒരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റാനുള്ള സംവിധാനങ്ങൾ സംസ്ഥാന സർക്കാർ കൈക്കൊള്ളണം.

ജില്ലാ ആശുപത്രിയുടെ വികസന കാര്യങ്ങളിൽ ജില്ലാ പഞ്ചായത്ത് കാര്യമായി ഇടപെട്ടിട്ടില്ലെന്നത് യാഥാർത്ഥ്യമാണ്. ജില്ലയിലെ ജനപ്രതിനിധികളും ജില്ലാ ആശുപത്രിയുടെ വളർച്ചയ്ക്ക് എത്രമാത്രം സംഭാവന നൽകിയിട്ടുണ്ടെന്നുള്ളത് ആത്മ പരിശോധന നടത്തേണ്ടിയിരിക്കുന്നു. അപകട മരണങ്ങളും, ആത്മഹത്യകളും നടക്കുമ്പോൾ മൃതശരീരങ്ങൾ പോസ്റ്റ്മോർട്ടം നടത്താൻ ഒരു പോലീസ് സർജ്ജനെപ്പോലും ജില്ലാശുപത്രിയിൽ നിയമിച്ചിട്ടില്ല. ഇതിനാൽ മരിച്ചവരുടെ ബന്ധുക്കൾക്ക് പലപ്പോഴും പരിയാരം മെഡിക്കൽ കോളേജിൽ പോകേണ്ട ഗതികേടിലാണ്.

പ്രവർത്തനമാരംഭിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും പരാധീനതകളാൽ മുട്ടിലിഴയുന്ന ജില്ലാശുപത്രിയുടെ നിലവിലെ സ്ഥിതി മാറണമെങ്കിൽ സർക്കാർ തന്നെ കനിയണം. സ്വകാര്യാശുപത്രികൾ സാധാരണക്കാരന്റെ മടിശീല കവർന്നെടുക്കുന്ന സ്ഥാപനങ്ങളായതിനാൽ അവരുടെ ഏക ആശ്രയമായ ജില്ലാശുപത്രിയുടെ ബാലാരിഷ്ടതകൾ മാറ്റുക തന്നെ വേണം. ജില്ലാശുപത്രിയെ മികച്ച സേവനങ്ങൾ ലഭിക്കുന്ന ആതുര ശുശ്രൂഷാ സ്ഥാപനമാക്കി മാറ്റിയെടുക്കാൻ ജനപ്രതിനിധികൾ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് പ്രത്യാശിക്കാം.

LatestDaily

Read Previous

പടന്ന പിടിക്കാൻ ഇടതു വലതു മുന്നണികൾ പോരാട്ടം കടുപ്പിച്ചു

Read Next

സർക്കാർ മെഡിക്കൽ പാനൽ റിപ്പോർട്ട് പുറത്തുവന്നു ശബ്നയുടെ കുടൽ മുറിഞ്ഞത് സിസേറിയൻ പിഴവുമൂലം