ഓൺലൈൻ കലോത്സവത്തിൽ താരമായി മാളവിക

കാഞ്ഞങ്ങാട് : ഓൺലൈൻ കലോത്സവങ്ങളിൽ തുടർച്ചയായി സമ്മാനം നേടി താരമായിരിക്കുകയാണ് മേലാങ്കോട് ഏ.സി. കണ്ണൻനായർ സ്മാരക സ്കൂളിലെ ഏഴാം തരം വിദ്യാർത്ഥിനി മാളവിക വിജയൻ. കാസർകോട് ജില്ലയിലെ അഞ്ചോളം സംഘടനകൾ നടത്തിയ ഓൺലൈൻ കലോത്സവങ്ങളിൽ ശാസ്ത്രീയ നൃത്തത്തിലും, നാടോടി നൃത്തത്തിലും മത്സരിച്ച് നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുള്ള മാളവിക വിജയൻ മേലാങ്കോട്ടെ പ്രവാസി വിജയന്റെയും, ജ്യോതികയുടെയും മകളാണ്.

കലാകാരന്മാരുടെ സംഘടനയായ നന്മ നടത്തിയ ഓൺലൈൻ കലോത്സവത്തിൽ ഒന്നാം സ്ഥാനത്തിനർഹയായ മാളവിക കാഞ്ഞങ്ങാട് സന്ധ്യ ആർട്സ് നടത്തിയ സംസ്ഥാനതല ഓൺലൈൻ നൃത്ത കലോത്സവത്തിൽ പങ്കെടുത്ത് വിധി കർത്താക്കളുടെ പ്രത്യേക പ്രശംസ നേടിയിട്ടുണ്ട്. തത്വമസി കാരളി നടത്തിയ ഓൺലൈൻ നൃത്ത മത്സരത്തിൽ നാടോടിനൃത്തത്തിൽ ഒന്നാം സ്ഥാനം, മടിക്കൈ പ്രവാസി സംഘടന നടത്തിയ ഓൺലൈൻ മത്സരത്തിൽ നാടോടി നൃത്തം, സെമി ക്ലാസിക്കൽ ഡാൻസ് എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം എന്നിവ നേടിയിട്ടുണ്ട്. മുനിസിപ്പൽ തല ഓൺലൈൻ മത്സരത്തിലും വിജയിയാണ് ഈ കലാകാരി.

കഴിഞ്ഞ ജില്ലാ സ്കൂൾ കലോത്സവത്തിൽ നാടോടി നൃത്തത്തിലും, മോഹിനിയാട്ടത്തിലും മികച്ച ഗ്രേഡ് നേടിയ മാളവിക ലോക്ക് ഡൗണിൽ വീട്ടിനുള്ളിൽ അടച്ചിടപ്പെട്ടതിനെത്തുടർന്നാണ് ഓൺലൈൻ മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങിയത്.  മാളവികയുടെ സഹോദരൻ രാഹുൽ വിജയൻ കാഞ്ഞങ്ങാട്ട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നൃത്തത്തിൽ മത്സരിച്ചിരുന്നു. ശാസ്ത്രീയ നൃത്തത്തിൽ കലാമണ്ഡലം വനജയും, നാടോടി നൃത്തത്തിൽ ശ്രീരേഷ് രത്്നാകരനുമാണ് മാളവിക വിജയന്റെ ഗുരുക്കന്മാർ.

LatestDaily

Read Previous

പതിനെട്ടുകാരി ഭാര്യയും മക്കളുമുള്ള 45കാരനൊപ്പം വീടു വിട്ടു

Read Next

പടന്ന പിടിക്കാൻ ഇടതു വലതു മുന്നണികൾ പോരാട്ടം കടുപ്പിച്ചു